Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസ് : ബിഷപ്പ് ജേക്കബ് മനത്തോടത്തിനേയും ഫാ.പോൾ തേലക്കാട്ടിനേയും പ്രതി ചേർത്ത സംഭവം അധാർമ്മികമെന്ന് വൈദിക സമിതി; അതിരൂപതയുടെ സൽപ്പേരു തകർക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പരാതി നൽകിയിരിക്കുന്നതെന്നും സമിതി

കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസ് : ബിഷപ്പ് ജേക്കബ് മനത്തോടത്തിനേയും ഫാ.പോൾ തേലക്കാട്ടിനേയും പ്രതി ചേർത്ത സംഭവം അധാർമ്മികമെന്ന് വൈദിക സമിതി; അതിരൂപതയുടെ സൽപ്പേരു തകർക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പരാതി നൽകിയിരിക്കുന്നതെന്നും സമിതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ പുത്തൻ സംഭവവികാസങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസിൽ എറണാകുളം -അങ്കമാലി അതിരൂപത അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിനേയുംഫാ.പോൾ തേലക്കാട്ടിനേയും പ്രതി ചേർത്ത സംഭവം അധാർമ്മികമെന്ന് വൈദിക സമിതി. ബിഷപ്പിനേയും പോൾ തേലക്കാടിനേയും പ്രതി ചേർത്തത് അധാർമ്മികവും അക്രൈസ്തവും കാനോനിക നിയമങ്ങളുടെ ലംഘനവുമാണെന്ന് അടിയന്തിരമായി എറണാകുളത്ത് ചേർന്ന വൈദിക സമിതി വിലയിരുത്തി.

ബിഷപ്പിന്റെയും അതിരൂപതയുടെയും സത്പേരു തകർക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പരാതി നൽകിയിരിക്കുന്നതെന്നും സമിതി വ്യക്തമാക്കുന്നു. വ്യാജ രേഖകളുടെ ഉറവിടത്തെപ്പറ്റി ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും വൈദിക സമിതി ആവശ്യമുയർത്തി. പരാതിക്കാരനായ ഫാ.ജോബി മാപ്രകാവിൽ എം.എസ്.ടിയെ സിറോ മലബാർ സഭയുടെ ഇന്റർനെറ്റ് മിഷൻ ചുമതലയിൽ നിന്ന് നീക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു. മെത്രാനെതിരെ വൈദികൻ പരാതി നൽകിയത് കാനോൻ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് നീക്കം.

മാർപാപ്പയുടെ പ്രതിനിധിയായ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ജേക്കബ് മനത്തോടത്തിനെതിരെ അന്വേഷണം നടത്താനോ പരാതി നൽകാനോ സിനഡിന് പോലും അധികാരമില്ലെന്നിരിക്കേ വൈദികൻ അദ്ദേഹത്തെ പ്രതിയാക്കി കേസ് നൽകിയത് കാനോൻ നിയമത്തിന്റെ കടുത്ത ലംഘനമാണെന്ന് ഒരു വിഭാഗം വൈദികർ പറയുന്നു. ജോബി മാപ്രക്കാവിനെ പുറത്താക്കുകയോ എം.എസ്.ടി സഭ തിരിച്ചുവിളിക്കുകയോ ചെയ്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് സൂചനകൾ.

വ്യാജരേഖക്കേസ് ഒത്തുതീർക്കുകയോ പിൻവലിക്കുകയോ ചെയ്യേണ്ടെന്ന് ഇന്നലെ ചേർന്ന സഭയുടെ സ്ഥിരം സിനഡ് തീരുമാനിച്ചതായാണ് റിപ്പോർട്ട്. വിവാദ ഭൂമി ഇടപാടിന്റെ സമയത്ത് കർദ്ദിനാൾ ജോർജ് ആലഞ്ചേരി എറണാകുളത്തെ രണ്ട് ബിസിനസ് സ്ഥാപനത്തിലേക്ക് തന്റെ അക്കൗണ്ടിൽ നിന്നും പണം കൈമാറിയെന്ന കാണിക്കുന്ന ബാങ്ക് രേഖകൾ ഫാ.പോൾ തേലക്കാട്ടിനു ലഭിച്ചിരുന്നു.

ഈ രേഖകളുടെ ആധികാരികത അറിയില്ലെന്നും സത്യാവസ്ഥ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഫാ.തേലക്കാട് തന്റെ മേലധികാരിയായ ജേക്കബ് മനത്തോടത്തിന് രേഖകൾ കൈമാറുകയായിരുന്നു. ഇക്കാര്യം സിനഡിൽ ചർച്ച ചെയ്തതോടെയാണ് വ്യാജരേഖയെ കുറിച്ച് അന്വേഷിക്കാൻ സിനഡ് തീരുമാനിച്ചത്.

വ്യാജരേഖയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണത്തിനായി പരാതി നൽകാൻ സിനഡ് ഇന്റർനെറ്റ് മിഷൻ ഡയറക്ടർ ഫാ.ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതുപ്രകാരം പരാതി നൽകിയ ഫാ.ജോബി പിന്നീട് ബിഷപ്പ് ജേക്കബ് മനത്തോടത്തിനും ഫാ.പോൾ തേലക്കാടിനും എതിരെ മൊഴി നൽകുകയും ഇവരെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP