Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്രട്ടറിയേറ്റിന് മുമ്പിൽ തമിഴ് മുദ്രാവാക്യങ്ങൾ ഉയർത്തി തമിഴ് മക്കൾ; കഴക്കൂട്ടത്ത് പ്ലെക്കാർഡുമായി തമിഴ് ടെക്കികളും; ജെല്ലിക്കെട്ട് സമരത്തിന് സാക്ഷികളായി കേരളവും

സെക്രട്ടറിയേറ്റിന് മുമ്പിൽ തമിഴ് മുദ്രാവാക്യങ്ങൾ ഉയർത്തി തമിഴ് മക്കൾ; കഴക്കൂട്ടത്ത് പ്ലെക്കാർഡുമായി തമിഴ് ടെക്കികളും; ജെല്ലിക്കെട്ട് സമരത്തിന് സാക്ഷികളായി കേരളവും

തിരുവനന്തപുരം: ആദ്യം കൊച്ചി ഇൻഫോ പാർക്കിന് മുമ്പിലായിരുന്നു ജെല്ലിക്കെട്ട് പ്രതിഷേധം. ഇന്നലെ ഇത് തിരുവനന്തപുരത്തും എത്തി. സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നു പതിവിനു വിഭിന്നമായി ഇന്നലെ ഉയർന്നു കേട്ടതു തമിഴ് മുദ്രാവാക്യങ്ങൾ. തിരുവനന്തപുരത്ത് ടെക്‌നോപാർക്കിലും തമിഴ് ടെക്കികൾ ജെല്ലിക്കെട്ടിന് വേണ്ടി പ്രതിഷേധിക്കാനെത്തി. അങ്ങനെ തമിഴ് വികാരം കേരളത്തിലും പ്രതിഫലിച്ചു.

ജെല്ലിക്കെട്ട് നടത്തണമെന്നാവശ്യപ്പെട്ടു തമിഴ് ജനത നടത്തുന്ന പ്രതിഷേധ സമരത്തിനു പിന്തുണയുമായി കേരള തമിഴ് സംഘം സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണു തമിഴിൽ മുദ്രാവാക്യം വിളിച്ചു തമിഴിലെഴുതിയ പ്ലക്കാർഡുകളുമായി പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. 'ജെല്ലിക്കെട്ട് വേണ്ടും ജെല്ലിക്കെട്ട് വേണ്ടും'(ജെല്ലിക്കെട്ട് വേണം) എന്ന മുദ്രാവാക്യം വിളികളുമായാണു നൂറോളം പ്രവർത്തകർ കിഴക്കേകോട്ട ഗാന്ധിപാർക്കിൽ നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു പ്രതിഷേധ മാർച്ച് നടത്തിയത്.

മൃഗസംരക്ഷണ നിയമം റദ്ദാക്കി ജെല്ലിക്കെട്ടു നടത്താൻ കേന്ദ്രം പ്രത്യേക ഓർഡിനൻസ് ഇറക്കണമെന്നു സമരക്കാർ ആവശ്യപ്പെട്ടു. കൊമ്പു കുലുക്കി കുതിക്കുന്ന കാളകളെ അനുസ്മരിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി സമരക്കാർ എത്തി. തമിഴ് സംസ്‌കാരത്തിന്റെ അടയാളമായ ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കിൽ കുതിര സവാരിയും ആന സവാരിയും കേരളത്തിലെ മരമടിയുമെല്ലാം നിർത്തലാക്കണമെന്നു സമരം ഉദ്ഘാടനം ചെയ്ത പശുമ്പൻ നാഷനൽ ഫൗണ്ടേഷൻ സെക്രട്ടറി അരുൺ ശശി പറഞ്ഞു. തമിഴ് സംഘം സെക്രട്ടറി എസ്.സെന്തിൽ, പ്രസിഡന്റ് മുത്തുരാമൻ, സംസ്ഥാന തേവർ സംഘം ജനറൽ സെക്രട്ടറി എസ്.മുരുകൻ, എഐഎഡിഎംകെ സംസ്ഥാന സെക്രട്ടറി ശോഭനൻ എന്നിവരും പ്രസംഗിച്ചു.

ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനു പിൻതുണ പ്രഖ്യാപിച്ചു തമിഴ്‌നാട്ടുകാരായ ടെക്കികൾ ടെക്‌നോപാർക്കിനു മുന്നിൽ മനുഷ്യമതിൽ തീർത്തു. സിനിമാതാരങ്ങൾ ഉൾപ്പെടെ ജെല്ലിക്കെട്ടിനെ അനുകൂലിച്ചു പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ള തമിഴ്‌നാട്ടുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിൽ ജോലിചെയ്യുന്ന വനിതകൾ അടക്കമുള്ള തമിഴ്‌നാട്ടുകാരായ ജീവനക്കാർ പ്ലക്കാർഡുകളുമേന്തി ടെക്‌നോപാർക്ക് ഗേറ്റിനുമുന്നിൽ ഐക്യദാർഢ്യപ്രതിജ്ഞയെടുത്തു. ഏതാണ്ട് രണ്ടുമണിക്കൂറോളം ടെക്‌നോപാർക്ക് ഗേറ്റിനുമുന്നിൽ നിന്നും ജെല്ലിക്കെട്ട് നിരോധിച്ച തീരുമാനത്തിലുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

തമിഴ്‌നാടിന്റെ പരമ്പരാഗതമായ സംസ്‌കാരത്തിന്റെ ഭാഗമാണു ജെല്ലിക്കെട്ട് എന്നും അതിന് അനുമതി നിഷേധിക്കുന്ന നടപടിയെ തങ്ങൾ അംഗീകരിക്കില്ലെന്നും തമിഴ്‌നാട്ടുകാരായ ടെക്കികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP