Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആധുനികചികിത്സാ സൗകര്യങ്ങളുള്ളപ്പോൾ കുഷ്ഠരോഗത്തെ ഭയക്കേണ്ടതില്ല; രോഗം വന്നാൽ ഭയക്കാതെ ചികിത്സയ്ക്ക് സംവിധാനമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

ആധുനികചികിത്സാ സൗകര്യങ്ങളുള്ളപ്പോൾ കുഷ്ഠരോഗത്തെ ഭയക്കേണ്ടതില്ല; രോഗം വന്നാൽ ഭയക്കാതെ ചികിത്സയ്ക്ക് സംവിധാനമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ആധുനികചികിത്സാ സൗകര്യങ്ങളുള്ള ഇക്കാലത്ത് കുഷ്ഠരോഗത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ദേശീയ കുഷ്ഠരോഗ നിർമ്മാർജന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാങ്ങപ്പാറ എം.സി.എച്ച് യൂണിറ്റിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുഷ്ഠരോഗ നിർമ്മാജന പരിപാടികളുടെ ഭാഗമായി ശക്തമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. ആയിരത്തിൽ 0.2 പേർക്ക് രോഗമുണ്ടായിരുന്നത് ഇപ്പോൾ 0.1 ആക്കി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങളായി ഓരോ സമയപരിധിയിലും കൈവരിക്കേണ്ട കാര്യങ്ങൾക്കായി 13 വിദഗ്ധസംഘങ്ങളായി തിരിഞ്ഞ് ആരോഗ്യവകുപ്പ് പ്രവർത്തനം നടത്തുകയാണ്. ഈ ലക്ഷ്യങ്ങൾക്കായുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തുന്നത്.

കുഷ്ഠരോഗനിർമ്മാർജനത്തിനായി കുട്ടികളുടെ ഇടയിൽ നടത്തിയ സ്‌ക്രീനിംഗിൽ 44 പേരിൽ രോഗം കണ്ടെത്തി ചികിത്സ നൽകാനായി. ഇത്തരം രോഗങ്ങളെ ഒളിച്ചുവെക്കാതെ കണ്ടെത്തി ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ഏറെ ഭയപ്പെടുകയും കുഷ്ഠ രോഗിയെത്തന്നെ മാറ്റിനിർത്തുകയും ചെയ്യുന്ന അവസ്ഥയായിരുന്നു സമൂഹത്തിൽ മുമ്പ്. കുഷ്ഠരോഗത്തിൻേറതുൾപ്പെടെയുള്ള സാനിറ്റോറിയങ്ങൾ പരിഷ്‌കരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. സാനിറ്റോറിയത്തിലെ അന്തേവാസികളുടെ അലവൻസുകൾ വർധിപ്പിച്ചിട്ടുണ്ട്.

സ്‌ക്രീനിങ് ഉൾപ്പെടെയുള്ള നടപടികളിലൂടെ രോഗം കണ്ടുപിടിക്കാനും തടയാനും ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. രോഗം വന്നാൽ ഭയക്കാതെ ചികിത്സയ്ക്ക് സംവിധാനമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പുകളും പരിശോധനയുമായി രോഗവ്യാപനം തടയാൻ ശക്തമായ നടപടികൾ എടുക്കുന്നുണ്ട്. ആർദ്രം മിഷന്റെ ഭാഗമായി പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും സഹായിക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങളാണ് സജ്ജീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കുഷ്ഠരോഗ ബോധവത്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ 'ഒപ്പം ഞങ്ങളുണ്ട്' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും, സ്‌കൂളുകളിൽ സംഘടിപ്പിച്ച സ്‌കിറ്റ് മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

മജീഷ്യൻ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായിരുന്നു. വാർഡ് കൗൺസിലർ എൻ.എസ്. ലതാകുമാരി അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, അഡീ. ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത, പാങ്ങപ്പാറ എം.സി.എച്ച് യൂണിറ്റ് അഡ്‌മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. കെ.എച്ച്. രതീഷ്, സ്റ്റേറ്റ് ലെപ്രസി ഓഫീസർ ഡോ.ജെ. പത്മലത തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ആരോഗ്യബോധവത്കരണ കലാപരിപാടികളും നടന്നു. ചടങ്ങിന് മുന്നോടിയായി മാങ്കുഴി മുതൽ പാങ്ങപ്പാറ വരെ റാലിയും സംഘടിപ്പിച്ചു.

ഫെബ്രുവരി 13 വരെ പക്ഷാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ സംസ്ഥാനമാകെ നടത്തും. 'കുട്ടികളിലെ കുഷ്ഠരോഗ സ്ഥിരീകരണം സമൂഹത്തിൽ കുഷ്ഠരോഗബാധിതർ ഉണ്ട് എന്നതിന്റെ സൂചന, ഒരുമിക്കാം കുഷ്ഠരോഗത്തെ കീഴടക്കാം' എന്നന്നിവയാണ് ഈ വർഷത്തെ സന്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP