Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐഎൻടിയുസിയുടെ ഫ്‌ളെക്‌സിൽ ആരും തൊടേണ്ട! ഫ്‌ളെക്‌സ് നിരോധനവും ചന്ദ്രശേഖരന് പടിച്ചിട്ടില്ല; വ്യക്തിയുടെ അഭിപ്രായമോ ഈഗോയോ അല്ല സർക്കാർ നടപ്പാക്കേണ്ടതെന്ന് ചന്ദ്രശേഖരൻ; ലക്ഷ്യം സുധീരൻ തന്നെ

ഐഎൻടിയുസിയുടെ ഫ്‌ളെക്‌സിൽ ആരും തൊടേണ്ട! ഫ്‌ളെക്‌സ് നിരോധനവും ചന്ദ്രശേഖരന് പടിച്ചിട്ടില്ല; വ്യക്തിയുടെ അഭിപ്രായമോ ഈഗോയോ അല്ല സർക്കാർ നടപ്പാക്കേണ്ടതെന്ന് ചന്ദ്രശേഖരൻ; ലക്ഷ്യം സുധീരൻ തന്നെ

കൊല്ലം: കെപിസിസിയും ഐ.എൻ.ടി.യു.സിയും രണ്ടു വഴിക്കാണ് കുറച്ചു കാലമായി യാത്ര. വി എം. സുധീരന്റെ അഭിപ്രായങ്ങൾ മാത്രമേ എല്ലാവരും കേൾക്കുന്നുള്ളൂ എന്നതാണ് ഐ.എൻ.ടി.യു.സി. പ്രസിഡന്റ് ചന്ദ്രശേഖരന്റെ പരാതി. ബാർ പൂട്ടൽ വിഷയത്തിൽ സുധീരനെതിരെ പരാതിയുമായി കോൺഗ്രസ് ഹൈക്കമണ്ടിനേയും കണ്ടു. അതിലെ തീരുമാനത്തിനായി കാത്തിരിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ ഫ്‌ളെക്‌സ് നിരോധനമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.

പരിസ്ഥതിയെ രക്ഷിക്കാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് രംഗത്തിറങ്ങി. തന്റെ പടമുള്ള ഫ്‌ളെക്‌സ് തന്നെ നീക്കി മാതൃകയാകാനും മുഖ്യമന്ത്രി ശ്രമിച്ചു. പക്ഷേ ഈ തീരുമാനവും സർക്കാരെടുത്തതാണെന്ന അഭിപ്രായം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റിനില്ല. സുധീരന്റെ മനസ്സറിഞ്ഞ് സർക്കാരെടുത്ത തീരുമാനമായി മാത്രമേ ഫ്‌ളെക്‌സ് നിരോധനത്തെ കാണുന്നുള്ളൂ. തൊഴിലാളി പ്രസ്ഥാനത്തിന് ഫ്‌ളെക്‌സ് ബോർഡുകൾ ഒഴിവാക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ ഫ്‌ളകെ്‌സ് നിരോധനത്തെ അനുകൂലിക്കാനാകില്ലെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കുന്നു.

ഐ.എൻ.ടി.യു.സി.യുടെ ഫ്‌ളെക്‌സിൽ ആരു കൈവച്ചാലും പണികിട്ടുമെന്നാണ് ചന്ദ്രശേഖരൻ പറയുന്നത്. കെപിസിസി. പ്രസിഡന്റിന് വേണ്ടി മാത്രമുള്ള ഭരണമാണ് നടക്കുന്നതെന്ന പരോക്ഷ കുറ്റപ്പെടുത്തൽ ഇവിടേയും ഉണ്ട്. ഒരാൾക്ക് വേണ്ടി മാത്രം ഭരണം നടത്തരുത്. ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ കൂട്ടായ ചർച്ച വേണം. ഫ്‌ളെക്‌സ് വിഷയത്തിലും അതുണ്ടായില്ലെന്ന് വാർത്താ സമ്മേളനം നടത്തി ചന്ദ്രശേഖരൻ പറഞ്ഞു.

ഐഎൻടിയുസിയുടെ ഫ്‌ളെക്‌സിൽ തൊട്ടാൽ നേരിടും. എതെങ്കിലും വ്യക്തിയുടെ അഭിപ്രായമോ ഈഗോയോ അല്ല സർക്കാർ തീരുമാനമായി നടപ്പാക്കേണ്ടതെന്നും ആർ.ചന്ദ്രശേഖരൻ കൊല്ലത്ത് പറഞ്ഞു. തൊഴിലാളി പ്രശ്‌നങ്ങൾ സമൂഹത്തിലെത്തിക്കാൻ ഫ്‌ളെക്‌സ് ബോർഡുകൾ അനിവാര്യമാണെന്നാണ് ഐ.എൻ.ടി.യു.സിയുടെ നിലപാട്. അതുകൊണ്ട് തന്നെ ഫ്‌ളെക്‌സ് നിരോധനവും മദ്യനയം പോലെ തൊഴിലാളി വിരുദ്ധമാണെന്ന് അവർ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സർക്കാരിന്റെ നിരോധനത്തെ അംഗീകരിക്കില്ലെന്നാണ് ചന്ദ്രശേഖരന്റെ ഉറച്ച നിലപാട്.

നിരോധനം നടപ്പായാൽ ഫ്‌ളെക്‌സ് നിർമ്മാണ മേഖലയിലെ തൊഴിലാളികളെ ബാധിക്കും. ലക്ഷങ്ങൾ മുതൽ മുടക്കിയ വ്യവസായികളേയും കഷ്ടത്തിലാകും. അഞ്ചു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമാകും. ഇതൊന്നും ആലോചിക്കാതെയാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ കാട്ടി കത്തി നൽകും. ഫ്‌ളെക്‌സ് നിരോധനമല്ല. നിയന്ത്രണമാണ് വേണ്ടതെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ തൊഴിലാളികളെ അണിനിരത്തി സമരം ചെയ്യുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.

നേരത്തെ ഐ.എൻ.ടി.യു.സി മാസികയായ 'ഇന്ത്യൻ തൊഴിലാളി' യുടെ പ്രത്യേക പതിപ്പിലെ അഭിമുഖത്തിൽ ചന്ദ്രശേഖരൻ സർക്കാരിന്റെ മദ്യ നയത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൊണ്ടുമാത്രം മദ്യനിരോധനം നടപ്പാക്കാനാകില്ലെന്നും വർഷങ്ങളായി നിലനിൽക്കുന്ന ഒരു സാമൂഹിക സാമ്പത്തിക ഘടനയെ ഒറ്റയടിക്ക് ചിലരുടെ പിടിവാശി കൊണ്ട് മാറ്റിമറിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നു. ചന്ദ്രശേഖരൻ ചീഫ് എഡിറ്ററായ മാസികയിൽ 'മദ്യനിരോധനം സത്യവും മിഥ്യയും' എന്ന തലക്കെട്ടിൽ കവർ സ്റ്റോറിയായാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്.

'സ്വന്തം പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നത് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റിന്റെ പുതിയൊരു നയമല്ല. മുമ്പ് ലീഡർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ കഥ എല്ലാവർക്കും അറിയാം. അതുതന്നെ ഇപ്പോഴും ചെയ്തുവെന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട തൊഴിലാളി പ്രശ്‌നത്തെപ്പറ്റി ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരെ ക്ഷണിച്ചിട്ടില്ല. പാർട്ടി ഭരിക്കുമ്പോൾ ആ സർക്കാരിനെ നയിക്കുന്നവരെ സംഘർഷത്തിലാക്കാതെ സഹായിക്കേണ്ട ചുമതലയാണ് കെപിസിസി പ്രസിഡന്റിനുള്ളത്. നയങ്ങളെ തിരുത്തുന്നതും സംഘർഷത്തിലാക്കുന്നതും രണ്ടാണ്.' - സുധീരനെതിരെ രൂക്ഷ വിമർശനമാണ് ചന്ദ്രശേഖരൻ ഉന്നയിക്കുന്നത്..

മദ്യത്തിന്റെ എല്ലാ ദൂഷ്യഫലങ്ങളും കണക്കിലെടുത്തു കൊണ്ടുതന്നെ പറയട്ടെ, ഇതൊരു വലിയ വ്യവസായമാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി അനുബന്ധ വ്യവസായങ്ങൾ ഉണ്ട്. നിരോധിക്കുന്ന ബാറുകളിലെ തൊഴിലാളികൾക്ക് ആശ്വാസമായി 5000 രൂപ കൊടുക്കുന്നതു കൊണ്ട് എന്താണ് ഗുണം ? ഇവർക്ക് പകരം തൊഴിൽ ലഭിക്കണ്ടേ ? ബാറുകളുമായി ബന്ധപ്പെട്ട് സോഡ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ടാണല്ലോ ബാറുകൾ പ്രവർത്തിക്കുന്നത്. ബാർ നിറുത്തുന്നതോടെ ഹോട്ടൽ വ്യവസായവും തകർച്ചയിലേക്ക് നീങ്ങും. ഈരീതിയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിന് കണക്കില്ല. മൊത്തത്തിൽ ഹോട്ടൽ വ്യവസായം സാമ്പത്തിക ബുദ്ധിമുട്ടിൽപെടുക തന്നെ ചെയ്യും.

തൊഴിലുടമകൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് മൊത്തം സമൂഹത്തെ തന്നെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ധൃതിപിടിച്ച് ഇത്തരം നടപടിയിലേക്ക് നീങ്ങുകവഴി വ്യവസായികളും തൊഴിലാളികളും ഭരിക്കുന്ന സർക്കാരും വെട്ടിലായിരിക്കുകയാണ്. ഈ തീരുമാനം വികാരപരമാണെന്ന് തൊഴിൽ മന്ത്രിയും പറഞ്ഞിട്ടുണ്ട്. സർക്കാരിന് വൻ റവന്യൂ നഷ്ടമാണ് ഇതുമൂലം താങ്ങേണ്ടി വരിക. സർക്കാരിന്റെ വാർഷിക റവന്യൂവിൽ 22 ശതമാനം ലഭിക്കുന്നത് മദ്യത്തിനുമേൽ ചുമത്തിയ എക്‌സൈസ് ഡ്യൂട്ടി വഴിയാണ്. ഒരുവർഷം 8000 മുതൽ 9000 കോടിരൂപാ വരെ നഷ്ടം നേരിടേണ്ടിവരും. ഇത്തരമൊരു തീരുമാനം വേണ്ടത്ര ചർച്ചകൾ നടത്താതെ എടുത്തതാണെന്ന് തന്നെയാണ് ചന്ദ്രശേഖരന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP