Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോതമംഗലം നെല്ലിക്കുഴിയിൽ നൂറിലേറെപ്പേർക്കു മഞ്ഞപ്പിത്തം; പുതുതായി തുടങ്ങിയ ഹോട്ടലും കോളജ് ഹോസ്റ്റലിലേക്കു ചെളിക്കുഴിയിൽനിന്നുള്ള വെള്ളം ഉപയോഗിക്കുന്നതും കാരണങ്ങളെന്നു നാട്ടുകാർ

കോതമംഗലം നെല്ലിക്കുഴിയിൽ നൂറിലേറെപ്പേർക്കു മഞ്ഞപ്പിത്തം; പുതുതായി തുടങ്ങിയ ഹോട്ടലും കോളജ് ഹോസ്റ്റലിലേക്കു ചെളിക്കുഴിയിൽനിന്നുള്ള വെള്ളം ഉപയോഗിക്കുന്നതും കാരണങ്ങളെന്നു നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അന്യസംസ്ഥാനതൊഴിലാളികളേറെയുള്ള നെല്ലിക്കുഴിയിൽ മഞ്ഞപ്പിത്തം നിയന്ത്രണാതീതം. 93 പേർക്ക് രോഗബാധയുള്ളതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 200 ലേറെ പേർക്ക് രോഗം പിടിപെട്ടിട്ടുള്ളതായി നാട്ടുകാർ പറയുന്നു. രോഗപ്രതിരോധ പ്രവർത്തങ്ങളിലാകെ പാകപ്പിഴയാണ്. അനിയന്ത്രിത രോഗബാധയിൽ പരക്കെ ആശങ്ക ഉയർന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിലാണ് പ്രദേശത്ത് മഞ്ഞപ്പിത്തം പടർന്നുപിടിച്ചിട്ടുള്ളത്. അടുത്തിടെ ഇവിടെ പ്രവർത്തനം ആരംഭിച്ച ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്കാണ് ആദ്യഘട്ടത്തിൽ രോഗം പിടിപെട്ടതെന്നാണ് ലഭ്യമായ വിവരം. ആരോഗ്യവകുപ്പധികൃതരും ഏറെക്കുറെ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. ശുചിത്വമില്ലായ്മയും മലിനജലം ഉപയോഗിക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആരോഗ്്യവകുപ്പധികൃതർ ഈ ഹോട്ടൽ ഉൾപ്പെടെ പ്രദേശത്തെ നിരവധി ഭക്ഷ്യവസ്തു വിൽപ്പന കേന്ദ്രങ്ങൾ പൂട്ടിച്ചിരുന്നു.

ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സമീപത്തെ ഇന്ദിരാഗാന്ധി കോളേജിൽ ആരോഗ്യവകുപ്പധികൃതർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭ്യമായത്. കന്നുകാലികൾ മേയുന്ന പാടത്തെ ചെളിക്കുഴിയിൽ നിന്നും പമ്പ് ചെയ്‌തെത്തിക്കുന്ന വെള്ളം കോളേജിലെ കാന്റിനുകളിലേക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വെള്ളമെടുക്കുന്ന കിണറിൽ ശേഖരിക്കുന്നതായിട്ടായിരുന്നു അധികൃതരുടെ കണ്ടെത്തൽ.

മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നെല്ലിക്കുഴിയിലെ പരിശോധനകൾക്കിടെയാണ് ആരോഗ്യവകുപ്പ് ജീവനക്കാർ കോളേജിലെത്തിയത്. മലിനജലം ഉപയോഗിക്കുന്നതായുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ കോളേജ് ഹോസ്റ്റലുകളിലെ ഭക്ഷണശാലയിൽ നിലവിൽ ഉപയോഗിച്ചിരുന്ന കിണറിൽനിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് വിലക്കിയതായി ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു. അടിയന്തരമായി ബോർവെൽ സ്ഥാപിച്ച് ഇതിൽ നിന്നുള്ള വെള്ളം ഭക്ഷണ പാചകംചെയ്യുന്നതിനും മറ്റും ഉപയോഗിച്ചാൽ മതിയെന്നാണ് ആരോഗ്യവകുപ്പധികൃതർ കോളേജ് അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

സമീപത്ത് വിദ്യാർത്ഥികൾ തങ്ങുന്ന ഹോം സ്റ്റേ നടത്തിപ്പുകാരോടും വെള്ളം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്്. പഞ്ചായത്തിലെ ഒട്ടുമിക്ക കോളേജുകളിലെ ഭക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് മലിനജലമാണെന്നുള്ള സംശയം വ്യാപകമാണെന്നും അതിനാൽ പ്രദേശത്തെ മുഴുവൻ ജലസ്രോതസ്സുകളും ശുദ്ധീകരിക്കുന്നതിന് നീക്കം നടക്കുന്നതായും ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.

രോഗം പിടിപെട്ടവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് ജില്ലയിലെ ആശുപത്രികളിൽ പരിശോധകൾ ആരംഭിച്ചിട്ടുണ്ട്.പച്ചമരുന്ന്-ഒറ്റമൂലി ചികിത്സയിൽക്കഴിയുന്നവരുടെ എണ്ണം ലഭിക്കാൻ സാദ്ധ്യതകൾ കുറവായതിനാൽ രോഗം പിടിപെട്ടവരുടെ യഥാർത്ഥകണക്കുവിവരങ്ങൾ തങ്ങൾക്ക് ലഭിക്കാനിടയില്ലെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിവരം.

ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ എല്ലാ വാർഡുകളിലേയും പൊതുകിണറുകളടക്കം മുഴുവൻ കിണറുകളും സൂപ്പർ ക്ലോറിനേഷൻ നടത്തിവരികയാണ്. കൂടാതെ കോളേജുകളിലെ ജല സ്രോതസ്സ്, മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ്, ലേഡീസ് ഹോസ്റ്റൽ കാന്റീൻ, മെസ്സ് തുടങ്ങിയ എല്ലാ മേഖലകളിലും പരിശോധന നടത്തി രോഗം പടരാതിരിക്കാൻ വേണ്ട ജാഗ്രത നിർദ്ദേശവും അധികൃതർ നൽകുന്നുണ്ട്.

പ്രൊഫഷണൽ കോളേജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ 4500 ഓളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്ത രോഗവും പ്രതിരോധവും സംബന്ധിച്ചുള്ള ലഘുലേഖകൾ ആരോഗ്യവകുപ്പ് വിതരണം ചെയ്തുകഴിഞ്ഞു. പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് മഞ്ഞപിത്ത രോഗത്തിനെതിരായുള്ള ബോധവൽക്കരണം നടത്തിവരികയാണ്..

രോഗബാധിത പ്രദേശത്തെ അടച്ച് പൂട്ടിയ ഹോട്ടലുകൾ പബ്ലിക് ഹെൽത്ത് ലാബിന്റെ പരിശോധനാ ഫലം വരുന്നതുവരെ തുറക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി ഹോം സ്റ്റേകളും, വിദ്യാർത്ഥികളും അന്യസംസ്ഥാന ജോലിക്കാർ തിങ്ങിപ്പാർക്കുന്ന വാടക കെട്ടിടങ്ങളും ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് നിയമവിധേയമാക്കാൻ പഞ്ചായത്തിന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ പ്രദേശത്തെ പ്രധാന സ്രോതസ്സായ പെരിയാർവാലി കനാലിലെ മാലിന്യങ്ങൾ നീക്കുന്നതിനുള്ള നീക്കം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതായിട്ടാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. കനാലിലെ മാലിന്യം കോരിയിടുന്നത് പാതയോരത്താണ്. ഇത് വീണ്ടും കനാലിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണെന്നും മാലിന്യക്കൂമ്പാരം ഗതാഗതത്തിന് തടസ്സമായി മാറിയിരിക്കുകയാണെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP