Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴേമുക്കാൽ കിലോ സ്വർണം ഫ്ലാറ്റിൽ നിന്ന് പിടിച്ച സംഭവം; കൊച്ചിയിലെ പ്രമുഖ ജൂവലറികളെല്ലാം ഇന്റലിജൻസ് നിരീക്ഷണത്തിൽ; സ്‌റ്റോക്കിൽ ചേർക്കാതെയുള്ള വിൽപന പിടിക്കാൻ ഊർജിത ശ്രമം

ഏഴേമുക്കാൽ കിലോ സ്വർണം ഫ്ലാറ്റിൽ നിന്ന് പിടിച്ച സംഭവം; കൊച്ചിയിലെ പ്രമുഖ ജൂവലറികളെല്ലാം ഇന്റലിജൻസ് നിരീക്ഷണത്തിൽ; സ്‌റ്റോക്കിൽ ചേർക്കാതെയുള്ള വിൽപന പിടിക്കാൻ ഊർജിത ശ്രമം

കൊച്ചി: നഗരത്തിലെ ഫ്ലാറ്റിൽ നിന്ന് ഏകദേശം രണ്ടരക്കോടിയോളം വിപണിമൂല്യമുള്ള ഏഴേമുക്കാൽ കിലോ സ്വർണാഭരണം പിടികൂടിയ സംഭവത്തിൽ കൊച്ചിയിലെ ചില പ്രമുഖ ജൂവലറികൾ നിരീക്ഷണത്തിൽ. ജൂവലറികൾക്ക് കൈമാറാനായി മഹാരാഷ്ട്രയിൽ നിന്ന് എത്തിച്ച സ്വർണമാണ് പിടികൂടിയിട്ടുള്ളത്. നാലുലക്ഷം രൂപയും കണ്ടെത്തി. ഇതിന്റെ ഉറവിടം കണ്ടെത്താനും സ്റ്റോക്കിൽ ചേർക്കാതെ ജൂവലറികൾ വിൽപന നടത്തുന്നുണ്ടോ എന്നും കണ്ടെത്താൻ വാണിജ്യ നികുതി ഇന്റലിജൻസ് വിഭാഗം പരിശോധന ഊർജിതപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ മിക്ക ജൂവലറികൾക്കും ആഭരണങ്ങൾ എത്തുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. അംഗീകൃത മാർഗങ്ങളിലൂടെ ചിലർ എത്തിക്കുമ്പോൾ നികുതിവെട്ടിച്ച് രഹസ്യമായും ആഭരണങ്ങൾ എത്തുന്നുണ്ട്. മൂന്നുമാസം മുമ്പ് ഇത്തരത്തിൽ എത്തിച്ച മൂന്നേമുക്കാൽ കിലോഗ്രാം സ്വർണാഭരണങ്ങൾ വാണിജ്യ നികുതി വകുപ്പ് ഇന്റലിജൻസ് പിടികൂടിയിരുന്നു. മഹാരാഷ്ട്രയിലേക്ക് ഗൾഫിൽനിന്നു കള്ളക്കടത്ത് സ്വർണമെത്തുന്നതിനാലും പണിക്കൂലി ഉൾപ്പെടെയുള്ളവ കുറവായതിനാലുമാണ് അവിടെനിന്നു കേരളത്തിലെ സ്വർണ വ്യാപാരികൾ ആഭരണങ്ങൾ സ്വരണം വാങ്ങുന്നത്. തൃശൂർ കേന്ദ്രീകരിച്ച് ആഭരണനിർമ്മാണം വ്യാപകമാണെങ്കിലും കേരളത്തിലെ ഉദ്യോഗസ്ഥരുടെ മൂക്കിൻതുമ്പത്തായതിനാൽ കൃത്രിമവും നികുതിവെട്ടിപ്പും നടത്താൻ സാധ്യത കുറവായതിനാലാണ് മഹാരാഷ്ട്രയിലെ ആഭരണങ്ങളിൽ ജൂവലറിയുടമകൾ താൽപര്യം കാട്ടുന്നത്.

സിറ്റി ഷാഡോ പൊലീസിന്റെ സഹായത്തോടെ വാണിജ്യ നികുതി ഇന്റലിജൻസ് ഓഫിസർ ബി.എൽ.ഷാജഹാന്റെ നേതൃത്വത്തിലാണു കച്ചേരിപ്പടിയിലെ ഫ്‌ളാറ്റിൽ പരിശോധന നടത്തി സ്വർണാഭരണങ്ങൾ പിടിച്ചെടുത്തത്. ആഭരണങ്ങളെത്തിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 1.22 കോടി രൂപ പിഴയടപ്പിച്ച ശേഷം ഇവർക്കു സ്വർണം തിരിച്ചു നൽകി. റജിസ്‌ട്രേഷനില്ലാതെ വിൽപനയ്ക്കായി സൂക്ഷിക്കുന്ന സ്വർണം പിടിച്ചെടുത്താൽ മൂല്യത്തിന്റെ പകുതി പിഴയീടാക്കണമെന്നാണു നിയമം. രണ്ടു വർഷമായി കൊച്ചിയിൽ താമസമുണ്ടെന്നും പല ജൂവലറികൾക്കും ആഭരണം കൈമാറിയിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു കണക്കിൽപ്പെടാത്ത സ്വർണമുണ്ടോ എന്ന പരിശോധന ജൂവലറികളിലേക്ക് വ്യാപിപ്പിച്ചിട്ടുള്ളത്.

ചില ജൂവലറികൾ പുറത്തുനിന്നു കുറഞ്ഞ തുകയ്ക്കു വാങ്ങുന്ന ആഭരണം ജൂവലറികളിലെ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെയാണു വിറ്റഴിക്കുന്നതെന്നു വാണിജ്യനികുതി വിഭാഗം പറയുന്നു. ഇക്കാരണത്താൽ ഇവയുടെ വിൽപന നികുതി സർക്കാരിനു ലഭിക്കില്ല. ഈ രീതിയിൽ കോടിക്കണക്കിനു രൂപയാണു കേരളത്തിലെ ചില ജൂവലറികൾ നികുതി വെട്ടിക്കുന്നത്. പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിക്കരുതെന്നു സർക്കാർ നിർദ്ദേശമുള്ളതിനാൽ ജൂവലറികളിൽ നികുതി സംബന്ധിച്ച പരിശോധന പലപ്പോഴും നടക്കാറുമില്ല. സ്വർണാഭരണ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റക്കേസിൽ 1.22 കോടി രൂപ പിഴയടപ്പിക്കുന്നതു സമീപകാലത്ത് ആദ്യമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവുമധികം കോംപൗണ്ടിങ് നികുതി പിരിച്ചുകൊടുത്ത വാണിജ്യനികുതി ഇന്റലിജൻസ് എറണാകുളം ജില്ലയുടേതായിരുന്നു. 1.29 കോടി രൂപ കഴിഞ്ഞ വർഷം പിഴയായി പിരിച്ചെടുത്തിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP