Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജേക്കബ് തോമസിനെതിരായ അന്വേഷണത്തിന് നിയോഗിച്ചത് ക്രൈംബ്രാഞ്ച് എസ്‌പി അബ്ദുൾ റഷീദിനെ; സ്രാവുകൾക്കൊപ്പം നീന്തിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ വിടാതെ പിന്തുടർന്ന് പിണറായി സർക്കാർ; സസ്‌പെൻഷനിൽ ആശ്വാസം തേടി ഡിജിപി ഹൈക്കോടതിയിൽ; ജേക്കബ് തോമസിനെതിരായ പീഡനങ്ങൾ പുതിയ തലത്തിലേക്ക്  

ജേക്കബ് തോമസിനെതിരായ അന്വേഷണത്തിന് നിയോഗിച്ചത് ക്രൈംബ്രാഞ്ച് എസ്‌പി അബ്ദുൾ റഷീദിനെ; സ്രാവുകൾക്കൊപ്പം നീന്തിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ വിടാതെ പിന്തുടർന്ന് പിണറായി സർക്കാർ; സസ്‌പെൻഷനിൽ ആശ്വാസം തേടി ഡിജിപി ഹൈക്കോടതിയിൽ; ജേക്കബ് തോമസിനെതിരായ പീഡനങ്ങൾ പുതിയ തലത്തിലേക്ക്   

തിരുവനന്തപുരം: സസ്‌പെൻഷനിൽ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ആത്മകഥയായ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണു കേസ്. കേസെടുക്കുമെന്നത് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സത്യസന്ധനെന്ന് പേരെടുത്ത ഉദ്യോഗസ്ഥനെ പീഡിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ കേസും.

അതിനിടെ സസ്‌പെൻഷൻ ചോദ്യം ചെയ്തുള്ള ഹർജിയിലെ ആവശ്യങ്ങൾ പരിഗണിക്കാതിരുന്ന സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ (സിഎടി) ഉത്തരവിനെതിരെ വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചു. അഴിമതി വിരുദ്ധ പൊതുയോഗത്തിൽ ഓഖി ബാധിതർക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമർശത്തിന്റെയും മറ്റും പേരിലായിരുന്നു 2017 ഡിസംബറിൽ സസ്‌പെൻഡ് ചെയ്തത്. സർക്കാർ നയത്തെ വിമർശിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണു പരാമർശിച്ചതെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി.

ഇതിനിടെയാണ് സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ് ഇതെന്നാണ് വിലയിരുത്തൽ. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌പി അബ്ദുൾ റഷീദാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയില്ലെന്നു സർക്കാർ കണ്ടെത്തിയിരുന്നു. പുസ്തകത്തിൽ പൊലീസിന്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതായി എഫ്‌ഐആറിൽ ആരോപിച്ചിട്ടുണ്ട്. പൊതുഭരണ അഡീഷനൽ സെക്രട്ടറി എം.സി.വൽസല കുമാറിന്റെ പരാതിയിലാണു കേസ്. നേരത്തേ തുറമുഖ ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന കണ്ടെത്തലുമായി ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസ് എടുത്തിരുന്നു.

ഇതു സംബന്ധിച്ച പരാതി ആദ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതാണെങ്കിലും പിന്നീടും പരാതി അന്വേഷിച്ചു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒന്നര വർഷമായി ജേക്കബ് തോമസ് സസ്‌പെൻഷനിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു സ്വയം വിരമിക്കലിന് അദ്ദേഹം അപേക്ഷിച്ചെങ്കിലും അക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഇതിന് പിന്നാലെയാണ് ക്രിമിനൽ കേസും എടുക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ ജേക്കബ് തോമസിനെ പീഡിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ കേസും എന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് സസ്‌പെൻഷനെതിരെ ജേക്കബ് തോമസും ഹൈക്കോടതിയിൽ എത്തുന്നത്. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയും 'കാര്യവും കാരണവും' എന്ന പുസ്തകവും രചിച്ചതാണ് സസ്‌പെൻഷൻ നടപടിക്കിടയാക്കിയത്. അഖിലന്ത്യാ സർവീസ് ചട്ടത്തിലെ ഏഴാം വ്യവസ്ഥ ദുരുപയോഗിച്ച് അഭിപ്രായസ്വാതന്ത്ര്യം തടയാൻ ശ്രമിക്കുകയാണെന്നും സസ്‌പെൻഷനും അച്ചടക്ക നടപടിയും നിയമവിരുദ്ധമായി കണ്ടു റദ്ദാക്കണമെന്നും ജേക്കബ് തോമസ് ഹർജിയിൽ പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അധികൃതർക്കു നോട്ടിസ് പുറപ്പെടുവിച്ചു.

ഇതിനിടെ, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങുന്നതിൽ അഴിമതി നടത്തിയെന്ന് ആരോപിച്ചുള്ള കേസ് റദ്ദാക്കാൻ ജേക്കബ് തോമസ് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നു ജസ്റ്റിസ് പി.ഉബൈദ് പിന്മാറി. ആഗോള ടെൻഡർ വിളിച്ച് ഓരോ ഘട്ടത്തിലും അനുമതി വാങ്ങിയ ശേഷമാണു ഡ്രജർ വാങ്ങിയതെന്നു ഹർജിയിൽ പറയുന്നു. അങ്ങനെ ജേക്കബ് തോമസും നിയമ നടപടിയുടെ വഴിയിലേക്ക് നീങ്ങുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP