Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മകളും മകനും ചെന്നൈയിൽ; ഭർത്താവ് ദുബായിലും; നങ്ങ്യാർക്കുളങ്ങരയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സൂചന

മകളും മകനും ചെന്നൈയിൽ; ഭർത്താവ് ദുബായിലും; നങ്ങ്യാർക്കുളങ്ങരയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സൂചന

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര മണിമല ജങ്ഷന് സമീപം ഭാരതി വീട്ടിൽ സുരന്റെ ഭാര്യ ജലജ (51) യുടെ മരണം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. മോഷണത്തിനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തലയുടെ പിന്നിൽ മാരകമായ മുറിവേറ്റ് രക്തം വാർന്ന നിലയിൽ വീടിന്റെ സ്വീകരണമുറിയോട് ചേർന്നുള്ള ബെഡ്‌റൂമിൽ നിലത്താണ് മൃതദേഹം കാണപ്പെട്ടത്. മാലയും മൂന്ന് വളയും മോഷണം പോയിട്ടുണ്ട്. കമ്മൽ നഷ്ടപ്പെട്ടിട്ടില്ല. അലമാരയും ബാഗുകളും കുത്തിത്തുറന്ന നിലയിലായിരുന്നു. ജലജയുടെ ഭർത്താവ് സുരൻ വിദേശത്താണ്. മക്കളായ അമ്മുവും ആരോമലും ചെന്നൈയിൽ എൻജിനീയറിങ് ബിരുദധാരികളാണ്. ഇവരോടൊപ്പം കഴിഞ്ഞ ഒരു മാസമായി ജലജ ചെന്നൈയിലായിരുന്നു താമസം. അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ഒൻപതിനാണ് ജലജ വീട്ടിലെത്തിയത്.

ഇവിടെ ഒറ്റക്ക് താമസമായിരുന്ന ജലജ ബന്ധുവീട്ടുകളിലും മറ്റും പകൽ സമയം പോയിരുന്നു. മക്കളും ഭർത്താവുമായി ദിവസവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി വരെ വിദേശത്തുനിന്നും ഭർത്താവ് സുരൻ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിവരം അറിയാൻ കഴിയാത്തതുകാരണം ചെന്നൈയിലുള്ള മകനുമായി ബന്ധപ്പെട്ടു. മകൻ അമ്മയെ ഫോണിൽ വിളിച്ചുവെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. വിവരം അറിയുന്നതിനായി സുഹൃത്തും അയൽവാസിയുമായ കണ്ണനെ ആരോമൽ ഫോണിൽ വിളിക്കുകയും അമ്മയുടെ വിവരം അന്വേഷിക്കാൻ പറയുകയും ചെയ്തു. രാത്രി 12.30 മണിയോടുകൂടി കണ്ണൻ വീട്ടിലെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ തുറന്ന നിലയിലായിരുന്നു. വീടിന് അകത്ത് കയറി അന്വേഷിച്ചപ്പോഴാണ് ജലജ ബെഡ്‌റൂമിൽ രക്തം വാർന്ന നിലയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.

പകൽ മൂന്നിന് ശേഷമാകാം കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. ഒന്നിൽക്കൂടുതൽ പേർ പകൽ സമയം വീട്ടിലെത്തി ജലജയെക്കൊണ്ട് പ്രധാന കതക് തുറപ്പിച്ചശേഷം വീടിനുള്ളിൽ കയറി ബലപ്രയോഗം നടത്തി കഴുത്തിനും തലയ്ക്കും വെട്ടുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തതായാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ല. ജലജയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും മോഷണം പോയിട്ടുണ്ട്. കൊലയ്ക്ക് ശേഷം മോഷ്ടാക്കൾ വീടിനുൾവശം തുടച്ച് വൃത്തിയാക്കി തെളിവ് നശിപ്പിക്കാനുള്ള ശ്രമവും നടത്തിയതായി പൊലീസ് പറയുന്നു. കൊലപാതകിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചു.

കഴിഞ്ഞദിവസം ജലജ ബാങ്കിൽനിന്ന് പണമെടുത്തിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഇത് മനസ്സിലാക്കിയ ആരോ ആണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP