Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് മെഡിക്കൽ കോളേജിനായി എത്തിച്ച ആംബുലൻസ് അപ്രത്യക്ഷമായത് മണിക്കൂറുകൾക്കകം; ആരോഗ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ആംബുലൻസ് അറ്റകുറ്റപണികൾക്കെന്ന് പറഞ്ഞ് ഡീലർമാർ കൊണ്ടുപോയിട്ട് വിവരമൊന്നുമില്ല; ജോലിക്ക് വെച്ച ഡ്രൈവർക്ക് ജോലിയില്ലാതെ ശമ്പളം വാങ്ങേണ്ട അവസ്ഥ; കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് എം.ഡിക്ക് സംഭവത്തിൽ പങ്കുണ്ടെന്നും ആരോപണം

കോഴിക്കോട് മെഡിക്കൽ കോളേജിനായി എത്തിച്ച ആംബുലൻസ് അപ്രത്യക്ഷമായത് മണിക്കൂറുകൾക്കകം; ആരോഗ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ആംബുലൻസ് അറ്റകുറ്റപണികൾക്കെന്ന് പറഞ്ഞ് ഡീലർമാർ കൊണ്ടുപോയിട്ട് വിവരമൊന്നുമില്ല; ജോലിക്ക് വെച്ച ഡ്രൈവർക്ക് ജോലിയില്ലാതെ ശമ്പളം വാങ്ങേണ്ട അവസ്ഥ; കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് എം.ഡിക്ക് സംഭവത്തിൽ പങ്കുണ്ടെന്നും ആരോപണം

കെ വി നിരഞ്ജൻ

കോഴിക്കോട്: കുറച്ചു മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിയ ആംബുലൻസ് എവിടെപ്പോയെന്നുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരും രോഗികളും. ഫെബ്രുവരി മാസം 23 നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്യുഎസ്)യുടെ ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തത്. വൻ ആഘോഷമായിട്ടുള്ള പരിപാടിയായിരുന്നു അന്ന് നടന്നത്. എന്നാൽ ഈ വാഹനം ഒരു ദിവസം പോലും ഇവിടെ ഓടിയിട്ടില്ല. അതിനെപ്പറ്റി ഇപ്പോൾ ആരും ഒന്നും സംസാരിക്കുന്നുമില്ല. സൊസൈറ്റിക്ക് കീഴിലുള്ള കോഴിക്കോട്ടെ എ.സി.ആർ-സി.ടി സ്‌കാൻ ലാബിലേക്ക് അനുവദിച്ച വാഹനമാണിപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്.

ഉദ്ഘാടനം കഴിഞ്ഞ ഉടൻ തന്നെ രജിസ്ട്രേഷൻ പോലും കഴിയാത്ത ബൊലേറോ അറ്റകുറ്റപ്പണികൾ നടത്താനെന്നും പറഞ്ഞ് വാഹന ഡീലർമാർ തന്നെ കൊണ്ടുപോവുകയായിരുന്നു. മഹീന്ദ്രയുടെ ബൊലേറോ വാഹനമാണ് ആംബുലൻസായി രൂപാന്തരപ്പെടുത്തിയത്. സംഭവം നടന്ന് നാല് മാസത്തോളമായിട്ടും വാഹനം ഇതുവരെ ഇവിടെ തിരിച്ചെത്തിയിട്ടില്ല. വാഹനം ഇപ്പോൾ ഡീലർമാരുടെ കൈവശമാണോ അതോ മറ്റേതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുണ്ടോ എന്നറിയാത്ത സ്ഥിതിയാണുള്ളത്. ആംബുലൻസ് എത്തിയപ്പോൾ അതിന്റെ ഡ്രൈവറായി കെ.എച്ച്.ആർ.ഡബ്യു.എസ് കണ്ണൂർ റീജിയണൽ മാനേജറുടെ ഡ്രൈവറെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു.

ഇയാൾക്ക് ഓടിക്കാൻ ഇപ്പോൾ വാഹനമില്ല. എന്നാലും കെ.എച്ച്.ആർ.ഡബ്യു.എസ് കൃത്യമായി ശമ്പളം നൽകുന്നുണ്ട്. വാഹനം എവിടെയെന്ന് ഡ്രൈവർക്ക് പോലും അറിയാത്ത അവസ്ഥ. പണിയെടുക്കാതെ ശമ്പളം വാങ്ങേണ്ട സ്ഥിതിയിലാണ് ഈ ഡ്രൈവർ ഇപ്പോഴുള്ളത്. സംഭവത്തിൽ കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് എം.ഡി ജി. അശോക് ലാലിന് പങ്കുണ്ടെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്. ആംബുലൻസ് കോഴിക്കോട് കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് റീജിയണൽ ഓഫീസിൽ ഏൽപ്പിക്കാതെയാണ് ഉദ്ഘാടന ശേഷം തിരിച്ചു കൊണ്ടു പോയത്. അശോക് ലാൽ മുമ്പും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.

കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അശോക് ലാൽ നടത്തിയ പിൻവാതിൽ നിയമനം യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം കാരണം ഉപേക്ഷിക്കുകയായിരുന്നു. അശോക് ലാലിന്റെ നിയമനം തന്നെ വിവാദമായിരുന്നു. മുഖ്യമന്ത്രിയറിയാതെ ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരിട്ട് ഇയാളെ കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് എം.ഡിയായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ മൂന്ന് ദിവസം ബഹിഷ്‌ക്കരിച്ചിരുന്നു. 2016 ഓഗസ്റ്റ് പത്തിനാണ് ഒരു വർഷത്തെ ഡെപ്യുട്ടേഷനിൽ അശോക് ലാലിനെ നിയമിച്ചത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും തൽസ്ഥാനത്ത് തന്നെ തുടരുന്നത് വലിയ എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP