Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറപകടത്തിൽ പരിക്കേറ്റ ജഗതി ശ്രീകുമാറിനു നഷ്ടപരിഹാരമായി 5.9 കോടിരൂപയുടെ ചെക്ക് കൈമാറി; അതുല്യനടനു ലഭിച്ച തുക അപര്യാപ്തമോ? ചർച്ചകൾ സജീവം

കാറപകടത്തിൽ പരിക്കേറ്റ ജഗതി ശ്രീകുമാറിനു നഷ്ടപരിഹാരമായി 5.9 കോടിരൂപയുടെ ചെക്ക് കൈമാറി; അതുല്യനടനു ലഭിച്ച തുക അപര്യാപ്തമോ? ചർച്ചകൾ സജീവം

തിരുവനന്തപുരം: കാറപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാറിന് ഇൻഷുറൻസ് കമ്പനി അധികൃതർ നഷ്ടപരിഹാരത്തുകയുടെ ചെക്ക് കൈമാറി. 5.9 കോടി രൂപയുടെ ചെക്കാണ് ഇൻഷുറൻസ് കമ്പനി അധികൃതർ കൈമാറിയത്. എന്നാൽ, അർഹമായ നഷ്ടപരിഹാരം ജഗതി ശ്രീകുമാർ എന്ന അതുല്യ നടന് ലഭിച്ചോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.

ജഗതിയുടെ പേയാട്ടെ വസതിയിലെത്തിയാണ് കമ്പനി അധികൃതർ നഷ്ടപരിഹാരത്തുക കൈമാറിയത്. ലീഗൽ സർവീസ് അഥോറിറ്റിയും ഫ്യൂച്ചർ ജനറൽ ഇന്ത്യ ഇൻഷുറൻസ് കമ്പനി അധികൃതരും തമ്മിൽ നടത്തിയ ധാരണയെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനമായതും ചെക്കു കൈമാറിയതും.

ജഗതിക്കുവേണ്ടി ഭാര്യ നൽകിയ അപേക്ഷയിൽ ആദ്യം 10 കോടി രൂപയും പിന്നീട് 13 കോടിയുമാണ് ആവശ്യപ്പെട്ടിരുന്നത്. ഇൻഷുറൻസ് കമ്പനിയുടെ വാദം കൂടി കേട്ടശേഷമാണ് നഷ്ടപരിഹാരത്തുക 5.9 കോടിയായി നിശ്ചയിച്ചത്. ഒരാൾ പൂർണ ആരോഗ്യത്തോടെ ഇരിക്കുന്ന അവസ്ഥയിൽ ഈ സമയംകൊണ്ട് എത്രത്തോളം ആസ്തിയുണ്ടാക്കുമെന്നു കണക്കിലെടുത്താണ് ഇൻഷുറൻസ് തുകയുടെ മൂല്യം കണക്കാക്കുന്നത്. പകരം വയ്ക്കാനില്ലാത്ത നടനായ ജഗതി ശ്രീകുമാർ അഭിനയരംഗത്തു തുടർന്നിരുന്നുവെങ്കിൽ ഇതിലുമേറെ ആസ്തിയുടെ ഉടമയായേനെ. മാത്രമല്ല, മുമ്പുണ്ടായിരുന്നതുപോലെ സജീവമായി അഭിനയമേഖലയിലേക്കു കടന്നുവരാൻ എടുക്കുന്ന കാലതാമസവും ഇൻഷുറൻസ് തുകയുടെ മൂല്യം കണക്കാക്കുമ്പോൾ പരിഗണിക്കേണ്ടതുണ്ട്.

ഇക്കാര്യങ്ങളെല്ലാം നോക്കുമ്പോൾ നഷ്ടപരിഹാരമായി ലഭിച്ച തുക അസാമാന്യ പ്രതിഭയായ ജഗതി ശ്രീകുമാറിന്റെ കാര്യത്തിൽ അപര്യാപ്തമെന്നുള്ള വാദമാണ് ഉയരുന്നത്. ഇൻഷുറൻസ് കമ്പനി സിഇഒ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നഷ്ടപരിഹാരത്തുക നൽകാൻ ഇന്ന് ജഗതി ശ്രീകുമാറിന്റെ പേയാട്ടെ വസതിയിലെത്തിയത്. ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ, മക്കളായ രാജ്കുമാർ, പാർവതി, മരുമകൻ ഷോൺ ജോർജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.

ജഗതി ശ്രീകുമാർ പൂർണ ആരോഗ്യവാനായി അഭിനയത്തിലേക്ക് തിരിച്ചുവരണം എന്നുതന്നെയാണ് എല്ലാ മലയാളികളും ആഗ്രഹിക്കുന്നത്. ഹാസ്യനടൻ എന്ന ലേബൽ ആദ്യ കാലങ്ങളിൽ ജഗതിയുടെ മേൽ ചാർത്തപ്പെട്ടുവെങ്കിലും ഏതുവേഷത്തിലും പൂർണത കൈവരിക്കുന്ന അദ്ദേഹത്തോളം പ്രഗത്ഭനായ ഒരു താരം മലയാള സിനിമയിൽ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു എന്നതാണ് സത്യം. ജഗതി ശ്രീകുമാർ എന്ന നടൻ ഒഴിഞ്ഞുവച്ച കസേരയിൽ ഇരിക്കാൻ യോഗ്യതയുള്ള ഒരാളെ ഇതുവരെയും മലയാള സിനിമ കണ്ടെത്തിയിട്ടില്ല.

2012 മാർച്ച് പത്തിന് പുലർച്ചെ 4.45നാണ് ജഗതി ശ്രീകുമാർ വാഹനാപകടത്തിൽപ്പെട്ടത്. കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം പാണമ്പ്ര വളവിലാണ് അപകടമുണ്ടായത്. തിരുവമ്പാടി തമ്പാൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ലെനിൻ രാജേന്ദ്രന്റെ ചിത്രത്തിനായി കുടകിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ജഗതിയുടെ വയറും വാരിയെല്ലും ശ്വാസകോശവും നട്ടെല്ലും തുടയെല്ലും കൈകളും തകർന്നു. പെരുമ്പാവൂർ സ്വദേശിയായ ഡ്രൈവർ പി പി അനിൽകുമാറിനും ഗുരുതരപരിക്കേറ്റു.

ആംബുലൻസിൽ കയറ്റുന്നതുവരെ ജഗതിക്ക് ബോധമുണ്ടായിരുന്നു.ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിട്ടും അബോധാവസ്ഥയിൽനിന്നുണർന്നില്ല. തീവ്രപരിശ്രമത്തിനൊടുവിലാണ് ഡോക്ടർമാർ പ്രിയനടന്റെ ജീവൻ സുരക്ഷിതമാക്കിയത്. കൂടുതൽ പരിചരണത്തിനായി തമിഴ്‌നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. സന്ദർശകരെപ്പോലും അനുവദിക്കാതെ അധികൃതർ അദ്ദേഹത്തെ പരിചരിച്ചു. ഒടുവിൽ ചിരിതൂകിയ ജഗതിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ആരാധകർക്ക് ആശ്വാസമായത്. മാസങ്ങൾക്കുശേഷം വെല്ലൂരിൽനിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം പഴയ ചിരിയോടെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നിട്ടും ആരാധകർ കാത്തിരിക്കുകയാണ്, മലയാളസിനിമ വീണ്ടും ജഗതിമയമാകുന്ന ഒരു കാലത്തിനുവേണ്ടി.

പകരം വയ്ക്കാനില്ലാത്ത ഈ അഭിനയപ്രതിഭയോട് ഇൻഷുറൻസ് കമ്പനി അധികൃതർ പൂർണ നീതി കാട്ടിയോ എന്ന കാര്യത്തിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. അദാലത്തിലുണ്ടായ ധാരണപ്രകാരം വാഹനാപകടത്തിന്റെ നഷ്ടപരിഹാരമായി 5.9 കോടി രൂപ നൽകി ഇൻഷുറൻസ് കമ്പനി ജഗതിയുടെ കാര്യത്തിൽ കൈകഴുകുകയായിരുന്നോ എന്നതും ചർച്ചയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP