Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിയായിരിക്കെ വിവാഹിതയാകാൻ ജയലക്ഷ്മി; മിന്നുകെട്ട് മെയ്‌ പത്തിന്; മന്ത്രിയുടെ വിവാഹം ആഘോഷമാക്കാൻ പാലോട്ട് കുറിച്യയ തറവാട്

മന്ത്രിയായിരിക്കെ വിവാഹിതയാകാൻ ജയലക്ഷ്മി;  മിന്നുകെട്ട് മെയ്‌ പത്തിന്; മന്ത്രിയുടെ വിവാഹം ആഘോഷമാക്കാൻ പാലോട്ട് കുറിച്യയ തറവാട്

മാനന്തവാടി : മന്ത്രി പി.കെ. ജയലക്ഷ്മിക്ക് അടുത്ത മാസം വിവാഹം. മെയ്‌ 10ന് മാനന്തവാടി വാളാട് പാലോട്ട് കുറിച്യയ തറവാട്ടിൽ പരമ്പരാഗത ആചാരങ്ങളോടെയാവും വിവാഹം. വരൻ വയനാട് കമ്പളക്കാട് പറളിക്കുന്ന് ചെറുവടി സി.എ. അനിൽകുമാർ. 

ലീലയുടേയും പരേതനായ അണ്ണന്റെയും മകൻ. സഹോദരൻ അനീഷ്‌കുമാർ. മാനന്തവാടി പാലോട്ട് കുറിച്യ തറവാട്ടിലെ കുഞ്ഞാമൻഅമ്മിണി ദമ്പതികളുടെ മകളാണ്  ജയലക്ഷ്മി. കുഞ്ഞാമന്റെ പെങ്ങളുടെ മകളാണ് ലീല. മെയ്‌ 10ന് പാലോട്ട് തറവാട്ടിൽ കല്യാണം നടക്കും. ഏറെ കാലം മുമ്പു തന്നെ നിശ്ചയിച്ച കല്യാണം കഴിഞ്ഞമാസം നടക്കേണ്ടിയിരുന്നതാണ്. എന്നാൽ, കുഞ്ഞാമന്റെ അച്ഛന്റെ പെങ്ങളുടെ മകൻ ബാലകൃഷ്ണന്റെ നിര്യാണംമൂലം മാറ്റിവച്ചു.

ഏറെ മുൻപേ ആലോചിച്ചുവച്ച വിവാഹം ഇനിയും നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഇരു കുടുംബങ്ങളും എത്തിയത് അടുത്തിടെയാണ്. മന്ത്രിയുടെ തറവാടായ വാളാട്ടെ പാലോട്ട് വീട്ടിൽ ആകും താലികെട്ട്. അനുയോജ്യമായ ദിവസം കണ്ടെത്തിയതേയള്ളൂവെന്നും നിശ്ചയച്ചടങ്ങ് അടക്കം കാര്യങ്ങൾ ഇനിയും നടക്കേണ്ടതുണ്ടെന്നും മന്ത്രിയുടെ പിതാവ് കുഞ്ഞാമൻ പറഞ്ഞു. നിശ്ചയം കഴിഞ്ഞിട്ട് എല്ലാവരെയും നേരിൽ അറിയിക്കുമെന്നും മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു.

വയനാട്ടിലെ തലയെടുപ്പുള്ള പാലോട്ട് കുറിച്യ തറവാട്ടിലെ അംഗമാണ് മന്ത്രി പി.കെ. ജയലക്ഷ്മി. പഴശ്ശിയുടെ പടയോട്ടങ്ങളിൽ പങ്കെടുത്ത് പോരാട്ട വീര്യം കാട്ടിയ കുറിച്യ പടയാളികളുടെ പിന്മുറക്കാരാണ് പാലോട്ടുകാർ. കൂട്ടുകുടുംബ രീതി നിലനിൽക്കുന്ന തറവാട്ടിൽ ഇന്നും ഇരുന്നൂറോളം അംഗങ്ങളുണ്ട്. കൃഷിയെയും അസ്ത്ര വിദ്യയെയും ഏറെ സ്‌നേഹിക്കുന്ന, നാലുകെട്ടും നടുമുറ്റവുമുള്ള തറവാട്ടിൽ മന്ത്രിയുടെ വിവാഹം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആദിവാസി സമുദായത്തിൽ നിന്നും മന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് ജയലക്ഷ്മി. യുഡിഎഫ് സർക്കാർ 72 സീറ്റുമായി അധികാരത്തിലെത്തിയപ്പോൾ ജയലക്ഷ്മി മാത്രമായിരുന്നു ഭരണപക്ഷത്ത് നിന്നും ജയിച്ചു കയറിയ ഏക വനിത.

വയനാട്ടിൽ നൂറോളം കുറിച്യ തറവാടുകളുണ്ടായിരുന്നതിൽ 56 തറവാടുകളാണ് ശേഷിക്കുന്നത്. ഇതിൽ പകുതിയോളം ബന്ധുകുലം എന്നറിയപ്പെടും. ബാക്കിയുള്ളവ പന്തികുലവും. ജയലക്ഷ്മിയുടെ അമ്മ വഴിയുള്ള കുടുംബങ്ങളാണ് ബന്ധുകുലത്തിൽപെടുക. അച്ഛൻ വഴിയുള്ളവർ പന്തികുലത്തിലും.കുറിച്യ ആചാരപ്രകാരം ബന്ധുകുലത്തിലുള്ളവർക്ക് അതേ കുലത്തിലുള്ളവരുമായി കല്യാണം പാടില്ല. ഇതിനാലാണ് പന്തികുലത്തിൽ വരുന്ന മുറച്ചെറുക്കൻ അനിൽകുമാറുമായി വർഷങ്ങൾക്കുമുമ്പേ കല്യാണമുറപ്പിച്ചത്. ജയലക്ഷ്മി മന്ത്രിയായതോടെ വിവാഹം നീളുകയായിരുന്നു.

മാനന്തവാടിക്കടുത്ത തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് കാട്ടിമൂലയിൽ പാലോട്ട് തറവാട്ടിലെ കുഞ്ഞാമൻ അമ്മിണി ദമ്പതികളുടെ മകളാണ് പി.കെ. ജയലക്ഷ്മി. 1980 ഒക്‌ടോബർ മൂന്നിനാണ് ജനനം. കാട്ടിമൂല സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂൾ, പോരൂർ സർവോദയ സ്‌കൂൾ, തലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ മാനന്തവാടി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദപഠനം പൂർത്തിയാക്കി. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ കോഴ്‌സും പൂർത്തീകരിച്ചു.

കുറിച്യ സമുദായത്തിന്റെ പാരമ്പര്യ ആയോധന കലയായ അമ്പെയ്ത്തിൽ ചെറുപ്പത്തിൽ തന്നെ പരിശീലനം നേടി. പഠനകാലം മുതൽ വിവിധ അമ്പെയ്ത്ത് മത്സരങ്ങളിൽ പങ്കെടുക്കുകയും സംസ്ഥാനതലത്തിൽ വെള്ളി മെഡൽ ഉൾപ്പെടെ നേടുകയും ചെയ്തു. മാനന്തവാടി ഗവ. കോളേജിൽ ഡിഗ്രി കോഴ്‌സിന് പഠിക്കുമ്പോൾ കെ.എസ്.യു അംഗമായി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മെമ്പറായി പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിയമസഭയിലേക്ക് മത്സരിച്ചത്. മാനന്തവാടി മണ്ഡലത്തിൽ നിന്ന് ജയിച്ച് എം. എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്ത ഉടൻ മന്ത്രിയുമായി. ജയലക്ഷ്മി തിരുവനന്തപുരം നഗരം ആദ്യമായി കാണുന്നത് എംഎ‍ൽഎ ആയി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോഴാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP