Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടിഒ സൂരജ് വെറും പാവം; വലിയ കാട്ടുപോത്തുകൾ മാന്യന്മാരായി വിലസുന്നുണ്ട്; രണ്ട് അഴിമതിക്കാരുടെ പേരുകൾ നിയമസഭയിൽ ഞാൻ തന്നെ പറയും; വെളിപ്പെടുത്തലുമായി കെബി ഗണേശ് കുമാർ രംഗത്ത്‌

ടിഒ സൂരജ് വെറും പാവം; വലിയ കാട്ടുപോത്തുകൾ മാന്യന്മാരായി വിലസുന്നുണ്ട്; രണ്ട് അഴിമതിക്കാരുടെ പേരുകൾ നിയമസഭയിൽ ഞാൻ തന്നെ പറയും; വെളിപ്പെടുത്തലുമായി കെബി ഗണേശ് കുമാർ രംഗത്ത്‌

പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസിലുൾപ്പെട്ട മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന് പിന്തുണയുമായി മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ ബി ഗണേശ് കുമാർ രംഗത്ത്. വലിയ കാട്ടുപോത്തുകൾ വേറെയുണ്ടെന്നും സൂരജ് വെറും പാവമാണെന്നുമാണ് ഗണേശ് പറയുന്നത്.

മാന്യന്മാരുടെ മുഖംമൂടി ഉടൻ അഴിഞ്ഞുവീഴും. അടുത്ത നിയമസഭാസമ്മേളനത്തിൽ രണ്ട് അഴിമതിക്കാരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും ഗണേശ് പറഞ്ഞു. മാന്യന്മാരുടെ മുഖം മൂടി അഴിയുമെന്ന് സൂരജ് പറയുന്നത് ശരിയാണ്. രണ്ടു വ്യക്തികളുടെ പേരുകൾ താൻതന്നെ നിയമസഭയിൽ വെളിപ്പെടുത്തുമെന്നും ഗണേശ്‌കുമാർ പറഞ്ഞു.

ഇപ്പോൾ പിടിക്കപ്പെട്ട സൂരജ് വെറും പാവമാണ്. ഇതിനേക്കാൾ വലിയ കാട്ടുപോത്തുകൾ ഉദ്യോഗസ്ഥതലത്തിൽ വേറെയുമുണ്ടെന്നും പാലക്കാട്ട് ഒരു ചടങ്ങിൽ ഗണേശ് വ്യക്തമാക്കി. വരുന്ന നിയമസഭാ സമ്മേളനം ഇക്കാര്യത്തിൽ കോളിളക്കം സൃഷ്ടിക്കുമെന്നും ഗണേശ് സൂചന നൽകുന്നു.

മഹാന്മാരായി ചമഞ്ഞുനടക്കുന്ന പലരുടെയും പല കാര്യങ്ങളും അറിയാമെന്നു ടി ഒ സൂരജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, അവർ ആരൊക്കെ എന്നത് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും തെറ്റുകാരനെന്നു തെളിഞ്ഞാൽ ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണെന്നും സൂരജ് പറഞ്ഞു. ഇതിനു പിന്തുണയുമായാണ് ഇപ്പോ ഗണേശ് കുമാർ എത്തിയത്. ഒരാൾ മാത്രം കുറ്റക്കാരൻ എന്നു പറയുന്നതു യുക്തിസഹമല്ല. തെറ്റുകാരൻ എന്നു പ്രഖ്യാപിക്കേണ്ടത് അന്വേഷണ ഏജൻസിയല്ല, നിയമമാണ്. തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ടുള്ള രേഖകൾ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും സൂരജ് കഴിഞ്ഞ ദിവസം പറഞ്ഞു.

മുൻ മന്ത്രികൂടിയായ ഗണേശ് കുമാറിന്റെ പ്രസ്താവന കേരളത്തിൽ പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരെയാണ് ഗണേശിന്റെ വെളിപ്പെടുത്തലെന്നത്് കേരളത്തിലെ ഉന്നതോദ്യോഗസ്ഥരിൽ പലരുടെയും ഉറക്കം ഇതിനകം കെടുത്തിക്കഴിഞ്ഞു. ഉന്നത തലങ്ങളിൽ പിടിപാടുള്ള ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ കഴുത്തിൽ പിടിവീഴാതിരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

കൂടുതൽ കരുത്തനാകാനുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രമം മന്ത്രിസഭയിൽ ഇതിനകം ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. സൂരജിനെതിരായ നടപടികൾ രഹസ്യമാക്കി വച്ചിരുന്ന ആഭ്യന്തരമന്ത്രിയും വിജിലൻസും കനത്ത തിരിച്ചടിയാണ് ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള നേതാക്കൾക്കു നൽകിയത്. ഉദ്യോഗസ്ഥതലത്തിലേക്കു കൂടി ഗണേശ് കുമാർ ചർച്ച വഴിതിരിച്ചുവിട്ടതോടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ചേരിതിരിവിനും കേരളം സാക്ഷിയാകുമെന്നുറപ്പാണ്.

അതിനിടെ സൂരജ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്ത് കെ മുരളീധരൻ എംഎൽഎ രംഗത്തെത്തി. സത്യങ്ങളെല്ലാം വെളിപ്പെടുത്താൻ സൂരജ് തയ്യാറാകണമെന്നും ഇതിനുള്ള ധൈര്യം കാട്ടണമെന്നും മുരളീധരൻ പറഞ്ഞു. അഴിമതിക്കാർ എത്ര ഉന്നതരായാലും നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP