Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഷയുടെ അമ്മ വീട്ടിൽ ജോലിക്ക് നിന്നിട്ടില്ല; അച്ഛൻ താനെന്ന വാർത്ത കെട്ടുകഥ; പെരുമ്പാവൂർ കൊലയിൽ ആരോപണങ്ങൾ നിഷേധിച്ച് പിപി തങ്കച്ചൻ; ജോമോൻ പുത്തൻപുരയ്ക്കൽ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് ജിഷയുടെ മാതാവ് രാജേശ്വരി; 'അടിസ്ഥാനമില്ലാത്ത ദുഷ്പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും'

ജിഷയുടെ അമ്മ വീട്ടിൽ ജോലിക്ക് നിന്നിട്ടില്ല; അച്ഛൻ താനെന്ന വാർത്ത കെട്ടുകഥ; പെരുമ്പാവൂർ കൊലയിൽ ആരോപണങ്ങൾ നിഷേധിച്ച് പിപി തങ്കച്ചൻ; ജോമോൻ പുത്തൻപുരയ്ക്കൽ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് ജിഷയുടെ മാതാവ് രാജേശ്വരി; 'അടിസ്ഥാനമില്ലാത്ത ദുഷ്പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും'

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജിഷയുടെ പിതാവ് മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചനാണെന്ന് ആരോപിച്ച പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ മാതാവ് രാജേശ്വരി രംഗത്ത്. ജോമോൻ പുത്തൻപുരയ്ക്ക്ൽ പറയുന്നത് അടിസ്ഥാന രഹിതമായാ കാര്യങ്ങളാണെന്നും ദുഷ്പ്രചരണങ്ങൾക്കെതിരെ നിയമുനടപടി സ്വീകരിക്കുമെന്നും രാജേശ്വരി പറഞ്ഞു. ജിഷാ കൊലപാതകവുകമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് യുഡിഎഫ് കൺവീനർ തങ്കച്ചൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജേശ്വരി ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. ജിഷയുടെ കൊലപാതകം പുതിയ അന്വേഷണസംഘത്തെ ഏൽപ്പിച്ച ഇടതുമുന്നണി സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും രാജേശ്വരി പറഞ്ഞു. . എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ പ്രതീക്ഷയുണ്ടെന്നും അവർ വ്യക്തമാക്കി.

ജിഷ തന്റെ മകളാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്നും തങ്കച്ചൻ പറഞ്ഞു. ജിഷയുടെ അമ്മ തന്റെ വീട്ടിൽ ഇരുപതുകൊല്ലം ജോലിക്ക് നിന്നു എന്ന് പറയുന്നതും കെട്ടുക്കഥയാണ്. പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ വിറളി പൂണ്ടവരാണ് ഇതിന് പിന്നിലെന്നും തങ്കച്ചൻ വിശദീകരിച്ചു.

ജിഷ കൊല്ലപ്പെട്ടതിന് പിന്നിൽ താനാണെന്ന പ്രചരണം നട്ടാൽ കുരുക്കാത്ത നുണയാണ്. ജിഷയുടെ കൊലപാതകത്തിൽ തങ്കച്ചന് പങ്കുണ്ടെന്ന് ആരോപിച്ച് പൊതുപ്രവർത്തകൻ ജോമാൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത് വാർത്തയായിരുന്നു. ഇതോടെയാണ് ആരോപണങ്ങൾ തള്ളി തങ്കച്ചൻ രംഗത്തുവന്നത്. ജോമോൻ പുത്തൻപുരയ്ക്കൽ ഉന്നയിച്ച പരാതിയിലെ ആരോപനങ്ങൾ എല്ലാം തെറ്റാണ്. പെരുമ്പാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിയിൽ ചിലർ പകവീട്ടുകയാണ്. അഭയ കേസുമായി ബന്ധപ്പെട്ട് ജോമോന്റെ പ്രവർത്തനങ്ങൾ ഏങ്ങനെയായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും തനിക്കെതിരേ ഇത്തരം ആരോപണം ഉയരുന്നത് ജീവിതത്തിൽ ആദ്യമാണെന്നും തങ്കച്ചൻ പറഞ്ഞു.

ജിഷയുടെ കൊലപാതകം നടന്ന ശേഷം അമ്മയെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. അപ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. തനിക്ക് ഈ കുടുംബത്തെ അറിയില്ലെന്നും ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും പി.പി.തങ്കച്ചൻ പറഞ്ഞു. ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തങ്കച്ചൻ പറഞ്ഞു.

പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷ പ്രദേശത്തെ ഉന്നത കോൺഗ്രസ് നേതാവിന്റെ മകളായിരുന്നെന്നും സ്വത്തിൽ അവകാശം ചോദിച്ച് നേതാവിന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് ഇവർ കൊല്ലപ്പെട്ടതെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ ഇന്നലെയാണ് രംഗത്ത് വന്നത്. നിർണായക ഇടപെടലുകളിലൂടെ അഭയകേസിന് ജീവൻവയ്പിച്ച ജോമോൻപുത്തൻപുരക്കേസിൽ ജിഷ വധവുമായി ബന്ധപ്പെട്ട് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇതോടെയാണ് പുതിയ വിവാദം ഉണ്ടായത്.

ജിഷയുടെ അമ്മ രാജേശ്വരി 20 വർഷക്കാലത്തിലധികമായി പെരുമ്പാവൂരിലെ ഉന്നത കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഈ നേതാവിന് ജനിച്ച കുഞ്ഞാണ് ജിഷയെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. താൻ ഉന്നത കോൺഗ്രസ് നേതാവിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞ ജിഷ പെരുമ്പാവൂരിലെ ഈ നേതാവിന്റെ വീട്ടിൽ നേരിട്ടെത്തി സ്വത്തിൽ അവകാശം ചോദിച്ചെന്നും അത് തരാതിരുന്നതോടെ ഡിഎൻഎ ടെസ്റ്റ് നടത്തി പിതൃത്വപരിശോധന നടത്താൻ അപേക്ഷ നൽകുമെന്ന് പറയുകയുമായിരുന്നുവത്രെ. ഇതേത്തുടർന്നാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് പരാതിയിൽ ജോമോൻ ആരോപിക്കുന്നത്. ഈ പരാതി നിയുക്ത മുഖ്യമന്ത്രിക്കു പുറമെ ഡിജിപിക്കും സമർപ്പിച്ചിട്ടുണ്ട്.

ജിഷയുടെ മൃതദേഹം തിടുക്കത്തിൽ ദഹിപ്പിക്കാൻ പൊലീസ് നടപടിയുണ്ടായതും ജിഷയുടെ പോസ്റ്റുമോർട്ടം നടത്തിയതിലുണ്ടായ വീഴ്ചയുമെല്ലാം ഈ കൊലപാതകത്തിനു പിന്നിലുള്ളവരെ രക്ഷിക്കാനുണ്ടായ നീക്കമായിരുന്നെന്നും ജോമോൻ ആരോപിച്ചിരുന്നു. പെരുമ്പാവൂരിലെ ഉന്നത കോൺഗ്രസ് നേതാവ് നിയമിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ മനപ്പൂർവം വീഴ്ചവരുത്തിയെന്നും തെളിവുകൾ നശിപ്പിച്ചെന്നും ജോമോൻ പരാതിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

രാപ്പകൽ സമരം സിപിഐ(എം) അവസാനിപ്പിച്ചു

അതേസമയം ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ സിപിഐ(എം) നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ജിഷ വധക്കേസ് അന്വേഷിക്കാൻ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാനും ജിഷയുടെ അമ്മ രാജേശ്വരിക്ക് പ്രതിമാസ പെൻഷൻ അനുവദിക്കാനും സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണിത്. രാവിലെ സമരപ്പന്തലിലെത്തിയ മുൻ മന്ത്രി പി.കെ.ശ്രീമതി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP