കൊല്ലപ്പെട്ടവരുടെ കുടുംബം തനിക്ക് നേരെ ആരോപണം ഉയർത്തുന്നത് എന്തിനെന്ന് അറിയില്ല; മുസ്തഫയുടെ കൊലവിളി പ്രസംഗത്തോട് യോജിപ്പുമില്ല; കൊലപാതക കേസിൽ ഏത് വിധം അന്വേഷണം നേരിടാനും തയ്യാർ; പെരിയ ഇരട്ടക്കൊലപാതകത്തിൽ ആരോപണങ്ങൾക്ക് മറുപടിയുമായി ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ
February 21, 2019 | 03:58 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് ശരത് ലാൽ (ജോഷി) എന്നിവരുടെ ഇരട്ടക്കൊലപാതകത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന് മാത്രമല്ല പങ്ക് എന്ന് കോൺഗ്രസ് ആദ്യഘട്ടം മുതൽ തന്നെ ആരോപിക്കുന്നുണ്ട്. ജില്ലാ നേതാക്കൾക്കും കണ്ണൂരിൽ നിന്നുള്ളവർക്കും നേരെ വരെ ആരോപണം നീണ്ടപ്പോൾ സ്ഥലം എംഎൽഎ കെ കുഞ്ഞിരാമനേയും കോൺഗ്രസ് ആരോപണ വിധേയരുടെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാലിപ്പോൾ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സ്ഥലം എംഎൽഎ കെ കുഞ്ഞിരാമൻ.
തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ തന്നെ നേരിട്ട് എത്തുകയാണ്. എന്ത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും പീതാംബരൻ കൊലപാതകം നടത്തിയത് പാർട്ടിയുടെ അറിവോടെയല്ലെന്നും കുഞ്ഞിരാമൻ പറഞ്ഞു. പ്രചതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർ വലിയ ആരോപണങ്ങളാണ് കുഞ്ഞിരാമന് എതിരെ ഉന്നയിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബം തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്ന പറഞ്ഞ കുഞ്ഞിരാമൻ. വിപിപി മുസ്തഫയുടെ കൊലവിളി പ്രസംഗം പാർട്ടി അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.
ഉദുമയിലെ സിറ്റിങ് എംഎൽഎ കെ കുഞ്ഞിരാമനും മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.പാർട്ടി അറിയാതെ പീതാംബരൻ കൃത്യം നടത്തില്ല എന്ന് പീതാംബരന്റെ ഭാര്യയും മകളും പറയുന്നു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. കേസിൽ കുഞ്ഞിരാമന്മാരുടെ പങ്ക് എന്താണെന്ന് അന്വേഷിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഉദുമ എംഎൽഎ കുഞ്ഞിരാമന്റെ നിർദ്ദേശപ്രകാരമാണ് കൊല നടത്തിയതെന്ന് മരിച്ച കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ പറയുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
'മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ പീതാംബരന്റെ വീട്ടിൽ പോയി ബന്ധുക്കൾക്ക് പണം നൽകിയത് ഗൂഢാലോചനയുടെ തെളിവാണെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. ഉദുമ ക്ഷേത്രത്തിന്റെ പെരുങ്കളിയാട്ട് സംഘാടക സമിതിയിൽ ഉള്ള സ്ഥലം എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടറിയും സ്ഥലത്തുണ്ടായിട്ടും ഭക്ഷണ സമയത്ത് മാറി നിന്നത് ദുരൂഹത വർധിപ്പിക്കുന്നുവെന്നും ഇതൊന്നും തന്നെ പൊലീസ് അന്വേഷിച്ചില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചിരുന്നു.
