Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നീ മുസ്ലീമാണല്ലേ... ഞാൻ ടീച്ചറിനോട് പറയും'; കൊച്ചുകുട്ടികളെ കള്ളം പറയാൻ പ്രേരിപ്പിക്കരുതെന്ന് പറയുന്ന നാം മതം കൊണ്ട് മനുഷ്യ മനസ്സുകളിൽ വേലി കെട്ടുകയാണ്: രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചുമകനുണ്ടായ അനുഭവം വെളിപ്പെടുത്തി ജസ്റ്റിസ് കമാൽ പാഷ

'നീ മുസ്ലീമാണല്ലേ... ഞാൻ ടീച്ചറിനോട് പറയും'; കൊച്ചുകുട്ടികളെ കള്ളം പറയാൻ പ്രേരിപ്പിക്കരുതെന്ന് പറയുന്ന നാം മതം കൊണ്ട് മനുഷ്യ മനസ്സുകളിൽ വേലി കെട്ടുകയാണ്: രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചുമകനുണ്ടായ അനുഭവം വെളിപ്പെടുത്തി ജസ്റ്റിസ് കമാൽ പാഷ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കുട്ടികളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്ന സമ്പ്രദായം ചില സ്‌കൂളുകളിലെങ്കിലുമുണ്ടെന്ന് ജസ്റ്റിസ് കമാൽപാഷ. തന്റെ കൊച്ചുമകന് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചു. പത്തനാപുരം അൽ അമീൻ പബ്ലിക് സ്‌കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കൊച്ചുമകനുണ്ടായ അനുഭവം അദ്ദേഹം വിവരിച്ചത്. പൗരത്വ നിയമ ഭേദഗതി ഇസ്ലാമിക വിരുദ്ധത സൃഷ്ടിക്കുന്നെന്ന വിചാരം ശക്തമാകുന്നതിനിടയിൽ കൊച്ചുമകന് സ്‌കൂളിൽ നിന്നും നേരിടേണ്ടി വന്ന ഞെട്ടിക്കുന്ന അനുഭവം പങ്കു വെച്ചത്. രണ്ടാം ക്ലാസുകാരനായ കൊച്ചുമകന്റെ ഡയറി നോക്കിയ സഹപാഠികൾ നീ മുസ്ലീമാണല്ലേ എന്ന് ചോദിച്ച ശേഷം ഇക്കാര്യം ടീച്ചറിനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

സ്‌കൂളിന്റെ പേര് വെളിപ്പെടുത്തുന്നില്ല എന്ന ആമുഖത്തോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജാതിയും മതവും വെച്ച് കുട്ടികളെ വേർതിരിക്കുന്ന സംഭവം സ്‌കൂളുകളിൽ പോലും ഉണ്ടെന്ന് പറഞ്ഞു. ഇസ്ലാമായി ജീവിക്കുക എന്നത് എന്തോ കുഴപ്പമുള്ളതായുള്ള തോന്നൽ കുട്ടികളിൽ പോലും ഉണ്ടാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചുമകൻ നേരിട്ട സംഭവത്തിൽ സ്‌കൂളിൽ പരാതിപ്പെടുകയും അവനോട് ഈ രീതിയിൽ ഇടപെട്ട കുട്ടികളുടെ മാതാപിതാക്കളെ വിളിച്ച് ഇക്കാര്യത്തിൽ ഉപദേശം നൽകണമെന്നും പറഞ്ഞതായി കമാൽപാഷ വിശദീകരിച്ചു. കൊച്ചുകുട്ടികളെ കള്ളം പറയാൻ പ്രേരിപ്പിക്കരുതെന്ന് പറയുന്ന നാം മതം കൊണ്ട് മനുഷ്യ മനസ്സുകളിൽ വേലി കെട്ടുകയാണെന്നും പറഞ്ഞു. വിദേശ രാജ്യങ്ങളിൽ റോഡിൽ നിന്നും പരസ്യമായി കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും മദ്യപിക്കുന്നതുമെല്ലാം കടമെടുക്കുന്ന നാം പക്ഷേ അവരുടെ നല്ല ശീലങ്ങളുടെ ഒരു ഭാഗവും എടുക്കാറില്ലെന്നും പറഞ്ഞു.

മകാൽ പാഷയുടെ പ്രസംഗത്തിൽ നിന്ന്...

''കുഞ്ഞുങ്ങളെ കള്ളം പറയാൻ പഠിപ്പിക്കരുത്. കുഞ്ഞുങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്ന സമ്പ്രദായം പല സ്‌കൂളുകളിലുമുണ്ട്. സ്‌കൂളിന്റെ പേര് ഞാൻ പറയുന്നില്ല. എന്റെ കൊച്ചുമോൻ പഠിക്കുന്ന സ്‌കൂളാണ്. രണ്ടാം ക്ലാസുകാരനാണ്. അവന്റെ ഡയറി എടുത്ത് നോക്കിയിട്ട് ഒരു കുട്ടി ചോദിക്കുകയാണ് നീ മുസ്ലിം ആണല്ലേ എന്ന്. അപ്പോൾ കൊച്ചുമോൻ അതേ എന്ന് പറഞ്ഞു. ഞാൻ ടീച്ചറോട് പറയും. അപ്പോൾ മുസ്ലിം എന്നു പറയുന്നത് ഏതാണ്ട് വലിയ കുഴപ്പമാണ്, ഒളിച്ചുവെക്കേണ്ട കാര്യമാണ് എന്നാണ് ആ കുട്ടികൾ ധരിച്ചിരിക്കുന്നത്. അവന്റെ കൂടെ രണ്ട് മൂന്ന് കുട്ടികൾ കൂടിയുണ്ട്. അതുശരി ഞങ്ങളും പറഞ്ഞുകൊടുക്കുമിതെന്നാണ് അവരും പറഞ്ഞത്. ഇതു കേട്ട് കൊച്ചുമകൻ കരച്ചിലായി.

ഇത് മനസിലാക്കിയശേഷം ഞാൻ സ്‌കൂളിൽ വിളിച്ച് പരാതി പറഞ്ഞു. നിങ്ങളുടെ സ്‌കൂളിന്റെ കുഴപ്പമല്ലിത്. പക്ഷേ നിങ്ങൾ ഈ കുട്ടികളുടെ രക്ഷ കർത്താക്കളെ വിളിച്ചുവരുത്തണം. ഈ കുഞ്ഞുങ്ങൾ ഈ രീതിയിൽ പെരുമാറണമെങ്കിൽ, എവിടന്ന് പഠിക്കുന്നു ഇത്. അച്ഛനമ്മമാരിൽ നിന്ന് തന്നെയാണ്. അവരെ വിളിച്ചുപറയണം ഇങ്ങനെ പെരുമാറാൻ പാടില്ല, കുട്ടികളെ ഇങ്ങനെ പഠിപ്പിക്കരുത് എന്ന്. എനിക്കതിലേ ഉള്ളൂ പരാതി. ആ കുഞ്ഞുങ്ങൾ തലതിരിഞ്ഞുപോകുന്നത് ആലോചിച്ചുനോക്കൂ. ഏഴുവയസ്സുകാരൻ ചിന്തിക്കുന്നതാണ് ഞാൻ പറഞ്ഞത്.

മനുഷ്യന്റെ മനസ്സുകളെ മതംകൊണ്ട് വേർതിരിക്കുന്നത്. വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്. നമ്മൾ കള്ളം പറയാനാണ് കുട്ടികളെ പഠിപ്പിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരാൾ വീട്ടിൽ വന്നാൽ ഞാൻ ഇവിടെയില്ലെന്ന് പറഞ്ഞേക്കാൻ കുട്ടിയെ ചുമതലപ്പെടുത്തുന്നു. കള്ളം പറയാൻ പഠിപ്പിക്കുകയാണ് ഇവിടെ. അത് അവന് കിട്ടുന്ന ഏറ്റവും വലിയ ലൈസൻസാണ്. അവൻ വേണമെങ്കിൽ നിങ്ങൾ ചത്തുപോയെന്ന് പറയും. ആ രീതിയിൽ പോലും കള്ളം പറയാൻ അവൻ പഠിക്കുകയാണ്.

വിദേശ രാജ്യങ്ങളുടെ സംസ്‌കാരങ്ങൾ പലതും നാം കടമെടുക്കും. അവരുടെ എന്തു വൃത്തികേടുകളുണ്ടോ അത് നാം കടമെടുക്കും. ഉദാഹരണം സ്വകാര്യത എന്ന് പറയുന്നത് അവർക്ക് വളരെ വലുതാണ്. ഇപ്പോൾ നമുക്കും വളരെ വലുതായിപ്പോയി. നമ്മൾ വിദേശ രാജ്യത്ത് നിന്നാണ് കടമെടുത്തത്. അവർക്ക് ചില നല്ല ഗുണങ്ങളുണ്ട്. അത് നമ്മൾ സ്വീകരിക്കില്ല. അമേരിക്കയിലൊക്കെ ഒരു കള്ളനെയോ കൊലപാതകിയെ പിടിച്ചാൽ ഉള്ളത് തത്ത പറയുന്നതുപോലെ അവൻ പറയും.

കാരണം സത്യം പറയണമെന്നത് അവന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന സംസ്‌കാരമായി മാറിയിട്ടുണ്ട്. നമ്മൾ എന്തുകൊണ്ട് അതു കടമെടുക്കുന്നില്ല. വൃത്തിക്കെട്ട കാര്യങ്ങൾ മാത്രം കടമെടുക്കുകയാണ്. അവൻ റോഡിൽ നിന്ന് കെട്ടിപ്പിടിക്കുന്നത് നാം കടമെടുക്കുന്നു. മദ്യപിക്കുന്നത് കടമെടുക്കുന്നു. നേരെ മറിച്ച് അവരുടെ നല്ല സംസ്‌കാരം നാം കടമെടുക്കുന്നുമില്ല.''

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP