Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജി.എസ്.ടി സ്ലാബുകളിൽ ഏകീകരണവുമായി കേന്ദ്ര സർക്കാർ; മരുന്നുവിലയിൽ വീണ്ടും വർദ്ധനവ്; ഉയരുന്നത് മൂന്ന് ശതമാനം വില കേരളത്തിലെ കാരുണ്യ, ആർദ്രം പദ്ധതികൾക്ക് തിരിച്ചടി

ജി.എസ്.ടി സ്ലാബുകളിൽ ഏകീകരണവുമായി കേന്ദ്ര സർക്കാർ; മരുന്നുവിലയിൽ വീണ്ടും വർദ്ധനവ്; ഉയരുന്നത് മൂന്ന് ശതമാനം വില കേരളത്തിലെ കാരുണ്യ, ആർദ്രം പദ്ധതികൾക്ക് തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ചരക്ക് -സേവന നികുതി (ജി.എസ്.ടി)യുടെ രണ്ട് സ്ലാബുകൾ ഒന്നാക്കാനുള്ള തീരുമാനത്തോടെ രാജ്യത്തെ മരുന്നുവില വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്. രണ്ട് സ്ലാബുകൾ ഒന്നാകുന്ന തീരുമാനത്തോടെ മരുന്നുവിലയിൽ മൂന്ന് ശതമാനമാകും വർദ്ധനവ് നടപ്പിൽ വരിക. കഴിഞ്ഞ ജൂലൈയിൽ ജി.എസ്.ടി. നടപ്പാക്കുമ്പോൾ 70 ശതമാനത്തോളം മരുന്നുകൾക്ക് വില ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി 12, 18 ശതമാനം നികുതി സ്ലാബുകളാണ് യോജിപ്പിക്കാൻ അധികൃതർ ഉദ്ദേശിക്കുന്നത്. ഇത് 15 ശതമാനമാക്കി മാറ്റാമെന്ന് ജി.എസ്.ടി. കൗൺസിലിൽ അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്കായി ജൻധൻ ഔഷധി കേന്ദ്രങ്ങൾ ഉൾപ്പടെ പ്രവർത്തനം തുടങ്ങിയെങ്കിലും രാജ്യത്തെ മരുന്നുകളുടെ വിലവർദ്ധനവിന് അറുതിയിടാൻ കേന്ദ്രത്തിന് സാധിക്കില്ലെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യമായ മരുന്നുകൾക്ക് പോലും 12 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമർശനം ഉയർന്നതോടെ ഇതിന് പരിഹാരം കാണാനും ആലോചനകൾ കൊണ്ടുവന്നിരുന്നു. ചില അവശ്യ മരുന്നിനൊഴികെ രാജ്യത്തെ എല്ലാ മരുന്ന് കമ്പനികളും ഇത്തരത്തിൽ ജി.എസ്.ടി വിഹിതമെന്ന പേരിലും ഉയർന്ന വിലാണ് അവശ്യമരുന്നുകൾക്ക് പോലും ചാർജ് ചെയ്യുന്നത്.

ജി.എസ്.ടി. നടപ്പായപ്പോൾ വിലനിയന്ത്രണമുള്ള എഴുനൂറിലധികം മരുന്നുകൾക്ക് മൂന്നുമുതൽ എട്ടുശതമാനം വരെ വില കയറി. ജനങ്ങളുടേയും മെഡിക്കൽ കൗൺസിലിന്റേയും ആവശ്യപ്രകാരം പ്രമേഹമരുന്നായ ഇൻസുലിന്റെ നികുതി അഞ്ച് ശതമാനമാക്കി കുറച്ചിരുന്നു. രാജ്യത്തെ മരുന്നുപയോഗത്തിൽ 10 ശതമാനം വരുന്ന കേരളത്തിൽ വിലവർധന സർക്കാരിന് നേട്ടമാകുമെന്നാണ് പൊതുധാരണ.

കേരളത്തിലാണ് മരുന്നിന് ഏറ്റവും കൂടുതൽ ആവശ്യക്കാറുള്ളത്. അതിനാൽ തന്നെ മരുന്ന് വിലയുയരുന്നതോടെ ഒന്നരശതമാനം കൂടി നികുതിയായി കിട്ടുമെന്നതാണ് നിഗമനം. എന്നാൽ കാരുണ്യ, ആർദ്രം തുടങ്ങി ഒട്ടേറെ പദ്ധതികളിലേക്ക് സംസ്ഥാനം വാങ്ങുന്ന മരുന്നുകളുടെ വില ഉയരുമെന്നത് കനത്ത തിരിച്ചടിയാകും.

നടപ്പിലാക്കാൻ പോകുന്ന മൂന്ന് സ്ലാബുകളിൽ പ്രധാനമായവ :-

*മനുഷ്യരക്തഘടകങ്ങൾക്കും ഗർഭനിരോധന സംവിധാനങ്ങൾക്കും നികുതിയില്ല.

*മനുഷ്യർക്കും ജന്തുക്കൾക്കും രക്തത്തിലൂടെ നൽകുന്ന ചില കുത്തിവെപ്പുകൾ, ഹെപ്പറ്റൈറ്റിസ് നിർണയ കിറ്റുകൾ, വിളർച്ച രോഗികൾക്കുള്ള ഡെസ്‌ഫെറിയോക്സമിൻ, വൃക്കരോഗത്തിനുള്ള സൈക്ലോസ്‌പോരിൻ, ചികിത്സാസഹായ ഉപകരണങ്ങളിലും മറ്റും ഉപയോഗിക്കുന്ന അൺ-ബ്രാൻഡഡ് മരുന്നുകൾ എന്നിവയ്ക്ക് അഞ്ചുശതമാനം. കസ്റ്റംസിന്റെയും സെൻട്രൽ എക്സൈസിന്റെയും പ്രത്യേക പട്ടികയനുസരിച്ചുള്ള ജീവൻരക്ഷാ മരുന്നുകളും ഈ വിഭാഗത്തിലാണ്. 329 ഇനങ്ങൾ ഇതിലുണ്ടെങ്കിലും ചില അർബുദ മരുന്നുകളൊഴിച്ചാൽ മിക്കതും ഇപ്പോൾ ഉപയോഗത്തിലില്ല. ഇൻസുലിനെയും പിന്നീട് ഈ നിരക്കിലേക്കാക്കി.

*ബാക്കിയെല്ലാ മരുന്നുകൾക്കും 12 ശതമാനമാണ് നിരക്ക്.

ആരോഗ്യസംരക്ഷണം പ്രാഥമികതലത്തിൽ ശക്തമാക്കുന്ന ആർദ്രം പദ്ധതി ഭംഗിയായി പുരോഗമിക്കുകയാണിവിടെ. പൊതുചികിത്സാലയങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. കുറഞ്ഞത് 150 കോടിയെങ്കിലും മരുന്നുകൾക്ക് വേണ്ടിവരും. ജീവിതശൈലീരോഗികൾക്ക് ഒരുമാസത്തെ മരുന്നാണ് ഇതിൽ വിതരണം ചെയ്യുന്നത്. വില കൂടിയാൽ കൂടുതൽ തുക ഇതിനായി ബജറ്റിൽ നീക്കിവെക്കേണ്ടിവരും. പുതുതലമുറ മരുന്നുകളുടെ വില കൂടുമെന്നതും വലിയ ഭാരമാകുമെന്നും കണക്കാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP