Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരിയിൽ റേഷനരി കലർത്തിയത് മന്ത്രി നേരിട്ട് പിടിച്ച് നടപടി ശുപാർശ ചെയ്താലും മന്ത്രിയുടെ വകുപ്പുകാർ വീണ്ടും അരിവാങ്ങുന്നു; ജയ അരിക്കമ്പി സർക്കാർ സംവിധാനം ഉപയോഗിക്കുന്നത് ഇങ്ങനെ

അരിയിൽ റേഷനരി കലർത്തിയത് മന്ത്രി നേരിട്ട് പിടിച്ച് നടപടി ശുപാർശ ചെയ്താലും മന്ത്രിയുടെ വകുപ്പുകാർ വീണ്ടും അരിവാങ്ങുന്നു; ജയ അരിക്കമ്പി സർക്കാർ സംവിധാനം ഉപയോഗിക്കുന്നത് ഇങ്ങനെ

കൊച്ചി : മായം കലർന്ന അരി വിതരണം ചെയ്തതിനു പ്രതിസ്ഥാനത്തായ കമ്പനിക്കെതിരെ നടപടിയെടുക്കേണ്ടതിനു പകരം രണ്ടരക്കോടി രൂപയുടെ കച്ചവടത്തിനു വീണ്ടും അവസരം നൽകിയ സപ്ലൈകോയുടെ നടപടി വിവാദത്തിൽ. ജയ അരിയിൽ റേഷനരി കലർത്തിയതു മന്ത്രി നേരിട്ടെത്തി പിടികൂടിയതിനെത്തുടർന്നു കമ്പനിക്കെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ ഓഫിസ് നിർദ്ദേശം നൽകിയിരുന്നു. ഇതാണ് അട്ടിമറിക്കപ്പെടുന്നത്.

90 ലോഡ് (9,000 ക്വിന്റൽ) അരിയുടെ വിതരണം കൂടി ഇതേ കമ്പനിക്കു നൽകാനാണ് തീരുമാനം. 2.59 കോടി രൂപയുടെ ഇടപാടാണിത്. തിരുവനന്തപുരം ഡിപ്പോയിൽ വിതരണം ചെയ്ത ജയ അരിയിൽ റേഷനരി കലർത്തിയതു കഴിഞ്ഞ 17നു പിടികൂടിയിരുന്നു.വലിയ തുറ ഡിപ്പോയ്ക്കു കീഴിലെ പുളിമൂട് ഔട്ട് ലെറ്റിൽ വിറ്റ അരിയിൽ റേഷനരി കലർത്തിയെന്ന പരാതിയിൽ മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണു സാംപിൾ പരിശോധിച്ചത്. പരാതി ശരിയാണെന്നു പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നു മന്ത്രി നേരിട്ടെത്തി അരി പിടികൂടി.

ഗോഡൗണിൽ അവശേഷിച്ചതുൾപ്പെടെ ഈ കമ്പനിയുടെ 51 ചാക്ക് അരിയാണു പിടിച്ചെടുത്തത്. അരിയിൽ റേഷനരി കലർന്നുവെന്നതു സമ്മതിച്ച സപ്ലൈകോ, മന്ത്രി ഇടപെടുന്നതിനു മുൻപേ ഇതു തങ്ങൾ കണ്ടെത്തിയിരുന്നുവെന്നു വ്യക്തമാക്കിയിരുന്നു. പക്ഷേ നടപടിയൊന്നും ഇതുവരെ എടുത്തില്ല. മന്ത്രിയുടെ നിർദ്ദേശത്തിനും ഒരു വിലയും കൊടുത്തില്ല. കമ്പനിക്കെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ ഓഫിസ് വീണ്ടും നിർദേശിക്കുകയും, കഴിഞ്ഞ ഒരു വർഷം ഈ കമ്പനിയുമായി നടത്തിയ ഇടപാടുകളുടെ റിപ്പോർട്ട് സപ്ലൈകോയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനിടെയാണ്, 90 ലോഡ് അരി കൂടി തിരുവനന്തപുരം ഡിപ്പോയിലേക്കു വിതരണം ചെയ്യാൻ കമ്പനിക്ക് ഓർഡർ നൽകിയത്. മായം കലർന്ന അരി വിതരണം ചെയ്തതിനു പരാതിയുണ്ടായിരിക്കേയാണ് വീണ്ടും കമ്പനിക്ക് ഓർഡർ നൽകിയതെന്നും ഇവർ നൽകുന്ന അരി വാങ്ങണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഡിപ്പോ മാനേജർ കഴിഞ്ഞ 25നു സപ്ലൈകോയ്ക്കു കത്തു നൽകിയിരുന്നു.

എന്നാൽ, മായം കലർന്ന അരി പിടികൂടുന്നതിനു മുൻപത്തെ ടെൻഡർ പ്രകാരമാണു രണ്ടാംഘട്ടത്തിൽ 90 ലോഡ് അരിയുടെ പർച്ചേസ് കമ്പനിക്കു നൽകിയതെന്നാണു സപ്ലൈകോയുടെ വിശദീകരണം. വിശദമായ സാംപിൾ പരിശോധന നടത്തണമെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്. ക്വാളിറ്റി അഷ്വറൻസ് മാനേജരുടെ റിപ്പോർട്ട് കിട്ടാത്തതിനാലാണു മായം കലർത്തിയെന്ന പരാതിയിൽ കമ്പനിക്കെതിരെ നടപടിയെടുക്കാത്തത്. ലാബുകളിൽനിന്നു പരിശോധനാഫലം വരാത്തതിനാലാണു റിപ്പോർട്ട് വൈകുന്നത്.

റിപ്പോർട്ടിന്മേൽ നോട്ടിസ് നൽകി 15 ദിവസത്തെ സമയം നൽകിയശേഷമാകും നടപടി. റിപ്പോർട്ട് ലഭിക്കുന്നതുവരെ ടെൻഡർ നടപടികളിൽനിന്നു കമ്പനിയെ താൽക്കാലികമായി മാറ്റി നിർത്തുമെന്നും സപ്ലൈകോ വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP