Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ ശരീരത്തിന്റെ പിന്നിലും അരക്കെട്ടിലും അശ്ലീലച്ചുവയോടെ ശിവദാസൻ നായരുടെ കൈയും കാൽമുട്ടും പതിഞ്ഞു എന്ന പരാതിയുമായി ജമീല പ്രകാശം; വനിത എംഎൽഎ പരാതി പിൻവലിച്ചില്ലെങ്കിൽ ആറന്മുള എംഎൽഎയെ അറസ്റ്റു ചെയ്യും

തന്റെ ശരീരത്തിന്റെ പിന്നിലും അരക്കെട്ടിലും അശ്ലീലച്ചുവയോടെ ശിവദാസൻ നായരുടെ കൈയും കാൽമുട്ടും പതിഞ്ഞു എന്ന പരാതിയുമായി ജമീല പ്രകാശം; വനിത എംഎൽഎ പരാതി പിൻവലിച്ചില്ലെങ്കിൽ ആറന്മുള എംഎൽഎയെ അറസ്റ്റു ചെയ്യും

തിരുവനന്തപുരം: ആറന്മുള എംഎൽഎ ശിവദാസൻ നായർ  തന്നെ അശ്ലീലച്ചുവയോടെ സ്പർശിച്ചപ്പോഴാണ് താൻ പ്രതികരിച്ചതെന്ന് ജമീല പ്രകാശം. സ്ത്രീയെന്ന നിലയിൽ അപമാനിക്കപ്പെട്ടപ്പോഴാണ് സഹികെട്ട് പ്രതികരിച്ചത്. അത്തരം ഒരവസ്ഥയിൽ ഏതൊരു സ്ത്രീയും ചെയ്യുന്നതേ താനും ചെയ്തുള്ളുവെന്നും പല്ലു കൊണ്ടു പ്രതികരിച്ചതിൽ അഭിമാനമേ ഉള്ളുവെന്നും ജമീല പ്രകാശം എംഎൽഎ പറഞ്ഞു.

'എന്റെ ജീവിതത്തിൽ ആദ്യമാണ് ഇങ്ങനെയൊരു സംഭവം. ശരീരത്തിന്റെ പിന്നിലും അരക്കെട്ടിലും അശ്‌ളീലചുവയോടെ ശിവദാസൻ നായരുടെ കൈയും കാൽമുട്ടും പതിഞ്ഞപ്പോൾ ഏതൊരു സ്ത്രീയും പ്രതികരിക്കുന്നതുപോലെയേ ഞാനും ചെയ്തുള്ളൂ. ആ സാഹചര്യത്തിൽ കടിക്കാൻ മാത്രമേ പറ്റിയുള്ളൂ. സ്ത്രീ ശരീരത്തിൽ അനാവശ്യമായി കടന്നുകയറുന്നവരെ മറ്റ് മാർഗമില്ലെങ്കിൽ പല്ലും നഖവും ഉപയോഗിച്ചെങ്കിലും ചെറുക്കണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. പുരുഷന്റെ തട്ടും തലോടലും സഹിച്ച് മിണ്ടാതെ നിൽക്കാൻ എന്റെ ആത്മാഭിമാനം അനുവദിക്കില്ല. പല്ലുകൊണ്ട് പ്രതികരിച്ചതിൽ അഭിമാനമേയുള്ളൂ' എന്നും എംഎൽഎ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് നിയമസഭയിൽ കെ. ശിവദാസൻനായർ തന്നോട് പെരുമാറിയത്. ബജറ്റ് അവതരിപ്പിക്കാൻ വന്ന മാണിയെ തടയാൻ മുന്നോട്ടു പോകുമ്പോൾ വാച്ച് ആൻഡ് വാർഡ് തടഞ്ഞ് കാലിൽ ബൂട്ടിട്ട് ചവിട്ടി. കാൽ വിട്ടുകിട്ടാനുള്ള ശ്രമത്തിനിടയിൽ ശിവദാസൻനായർ പിന്നിലൂടെ വന്ന് കാൽകൊണ്ടും കൈകൊണ്ടും തന്റെ ശരീരഭാഗങ്ങളിൽ ബലം പ്രയോഗിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയായിരുന്നു.

ധനമന്ത്രിയെ തടയാനുള്ള തങ്ങളുടെ ശ്രമത്തെ പരാജയപ്പെടുത്താനാണെങ്കിൽ പുറകിലൂടെ വന്ന് ശിവദാസൻനായർ ഇങ്ങനെ എന്തുകൊണ്ട് പെരുമാറിയെന്ന് മനസിലാകുന്നില്ല. സഭാ നേതാവുകൂടിയായ മുഖ്യമന്ത്രിയുടെ കൺമുന്നിലാണ് ശിവദാസൻനായരുടെ ഈ അതിക്രമം. മുഖ്യമന്ത്രിയുടെ തൊട്ടുപിറകിൽനിന്നുകൊണ്ട് ഡൊമിനിക് പ്രസന്റേഷൻ തന്നെ പോടീ എന്ന് ആവർത്തിച്ച് വിളിക്കുകയും നീ നിന്റെ നാടാനെ വിളിച്ചുകൊണ്ടുവാടീ എന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. ഭർത്താവിന്റെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.

ഇന്നേവരെ ഞാൻ ആരെയും അങ്ങോട്ട് ആക്രമിച്ചിട്ടില്ല. ജമീല കടിച്ചെന്നും അടിച്ചെന്നും ഏകപക്ഷീയമായി ആരോപിക്കുന്നവർ സ്ത്രീ എന്ന നിലയിൽ ഞാൻ നേരിട്ട അപമാനം കൂടി അറിയണമെന്നും ജമീല പ്രകാശം പറഞ്ഞു.

മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന ഇടതുമുന്നണിയുടെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഞാനും മറ്റ് വനിതാ എംഎ‍ൽഎമാരും കൂടി മാണിയെ തടയാൻ മുന്നോട്ട് പോയി. മുഖ്യമന്ത്രി ഇരിക്കുന്നതിന് കഷ്ടിച്ച് രണ്ടടി മുന്നിൽ പിന്നോട്ട് തിരിഞ്ഞു നിന്ന എന്നെ ശിവദാസൻനായർ കൈയിൽ പിടിച്ച് പിന്നാക്കം വലിക്കുകയായിരുന്നു. എന്റെ പിന്നിൽ നിന്ന ശിവദാസൻനായരുടെ കൈയിൽ നിന്ന് എന്റെ കൈ വിടുവിക്കാൻ ശ്രമിക്കുന്നതിനിടെ അയാളുടെ മറ്റേ കൈ എന്റെ അരക്കെട്ടിലും കാൽമുട്ടുകൾ എന്റെ പിന്നിലും അമർത്തിയതായി എനിക്ക് ബോദ്ധ്യപ്പെട്ടു. സ്ത്രീയായതിനാൽ അത്തരം സ്പർശനങ്ങൾ എന്തുദ്ദേശത്തോടെയുള്ളതാണെന്ന് ആരും പറഞ്ഞുതരേണ്ട. തിരിഞ്ഞ് 'ശിവദാസാ കൈയെടുക്ക്' എന്ന് പറഞ്ഞു. അയാൾ വിടാതെ വന്നപ്പോൾ 180 ഡിഗ്രി തിരിഞ്ഞ് അയാളുടെ കൈയിൽ പിടിച്ച് കടിച്ചു. പിന്നീടാണ് അയാളുടെ കൈകൾ തള്ളിമാറ്റി തിരക്കിൽ നിന്ന് പുറത്തുകടന്നത്.

ആ സമയം സമീപത്തുണ്ടായിരുന്ന ഡൊമിനിക് പ്രസന്റേഷൻ എംഎ‍ൽഎ 'എടീ നിന്റെ നാടാനെ വിളിച്ചുകൊണ്ടുവാടീ' എന്നു പലവട്ടം വിളിച്ചുപറയുകയായിരുന്നു. തിരിച്ച് 'എന്റെ നാടാന് എന്താണ് കുഴപ്പമെന്ന് ' ഞാനും തിരിച്ചടിച്ചു. വാച്ച് ആൻഡ് വാർഡ് എന്നെ തടഞ്ഞുവച്ച് ബൂട്ടിട്ട കാലുകൊണ്ട് എന്റെ കാലുകൾ ചവിട്ടി ഞെരിച്ചപ്പോൾ, കാൽ വിടുവിക്കാനാണ് വാച്ച് ആൻഡ് വാർഡിനോട് പ്രതികരിച്ചത്.
കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് നിയമസഭയിൽ സ്ത്രീകളെ അപമാനിക്കുന്ന അശ്ലീലചുവയുള്ള കഥപറഞ്ഞയാളാണ് ശിവദാസൻ നായർ. അന്ന് വനിതാ എംഎ‍ൽഎമാർ സഭയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്ന് സഭയിൽ നിരുപാധികം മാപ്പുപറഞ്ഞാണ് അയാൾ രക്ഷപ്പെട്ടതെന്നും ജമീല പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് ജമീല പ്രകാശം സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. മറ്റ് നിയമ നടപടികൾ ആലോപിച്ച് തീരുമാനിക്കും. എന്തായാലും പരാതി പിൻവലിച്ചില്ലെങ്കിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികൾക്ക് ശിവദാസൻ നായർ വിധേയനാകേണ്ടി വരുമെന്നാണ് സൂചന.

നിയമസഭയിലെ പ്രതിഷേധത്തിനിടെ പ്രതിപക്ഷ വനിതാ എംഎ‍ൽഎ ജമീലാ പ്രകാശത്തെ അപമാനിച്ച ശിവദാസൻ നായർ ഞരമ്പുരോഗിയെന്ന് സിപിഐ(എം) നേതാവ് എം. വി ജയരാജൻ പറഞ്ഞു. ശിവദാസൻ നായരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജയരാജൻ പറഞ്ഞു. ശിവദാസൻനായർക്ക് ജമീല പ്രകാശം കൊടുത്തത് കുറഞ്ഞുപോയെന്ന് ബിജിമോൾ എംഎ‍ൽഎ. പറഞ്ഞു. ശിവദാസൻനായരുടെ പ്രവൃത്തിക്ക് കരണത്ത് ചുട്ട അടിയാണ് കൊടുക്കേണ്ടത്. വളരെ മോശമായ വാക്കുകളാണ് ശിവദാസൻനായർ ഉപയോഗിച്ചതെന്നും ബിജിമോൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP