Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലെഫ്റ്റനന്റ് കേണൽ കോടതി വിധിക്കെതിരെ പ്രതികരിച്ചാൽ കോർട്ട് മാർഷൽ ചെയ്യേണ്ടെ? സഞ്ജയ് ദത്തിനുവേണ്ടി വാദിച്ച മോഹൻലാലിനെതിരെ ഇന്ത്യൻ ആർമിയുടെ അന്വേഷണം

ലെഫ്റ്റനന്റ് കേണൽ കോടതി വിധിക്കെതിരെ പ്രതികരിച്ചാൽ കോർട്ട് മാർഷൽ ചെയ്യേണ്ടെ? സഞ്ജയ് ദത്തിനുവേണ്ടി വാദിച്ച മോഹൻലാലിനെതിരെ ഇന്ത്യൻ ആർമിയുടെ അന്വേഷണം

ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവിയിലുള്ള ഒരാൾ സുപ്രീം കോടതി വിധിക്കെതിരെ പ്രതികരിക്കുന്നത് ശരിയാണോ? മലയാളത്തിന്റെ മഹാനടൻ മോഹൻ ലാലിനെതിരെ ഇന്ത്യൻ ആർമിയുടെ അന്വേഷണം ആരംഭിച്ചതിന്റെ പൊരുൾ ഇതാണ്. ആയുധങ്ങൾ കൈവശം വച്ചതിന് ജയിലിലായ ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ശിക്ഷാ വിധി ശരിവച്ച സുപ്രീം കോടതി വിധിയോടുള്ള മോഹൻ ലാലിന്റെ പ്രതികരണമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് ഗവർണർ പദവിയുള്ള ഒരാൾ സുപ്രീം കോടതിയുടെ വിധിക്കെതിരെ പരാമർശം നടത്തുന്നത് ശരിയല്ലെന്നും മോഹൻലാലിനെ കോർട്ട്മാർഷൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി ഫൗണ്ടേഷനാണ് രാഷ്ട്രപതിക്ക് പരാതി നൽകിയത്. ഫൗണ്ടേഷന്റെ ചെയർമാൻ എബി കെ.ജോസാണ് പരാതി നൽകിയിരിക്കുന്നത്.

ഫേസ്‌ബുക്കിലൂടെയാണ് മോഹൻ ലാൽ സഞ്ജയ് ദത്തിന് അനുകൂലമായി പ്രതികരിച്ചത്. ഇരുപതുവർഷത്തോഷമായി തനിക്കറിയാവുന്ന സഞ്ജയ് ദത്ത് നല്ല വ്യക്തിത്വത്തിനുടമയാണെന്നും തനിക്കെതിരായ നിയമനടപടികളിൽനിന്ന് ദത്ത് ദാക്ഷിണ്യം അർഹിക്കുന്നുവെന്നുമാണ് മോഹൻ ലാൽ അഭിപ്രായപ്പെട്ടത്. ദത്തിന് മാപ്പു നൽകി അദ്ദേഹത്തെ മോചിപ്പിക്കണമെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. മറ്റ് ഒട്ടേറെ സിനിമാ താരങ്ങളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ, ലെഫ്റ്റനന്റ് ഗവർണർ പദവിയിലുള്ള ഒരാൾ ഇതു ചെയ്യുന്നത് ശരിയല്ലെന്നാണ് പരാതിക്കാരുടെ വാദം. തീവ്രവാദ വിരുദ്ധ കേസുകൾ കൈകാര്യം ചെയ്യുന്ന ടാഡ കോടതിയാണ് സഞ്ജയ് ദത്തിനെ അഞ്ചുവർഷത്തേയ്ക്ക് ശിക്ഷിച്ചത്. 9 എംഎം പിസ്റ്റളും എകെ 56 റൈഫിളും കൈവശം വച്ചതിനാണ് കോടതി ദത്തിനെ ശിക്ഷിച്ചത്. ടാഡ കോടതി വിധി സുപ്രീം കോടതിയും ശരിവച്ചതോടെ, ദത്തിന് ശിക്ഷാ കാലാവധി മുഴുവൻ ജയിലിൽ കഴിയേണ്ടിവരുമെന്നുറപ്പായി.

ഇതിനെതിരെയായിരുന്നു മോഹൻ ലാലിന്റെ ഫേസ്‌ബുക്ക് പരാമർശം. എന്നാൽ, സൈനിക പദവിയുള്ള ഒരാൾ ഇതു ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും മോഹൻ ലാലിനെ കോർട്ട്മാർഷൽ ചെയ്യണമെന്നും മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ പരാതിയിൽപ്പറയുന്നു. പരാതി പരിഗണിച്ചുകൊണ്ടാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇന്ത്യൻ സേനയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ടെറിട്ടോറിയൽ ആർമിയിൽ ഓണററി റാങ്ക് ലഭിക്കുന്നവർക്ക് രാജ്യത്തെ യുവാക്കൾക്ക് മാതൃകയായി പ്രവർത്തിക്കാനുള്ള ബാധ്യതയുണ്ടെന്ന് പരാതിക്കാരനായ എബി ജെ.ജോസ് പറയുന്നു. ലെഫ്റ്റനന്റ് കേണൽ എന്ന നിലയ്ക്ക് രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ മോഹൻ ലാലിന് ബാധ്യതയുണ്ട്. കോടതി വിധിയോട് എതിർപ്പുണ്ടായിരുന്നെങ്കിൽ, അതിനെ നിയമപ്രകാരം ഡിവിഷൻ ബെഞ്ചിലൂടെ ചോദ്യം ചെയ്യുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ കോടതി വിധിയെ ചോദ്യം ചെയ്ത നടപടി തികച്ചും നിയമവിരുദ്ധമാണ്. സഞ്ജയ് ദത്ത് ഉൾപ്പെട്ട കേസ്സിന്റെ സ്വഭാവം കൂടി പരിഗണിക്കുമ്പോൾ ഇത് തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലപാടായി മാറിയെന്നും എബി പറയുന്നു.

ഇതാദ്യമായല്ല തന്റെ സൈനിക പദവി മോഹൻ ലാൽ ദുരുപയോഗം ചെയ്യുന്നതെന്നും എബി അഭിപ്രായപ്പെട്ടു. ഒരു പ്രമുഖ ജൂവലറിയുടെ പരസ്യത്തിൽ മിലിട്ടറി യൂണിഫോമിൽ ലാൽ പ്രത്യക്ഷപ്പെട്ടതും വിമർശനം വിളിച്ചുവരുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിനുപേർ പിന്തുടരുന്ന വ്യക്തിയാണ് മോഹൽ ലാൽ. അദ്ദേഹം നിരുത്തരവാദപരമായി പെരുമാറുന്നത് നീതീകരിക്കാനാവില്ലെന്ന് എബി പറയുന്നു.

എന്നാൽ, ഈ പരാതി മോഹൻലാലിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണെന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നു. അടുത്തിടെ പത്മഭൂഷണിന് മോഹൻ ലാലിനെ ശുപാർശ ചെയ്ത സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെയും ഒരു സംഘടന രംഗത്തുവന്നിരുന്നു. അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ചതിന് കേസ് നിലനിൽക്കെ, മോഹൻ ലാലിന് പത്മഭൂഷൺ നൽകരുതെന്ന് പാലക്കാട്ടെ ഒരു സന്നദ്ധ സംഘടനയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയത്. കോർട്ട് മാർഷൽ ചെയ്യണമെന്ന പരാതിയിൽ അന്വേഷണം ആരംഭിക്കുക കൂടി ചെയ്തത് വിവാദത്തിന് കൂടുതൽ എരിവ് പകർന്നിട്ടുണ്ട്.

മോഹൻ ലാലിന്റെ പരാമർശങ്ങൾ വിവാദമാകുന്നത് ഇതാദ്യമല്ല. വൈകിട്ടെന്താ പരിപാടിയെന്ന ചോദ്യവുമായി മോഹൻ ലാൽ മദ്യത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേരളത്തിന്റെ അമിത മദ്യപാനാസക്തിയെക്കുറിച്ച് ബിബിസിയടക്കമുള്ള ആഗോള മാദ്ധ്യമങ്ങൾ നൽകിയ വാർത്തയിൽപ്പോലും ഈ പരസ്യം പരാമർശിക്കപ്പെട്ടിരുന്നു.

മലബാർ ഗോൾഡിന്റെയും മണപ്പുറം സ്വർണ വായ്പയുടെയും പരസ്യത്തിൽ മോഹൻ ലാൽ പ്രത്യക്ഷപ്പെട്ടതിനെതിരെയും വിമർശകർ രംഗത്തുവന്നിരുന്നു. ആനക്കൊമ്പ് കൈവശം വച്ചതിന് പരാതിയുയർന്നതോടെ, മോഹൻ ലാലിന്റെ വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധനയും നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP