Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയുർവേദം ഉൾപ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളിൽ ഗവേഷണത്തിന് കൂടുതൽ സൗകര്യമൊരുക്കണം; ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവരണം; കനകക്കുന്നിൽ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന് തുടക്കം കുറിച്ച് ഗവർണർ

ആയുർവേദം ഉൾപ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളിൽ ഗവേഷണത്തിന് കൂടുതൽ സൗകര്യമൊരുക്കണം; ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവരണം; കനകക്കുന്നിൽ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന് തുടക്കം കുറിച്ച് ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആയുർവേദം ഉൾപ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളിൽ ഗവേഷണത്തിന് കൂടുതൽ സൗകര്യമൊരുക്കണമെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. കനകക്കുന്നിൽ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവരണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഈ രംഗത്ത് ഗവേഷണങ്ങൾ സ്പോൺസർ ചെയ്യുന്നതിനെക്കുറിച്ച് ആയുഷ് കോൺക്ലേവ് ആലോചിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ആരംഭിക്കാനിരിക്കുന്ന ഇന്റർനാഷണൽ ആയുർവേദ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയുർവേദ ഗവേഷണത്തിനുള്ള മികച്ച കേന്ദ്രമാകുമെന്നും ഗവർണർ പറഞ്ഞു.

പാരമ്പര്യ ചികിത്സ, പ്രകൃതി സൗന്ദര്യം, ഓരോ പ്രദേശങ്ങളിലെ സാംസ്‌കാരികത്തനിമ എന്നിവ എങ്ങനെ സംയോജിപ്പിച്ച് ആഗോളതലത്തിൽ വിപണനം ചെയ്യാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആയുർവേദ ടൂറിസത്തിലെ കേരള മോഡലെന്നും ഗവർണർ പറഞ്ഞു.
കോൺക്ലേവിൽ നിന്നും ലഭിക്കുന്ന അറിവുകൾ പ്രാവർത്തികമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആയുഷ് വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീപദ് യെശോ നായക്കിന്റെ സന്ദേശം ചടങ്ങിൽ കേന്ദ്ര ആയുഷ് വകുപ്പ് ജോയിന്റ് സെക്രട്ടറി പി.എൻ. രഞ്ജിത് കുമാർ വായിച്ചു. ദേശീയ ആയുഷ് മിഷനിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കേന്ദ്രമന്ത്രി സന്ദേശത്തിൽ പറഞ്ഞു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം.കെ.സി. നായർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ഐഎസ്എം ഡയറക്ടർ ഡോ. അനിത ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

അന്താരാഷ്ട്ര കോൺക്ലേവിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗുഡ് ഫുഡ് കോൺക്ലേവ് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.നല്ല ആരോഗ്യത്തിന് പരമ്പരാഗത ഭക്ഷണരീതി മലയാളികൾ തിരികെപിടിക്കണമെന്ന് മന്ത്രി പറഞ്ഞു. ആധുനിക കേരളത്തിൽ ജീവിത ശൈലീ രോഗങ്ങൾ വർദ്ധിക്കാൻ കാരണം അശാസ്ത്രീയമായ ഭക്ഷണരീതിയാണ്. പുതുതലമുറ പൂർണമായും നാടൻ ഭക്ഷണ രീതി ഉപേക്ഷിച്ചതോടെ ഇവർക്കിടയിലും ജീവിതശൈലീ രോഗങ്ങൾ വർദ്ധിച്ചു. ഓരോ നാടിനും അനുയോജ്യമായ ശാസ്ത്രീയ ഭക്ഷണ രീതികൾ പുതുതലമുറ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ആയുർവേദ കോളേജ് റിട്ട. പ്രൊഫ. ഡോ. കെ. ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പ്രത്യേക ചർച്ചയും നടന്നു.

കോൺക്ലേവിന്റെ ഭാഗമായി നടന്ന ബിസിനസ് കോൺക്ലേവിൽ ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാമേഖലയിലെ ഔഷധനയത്തെക്കുറിച്ച് ചർച്ചകൾ നടന്നു. എഎസ്യു ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഡോ. റ്റി.ഡി. ശ്രീകുമാർ, ഔഷധി ചെയർമാൻ ഡോ. കെ.ആർ. വിശ്വംഭരൻ, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ആയുർവേദ ഉപദേഷ്ടാവ് ഡോ. ആർ. രഘു, വൈദ്യരത്നം ഔഷധശാല എം.ഡി ഡോ. ഇ.റ്റി നീലകണ്ഠൻ മൂസ്, കേരള ആയുർവേദ കോ ഓർപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഡോ. എം.എം. സനൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം, കാൻസർ ബാധ തുടക്കത്തിലെ കണ്ടെത്തി റഫർ ചെയ്യുന്നതിലാണ് എല്ലാ വിഭാഗത്തിലുള്ള ഡോക്ടർമാരുടെയും പ്രധാന കടമയെന്ന് പ്രശസ്ത കാൻസർരോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. നേരത്തെ തിരിച്ചറിയുന്ന രോഗം സുഖപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൻസർ രോഗപ്രതിരോധത്തിൽ അലോപ്പതി വിഭാഗത്തിന് മാത്രമല്ല എല്ലാ ചികിത്സാ സമ്പ്രദായങ്ങൾക്കും തുല്യമായ പങ്കുണ്ട്. രോഗപ്രതിരോധം, രോഗം തുടക്കത്തിലെ തിരിച്ചറിയൽ എന്നിവയിൽ ആയുഷ് വിഭാഗ ഡോക്ടർമാർക്ക് നല്ല പങ്ക് വഹിക്കാനാകും. രോഗി സുഖം പ്രാപിക്കണമെന്നതാകണം എല്ലാ ഡോക്ടർമാരുടെയും ലക്ഷ്യം. അതിന് എല്ലാ വിഭാഗത്തിലുള്ള ഡോക്ടർമാരും അവരവരുടെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ കാൻസർ രോഗത്തെ നേരിടാനാകുമെന്നും ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP