Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാർഡ് മന്ത്രി കെ.കെ. ശൈലജ ഏറ്റുവാങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൽ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഏറ്റുവാങ്ങി. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. കേരളത്തിൽ നിന്നും വിവിധ കാറ്റഗറികളിലായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇതിന് മുമ്പ് അവാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് ആദ്യമായാണ് ലഭിക്കുന്നത്. എൻഎച്ച്എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിങ് ഏജൻസി വിഭാഗത്തിൽ 2018 ലും കേരളത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.

ഈ സർക്കാർ അധികാരമേറ്റതിന് ശേഷം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന നൂതന പദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഭിന്നശേഷി മേഖലയുടെ സമഗ്ര പുരോഗതിക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിന്റെ ഭാഗമായി പി.എസ്.സി.യിലും കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിലും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് 4 ശതമാനം ജോലി സംവരണം ഏർപ്പെടുത്തി. ഗർഭസ്ഥ ശിശു മുതൽ ശയ്യാവലംബർ വരെയുള്ള മുഴുവൻ ഭിന്നശേഷിക്കാരേയും മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വിപുലമായ പ്രവർത്തനങ്ങളാണ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണറേറ്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ്, കേരള സാമൂഹ്യസുരക്ഷാ മിഷൻ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, നിപ്മർ (NIPMR) തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനുള്ള അനുയാത്രാ പദ്ധതി, സാമൂഹ്യപുനഃരധിവാസം ഉറപ്പുവരുത്തുന്നതിനുള്ള നൂതന പരിപാടികൾ, അടിയന്തിര ഘട്ടങ്ങൾ നേരിടുന്നതിനുള്ള പരിരക്ഷ പദ്ധതി, വിവിധ ക്ഷേമ പദ്ധതികൾ, സാങ്കേതിക വിദ്യയുടെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള അസിസ്റ്റീവ് ടെക്നോളജി തുടങ്ങിയ പദ്ധതികളും ഭിന്നശേഷി മേഖലയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ 16 ഓളം ക്ഷേമ പദ്ധതികളാണ് നടത്തി വരുന്നത്. 1500 ഓളം പേർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്ത ശുഭയാത്ര പദ്ധതി, ഗുരുതരഭിന്നശേഷിക്കാരായ 12 വയസുവരെയുള്ള കുട്ടികളുടെ പേരിൽ 20000 രൂപ സ്ഥിര നിക്ഷേപം നടത്തുന്ന 'ഹസ്തദാനം' പദ്ധതി, 100 പേർക്ക് ലാപ്ടോപ് വിതരണം ചെയ്ത കാഴ്ച പദ്ധതി എന്നിവ കോർപറേഷന്റെ പ്രധാന പദ്ധതികളാണ്.

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി മേഖലയിൽ അനിവാര്യമായ ഇടപെടലുകൾ നടത്തുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും വേണ്ടി 'അനുയാത്ര' എന്ന പേരിലുള്ള ഒരു സമഗ്ര പരിപാടി നടപ്പാക്കി വരികയാണ്. ഭിന്നശേഷി മേഖലയിൽ നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ മുതൽ പുനരധിവാസം വരെയുള്ള സമഗ്ര ജീവിത ചക്ര സമീപനമാണ് 'അനുയാത്ര' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിൽ സ്വീകരിച്ചിട്ടുള്ളത്. ഈ പദ്ധതികൾ ഫലപ്രാപ്തിയെത്തുന്നതിന്റെ സൂചനയാണ് ഈ അവാർഡെന്നും മന്ത്രി വ്യക്തമാക്കി.

കാഴ്ച പരിമിതിയിൽ മികച്ച വനിത ജീവനക്കാർക്കുള്ള അവാർഡ് വിഭാഗത്തിൽ ബേബി ഗിരിജ, പുരുഷ വിഭാഗത്തിൽ ബാലൻ പൂത്തേരി എന്നിവരും മികച്ച സർഗാത്മക ഭിന്നശേഷി വനിത വിഭാഗത്തിൽ എസ്. കൺമണി, പുരുഷ വിഭാഗത്തിൽ ആർ. രാകേഷ് കുമാർ, മൾട്ടിപ്പിൾ ഡിസബിലിലിറ്റി വിഭാഗത്തിൽ സി. പ്രശാന്ത് എന്നിവരും കേരളത്തിന് പുറത്ത് താമസിക്കുന്ന നിരവധി മലയാളികളും അവാർഡുകൾ ഏറ്റുവാങ്ങി.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻ കുട്ടി എന്നിവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP