Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

പൂർവ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചെന്ന് ജേക്കബ് തോമസ്; ശ്രീരാമൻ നന്മയുടെയും ധാർമ്മികതയുടെയും പ്രതിരൂപം; ശ്രീരാമന് ജയ് വിളിക്കാൻ കഴിയാത്ത രീതിയിൽ നാം കാട്ടാളന്മാരായി മാറിയോ എന്നും രാമായണ ഫെസ്റ്റിൽ സസ്‌പെൻഷനിൽ കഴിയുന്ന സീനിയർ ഐപിഎസ് ഉദ്യോഗസ്ഥൻ

പൂർവ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചെന്ന് ജേക്കബ് തോമസ്; ശ്രീരാമൻ നന്മയുടെയും ധാർമ്മികതയുടെയും പ്രതിരൂപം; ശ്രീരാമന് ജയ് വിളിക്കാൻ കഴിയാത്ത രീതിയിൽ നാം കാട്ടാളന്മാരായി മാറിയോ എന്നും രാമായണ ഫെസ്റ്റിൽ സസ്‌പെൻഷനിൽ കഴിയുന്ന സീനിയർ ഐപിഎസ് ഉദ്യോഗസ്ഥൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ജയ് ശ്രീറാം വിളി പോർവിളിയായെന്ന പരാതിയുമായി 49 പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുന്നേ കൂടുതൽ ഉച്ചത്തിൽ ശ്രീരാമന് ജയ് വിളിക്കണം എന്ന പരാമർശവുമായി ഡോ. ജേക്കബ് തോമസ് ഐപിഎസ്. 'ജയ് ശ്രീറാം' വിളിക്കാൻ പറ്റാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും വാൽമീകി ജീവിച്ചിരുന്നെങ്കിൽ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു. തൃശ്ശൂരിൽ നടന്ന രാമായണ ഫെസ്റ്റ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർവാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ശ്രീരാമൻ നന്മയുടെയും ധാർമ്മികതയുടെയും പ്രതിരൂപമാണ്. ശ്രീരാമന് ഒരു ജയ് വിളിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കിൽ നമ്മളെല്ലാം കാട്ടാളന്മാരായിമാറിയോ? പൂർവ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു.''- ജേക്കബ് തോമസ് പറഞ്ഞു.

'ജയ് ശ്രീറാം' വിളി പോർവിളിയായെന്ന പരാതിയുമായി 49 പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിലുള്ള വിവാദം കത്തിനിൽക്കുമ്പോഴാണ് ജേക്കബ് തോമസിന്റെ ജയ് ശ്രീറാം പരാമർശം. 'ജയ് ശ്രീറാം' വിളി കൊലവിളിയായി മാറിയെന്നും 'ജയ് ശ്രീറാം' വിളിച്ചുകൊണ്ടുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നുവെന്നും ആരോപിച്ച് അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള 49 പ്രമുഖരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് കേന്ദ്രത്തിൽ നിന്ന് അവാർഡുകളൊന്നും കിട്ടാത്തതുകൊണ്ടാണ് അടൂർ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും 'ജയ് ശ്രീറാം' വിളി കേൾക്കേണ്ട എങ്കിൽ പേരുമാറ്റി അടൂർ ചന്ദ്രനിലേക്ക് പോകട്ടെ എന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

കേരള കേഡറിലുള്ള ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബർ മുതലാണ് ജേക്കബ് തോമസ് സസ്പെൻഷനിലായത്. സസ്‌പെൻഷനിലായ ഡിജിപി ജേക്കബ് തോമസിനെ ഉടൻ സർക്കാർ സർവീസിലേക്ക് തിരിച്ചെടുക്കണം എന്ന് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. സർവീസിലേക്ക് തിരിച്ചെടുക്കണമെന്ന ഉത്തരവ് ഉണ്ടെങ്കിലും ജേക്കബ് തോമസിന്റെ ആർഎസ്എസ് ബന്ധം ആരോപിച്ച് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ജേക്കബ് തോമസിനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിലുണ്ട്. ട്രിബ്യൂണൽ എറണാകുളം ബഞ്ചാണ് ഉത്തരവിട്ടത്.

കാരണം പറയാതെ സർവീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്. തുടർച്ചയായുള്ള സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. യോഗ്യതയ്ക്ക് തുല്യമായ പദവി നൽകണമെന്ന് ട്രിബ്യൂണൽ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വർഷത്തെ സർവീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാരിനെതിരെ സംസാരിച്ചതിനെ തുടർന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെൻഡ് ചെയ്തത്.

നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്ന് ട്രിബ്യൂണലിന്റെ ഉത്തരവിന് ശേഷം ജേക്കബ് തോമസ് പ്രതികരിച്ചു. സർക്കാർ വകുപ്പിലുള്ളവർ അഴിമതി തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്വയം വിരമിക്കലിനും ജേക്കബ് തോമസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇനി രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയാണ് ജേക്കബ് തോമസ് നൽകുന്നത്. ഡൽഹിയിൽ പോയി ചില ബിജെപി നേതാക്കളെ ജേക്കബ് തോമസ് കണ്ടിരുന്നു. അതുകൂടാതെ ആർഎസ്എസ് പരിപാടിയിലും ജേക്കബ് തോമസ് പങ്കെടുത്തിട്ടുണ്ട്. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ജേക്കബ് തോമസ് സ്വയം വിരമിക്കൽ അപേക്ഷ നൽകിയതെന്നാണ് സൂചന. അതിനിടെ, ഉത്തരവിൽ ഉടൻ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാരിന് കത്ത് നിൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP