Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൈയാങ്കളിക്ക് നടുവിൽ കെ എം മാണി അവതരിപ്പിച്ച ബജറ്റിൽ കാർഷിക - ആരോഗ്യ മേഖലകൾക്ക് ഊന്നൽ; റബർ കർഷകരെ കൈയിലെടുക്കാൻ താങ്ങുവില; കാർഷികവായ്‌പ്പ തിരിച്ചടയ്ക്കുന്നവരുടെ പലിശബാധ്യത ഏറ്റെടുക്കും; കുടുംബ ബജറ്റിനെ താളംതെറ്റിച്ച് പഞ്ചസാര, വെളിച്ചെണ്ണ, ഇന്ധന വിലകളിലെ വർദ്ധനവ്

കൈയാങ്കളിക്ക് നടുവിൽ കെ എം മാണി അവതരിപ്പിച്ച ബജറ്റിൽ കാർഷിക - ആരോഗ്യ മേഖലകൾക്ക് ഊന്നൽ; റബർ കർഷകരെ കൈയിലെടുക്കാൻ താങ്ങുവില; കാർഷികവായ്‌പ്പ തിരിച്ചടയ്ക്കുന്നവരുടെ പലിശബാധ്യത ഏറ്റെടുക്കും; കുടുംബ ബജറ്റിനെ താളംതെറ്റിച്ച് പഞ്ചസാര, വെളിച്ചെണ്ണ, ഇന്ധന വിലകളിലെ വർദ്ധനവ്

തിരുവനന്തപുരം: കേരളനിയമസഭ കണ്ട ഏറ്റവും വലിയ കലാപങ്ങൾക്കൊടുവിൽ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച 2015-16 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ കാർഷിക - ആരോഗ്യ മേഖലകൾക്ക് കൂടുതൽ ഊന്നൽ. ഇതിൽ തന്നെ കേരളാ കോൺഗ്രസിന്റെ വോട്ട് ബാങ്ക് കൂടിയായ റബർ കർഷകരെ തൃപ്ത്തിപ്പെടുത്തുന്ന തീരുമാനങ്ങളാണ് ബജറ്റിൽ മാണി പ്രഖ്യാപിച്ചിരിക്കുന്നത്. ബാർകോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ കേവലം ആറ് മിനിറ്റ് മാത്രം ബജറ്റ് വായിച്ച മാണി നിയമസഭയിലെ മീഡിയ സെന്ററിന് മുന്നിലെത്തിയാണ് വിശദമായി തന്റെ ബജറ്റ് വായിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.

നിയമസഭയിലെ സംഘർഷത്തെ കുറിച്ച് സംസാരിച്ചാണ് മാണി ബജറ്റ് അവതരണം തുടങ്ങിയത്. ഏറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് താൻ ബജറ്റ് അവതരിപ്പിച്ചതെന്ന മാണി പറഞ്ഞു. ഇതൊന്നും തനിക്ക് പുത്തരിയല്ല. ഇതൊന്നും വേദനിപ്പിച്ചിട്ടില്ല. ഒന്നിൽ മാത്രമേ വിഷമമുള്ളൂ. പള്ളിയിൽ പോയി ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം പ്രതിപക്ഷം മുടക്കി. ചോരപ്പുഴ ഒന്നും ഒഴുകുമെന്ന് താൻ കരുതിയിരുന്നില്ല. അങ്ങനെ ഉണ്ടായുമില്ല. രക്തസാക്ഷികളെ സൃഷ്ടിക്കുക എന്നതാണ് സിപിഎമ്മിനും ബിജെപിക്കുമുള്ളത്. അതൊക്കെ വിഫലമായി. പതിമൂന്നിന് നടത്താൻ തീരുമാനിച്ചപ്പോൾ ദുർദിനമാണെന്ന് താൻ പറയുകയുണ്. 13ാം ദിനം കേരള നിയമസഭയുടെ ദുർദിനമാണെന്നും പലരും പറഞ്ഞെങ്കിലും ഞാൻ മുന്നോട്ടു പോകുകയായിരുന്നു. തനിക്കെതിരെ ഇപ്പോൾ കുറ്റംപറയുന്ന പലരും തന്റെ മുൻ ബജറ്റ് അഭിനന്ദിച്ചിട്ടുണ്ടെന്നും മാണി പറഞ്ഞു.

സാമ്പത്തിക വളർച്ചക്ക് തന്റെ ബജറ്റ് ഉപകരിച്ചുവെന്നും മാണി പറഞ്ഞുകൊണ്ടാണ് മാണി മാദ്ധ്യമപ്രവർത്തകർക്ക് മുമ്പിൽ ബജറ്റ് വിശദമായി മായിച്ചത്. ഏഴു മേഖലകളിൽ ഊന്നൽ നൽകിയാണ് വികസനം ഉറപ്പാക്കുകയെന്ന് മാണി പറഞ്ഞു. കൃഷിക്ക് പ്രാഥമിക പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് റബർ കർഷകരെ സഹായിക്കുന്ന പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയത്. റബ്ബർ വിലസ്ഥിരതാ ഫണ്ട്, റബ്ബറിന് കിലോയ്ക്ക് 150 രൂപ താങ്ങുവില തുടങ്ങിയവ ഉൾപ്പടെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്ന നിരവധി പദ്ധതികളാണ് മാണി തുടർന്ന് പ്രഖ്യാപിച്ചത്. 150 രൂപ താങ്ങുവില പ്രകാരം 20,000 മെട്രിക് ടൺ റബ്ബർ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞത് റബർ കർഷകർക്ക് ശരിക്കും ആശ്വാസമായി. 300 കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയത്.

നെൽകർഷകർക്ക് സഹായകരമാകുന്ന പദ്ധതിയായിരുന്നു ബജറ്റിലെ മറ്റൊരു പ്രധാന ഹൈലൈറ്റ്. നെല്ലു സംഭരണത്തിനായി ബജറ്റിൽ 300 കോടി വകയിരുത്തി. നെല്ല് സംഭരിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കർഷകന് സബ്‌സിഡി തുക നൽകുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയതായി മന്ത്രി അറിയിച്ചു. കാർഷിക വായ്പ തിരിച്ചടയ്ക്കുന്നവരുടെ മുഴുവൻ പലിശ ബാധ്യതയും ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കാർഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകരുടെ പലിശബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്.

സർക്കാർ ഏറെ പ്രോത്സാഹിപ്പിക്കുന്ന നീര പദ്ധതികൾക്കും സർക്കാർ അനുകൂലമായ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. ടെക്‌നിഷ്യന്മാർക്ക് പരിശീലനത്തിനായി ഒരാൾക്ക് 10,000 രൂപവീതം സബ്‌സിഡി അനുവദിക്കുമെന്നതാണ് ഇതിലെ പ്രധാന പ്രഖ്യാപനം. തേൻ ഉൽപാദനം കൂട്ടാൻ ഹണി മിഷൻ എന് പേരിൽ പദ്ധതിയും മാണി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസന മേഖലയിലാണ് മറ്റുള്ള പ്രധാന പ്രഖ്യാപനങ്ങൾ. ഈമേഖലയ്ക്കായി 25,000 കോടി രൂപ സമാഹരിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതിന് വകയിരുത്തിയ 2000 കോടി രൂപ മൂലധനമായി ഉപയോഗിച്ച് കേരള അടിസ്ഥാന സൗകര്യ വികസന ഫണ്ട് ബോർഡാണ് പൊതുവിപണിയിൽനിന്ന് പണം കണ്ടെത്തുക. സബർബൻ റെയിൽവേ കോറിഡോർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലെ ലൈറ്റ് മെട്രോ, ഉൾനാടൻ ജലഗതാഗത വികസനം, വിമാനത്താവളങ്ങളും അവയുടെ വികസനം, പ്രധാന വൈദ്യുത നിലയങ്ങളുടേയും പ്രധാന തുറമുഖങ്ങളുടേയും വികസനം, വൻകിട കുടിവെള്ള പദ്ധതികൾ, പ്രധാന ഹൈവേകൾ നാലുവരിയാക്കൽ തുടങ്ങിയവയ്ക്കാണ് ഈ തുക ഉപയോഗിക്കുക.

സംസ്ഥാനത്തിന്റെ സുവർണ്ണ പദ്ധതികളായ വിഴിഞ്ഞം പദ്ധതിക്കും കൊച്ചി മെട്രോയ്ക്കുമുള്ള തുക വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് 600 കോടിയും കൊച്ചി മെട്രോയ്ക്ക് 940 കോടിയും മാണി പ്രഖ്യാപിച്ചു. കൂടാതെ ഭരണവേഗം കൂട്ടുന്ന ഡിജിറ്റൽ പദ്ധതി നടപ്പാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴിയാക്കും. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയെന്ന് മാണി പറഞ്ഞു. ഒന്നേമുക്കാൽ ലക്ഷം കുടുംബങ്ങൾക്ക് പാർപ്പിടം ഉറപ്പാക്കുന്ന ഭവനനിർമ്മാണ പദ്ധതി നടപ്പാക്കുമെന്ന് മാണി. സമ്പൂർണ ആരോഗ്യകേരളം പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

ആരോഗ്യമേഖലയിൽ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ ഏവർക്കും സഹായകമാകുന്നതാണ്. എല്ലാവർക്കും ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ആരോഗ്യ കേരളം പദ്ധതി പ്രകാരം സ്മാർട്ട് കാർഡ് ലഭ്യമാക്കും. അർഹരായവർക്ക് പദ്ധതിവഴി സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാം. ചികിത്സാ ആനൂകുല്യത്തിന് അപേക്ഷിക്കാൻ വെബ് അധിഷ്ഠിത സംവിധാനവും തയ്യാറാക്കും. 500 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.

അതേസമയം കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന പ്രഖ്യാപനങ്ങളും മാണിയുടെ ബജറ്റിലുണ്ട്. അരി, അരി ഉത്പന്നങ്ങൾ, ഗോതമ്പ്, എന്നിവയ്ക്ക് ഒരു ശതമാനവും മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് അഞ്ച് ശതമാനവും നികുതി കൂട്ടിയതോടെ വില ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പഞ്ചസാരയ്ക്ക് രണ്ട് ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വെളിച്ചെണ്ണയ്ക്ക് ഒരുശതമാനവുമാണ് നികുതി ഏർപ്പെടുത്തിയത്. പെട്രോളിനും ഡീസലിനും ഒരു രൂപ തീരുവ ഏർപ്പെടുത്തിയത് സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാക്കാനിടയാക്കിയേക്കും. നിരവധി പുതിയ നികുതി നിർദ്ദേശങ്ങളും ബജറ്റിലുണ്ട്. സർക്കാർ സേവനങ്ങളുടെ ഫീസ് വർധിപ്പിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ നിരക്ക് എന്നിവയിലും വർധനവുണ്ടാകും.

ആഢംബര ബൈക്കുകൾക്കും വാഹനങ്ങൾക്കും നികുതി ഉയർത്തി. ഇവയുടെ വില ഉയരും. ഒരുലക്ഷം രൂപവരെ വിലവരുന്ന പുതിയ മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി നിലവിലുള്ള 6 ശതമാനത്തിൽ നിന്നും 8 ശതമാനമായും ഒരു ലക്ഷത്തിനു മുകളിൽ 2 ലക്ഷം രൂപ വിലവരുന്ന മോട്ടോർസൈക്കിളുകളുടെ ഒറ്റത്തവണ നികുതി 8 ശതമാനത്തിൽ നിന്നും 10 ശതമാനമായും 2 ലക്ഷത്തിനു മുകളിൽ വിലവരുന്ന ആഡംബര ബൈക്കുകളുടെ ഒറ്റത്തവണ നികുതി 20 ശതമാനമായും വർദ്ധിപ്പിക്കും. ഇതുവഴി സർക്കാരിനു ഒരു വർഷം 100 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായും മാണി പറഞ്ഞു.

സംസ്ഥാനത്ത് പ്രവേശിക്കുന്ന, സർവീസ് നടത്തുന്ന മേൽത്തരം ലക്ഷ്വറി വാഹനങ്ങളിൽ നിന്നും ഒരു മാസത്തേയ്ക്ക് 10,000 രൂപ എന്ന നിരക്കിലും ഒരു മാസത്തിനുമുകളിൽ ഉള്ള ഓരോ മാസത്തേയ്ക്കും 5000 രൂപ നിരക്കിലും നികുതി ഏർപ്പെടുത്തും. ഇതിലൂടെ സർക്കാരിനു വരുംവർഷം ഒരുകോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായും ബജറ്റിൽ പറയുന്നു.

കെ എം മാണിയുടെ പതിമൂന്നാമത്തെ ബജറ്റിലെ മറ്റ് വിശദാംശങ്ങൾ ഇവയാണ്:

  • സംസ്ഥാനത്തിന്റെ മൊത്തം കടം 14.92% ഉയർന്ന് 1,19,009 കോടി രൂപയായി
    നികുതി വരുമാനത്തിന്റെ 86% ചെലവാക്കുന്നത് ശമ്പളം, പെൻഷൻ,പലിശ, സബ്‌സിഡി എന്നിവയ്ക്കായി
    വളർച്ചാനിരക്ക് 6.27% ആയി, നികുതി വരുമാനത്തിൽ ഇടിവ്
    റവന്യൂക്കമ്മി 2.68ൽ നിന്ന് 2.81 ശതമാനമായി
    പ്രവാസി നിക്ഷേപത്തിൽ 41.84% വളർച്ച
    ശബരിമല മാസ്റ്റർ പഌനിന് 25 കോടി.
    ട്രഷറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 12 കോടി.
    പൊതുജനത്തിന് ട്രഷറികളിൽ ലോക്കർ സൗകര്യം ഉണ്ടാക്കുന്നതിന് 50 കോടി.
    സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് സബ്‌സിഡി. 20 കോടി രൂപ ഇതിലേയ്ക്കായി വകയിരുത്തി.
    മൈദയ്ക്കും ആട്ടയ്ക്കു നികുതി
    മൈദ, ആട്ട, സൂചി, റവ എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി
    ഗ്രാമീണ യുവാക്കളുടെ നൈപുണ്യ വികസനത്തിന് പദ്ധതി.
    ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് ഏറണാകുളത്ത് പ്രാക്ടിക്കൽ ലേണിങ് ഹബ് ഏർപ്പെടുത്തും.
    കറുകച്ചാലിൽ വനിതാ ഐ.ടി.ഐ സ്ഥാപിക്കും.
    വെളിച്ചെണ്ണയ്ക്ക് നികുതി ഉയർത്തി. വില ഉയരും.
    അരി, അരിയുൽപന്നങ്ങൾക്ക് നികുതിമുക്തമാക്കും. അരിവില കുറയും.
    ആഡംബര ബൈക്കുകൾക്കും വാഹനങ്ങൾക്കും നികുതി ഉയർത്തി. ഇവയുടെ വില ഉയരും.
    പഌസ്റ്റിക് കപ്പ്, കളിപ്പാട്ടങ്ങൾ, ഫ്‌ലക്‌സ് ബോർഡുകൾക്ക് നികുതി ഉയർത്തി. വില കൂടും.
    റബർതടി പൂർണമായും നികുതിമുക്തമാക്കി. ദ്രവീകൃത ഇന്ധനത്തിന് ഒരു വർഷത്തേക്ക് നികുതിയിളവ്.
    ജിപ്‌സം വാൾപാനലുകൾക്ക് നികുതി ഇളവ്. വില കുറയും.
    കെഎസ്ആർടിസിക്ക് 210 കോടി
    ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാൻ 75 കോടി
    വെള്ളനാട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിന് അന്തരിച്ച സ്പീക്കർ ജി.കാർത്തികേയന്റെ പേരു നൽകും.
    കുടുംബശ്രീക്ക് 121 കോടി. തിരുവനന്തപുരത്തെ കുടുംബശ്രീ ആസ്ഥാനത്തിനായി അഞ്ചു കോടി.
    കൈത്തറി, കരകൗശല പ്രോൽസാഹനത്തിന് ട്രേഡ് ഫെസിലിറ്റേഷൻ സെന്ററുകൾക്കായി രണ്ടുകോടി.
    കുടുംബശ്രീക്ക് 122 കോടി. തിരുവനന്തപുരത്തെ ആസ്ഥാനത്തിനായി അഞ്ചു കോടി. കൈത്തറി, കരകൗശല പ്രോൽസാഹനത്തിന് ട്രേഡ് ഫെസിലിറ്റേഷൻ സെന്ററുകൾക്കായി രണ്ടുകോടി.
    വിവിധ ആനുകൂല്യങ്ങൾക്കുള്ള കുടുംബവരുമാന പരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കും.ഓട്ടോ്രൈഡവർമാർക്ക് ഇൻഷുറൻസ്, 90 ശതമാനം വിഹിതം സർക്കാർ വഹിക്കും.
    കിലയെ സർവകലാശാലയാക്കും. നാലു പുതിയ കാർഷിക പോളിടെകനിക്കുകൾ. കൊച്ചിയിൽ പെട്രോ കെമിക്കൽ പാർക്ക്.
    ക്ഷേമപെൻഷനകൾക്ക് 2710 കോടി.
    പേറ്റന്റ് ലഭിച്ച വിദ്യാർത്ഥിക്ക് അതിന് ചെലവാക്കിയ ബാങ്ക് വായ്പയ്ക്ക് അഞ്ച് വർഷം പലിശ ഇളവ്
    1000 സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് 1000 രൂപ വീതം നൽകും.
    തിരഞ്ഞെടുത്ത കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സൗജന്യ വൈഫൈ. ബാങ്കു വായ്പയുമായി ബന്ധിപ്പിച്ച് ഭവനനിർമ്മാണ പദ്ധതി.
    ഐടിഐ വിദ്യാർത്ഥികൾക്ക് ഏറണാകുളത്ത് പ്രാക്ടിക്കൽ ലേണിങ് ഹബ് ഏർപ്പെടുത്തും.
    എല്ലാവർക്കും പാർപ്പിടം പദ്ധതി. 488 കോടിയുടെ ഭവന നിർമ്മാണ പദ്ധതി.
    പുതുതായി മൂന്ന് ഭവന പദ്ധതികൾ. 1.45 ലക്ഷം കുടുംബങ്ങൾക്ക് 75000 ഫ്ളാറ്റുകൾ.
    ബി.പി.എൽ കുടുംബങ്ങൾക്ക് 75000 വീടുകൾ.
    ഗൃഹ ശ്രീ പദ്ധതിക്ക് 20 കോടി. സൗഭാഗ്യ ഭവന പദ്ധതിക്ക് 10 കോടി.
    ഐ.ടി മേഖലഐ.ടി മേഖലക്ക് 475 കോടി രൂപ. മുനിലിപ്പാലിറ്റികളിൽ എല്ലാവർക്കും സൗജന്യ വൈഫൈ.
    കാർഷിക മേഖലനീര ഉത്പാദനം പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി
    യുവ സംരംഭകർക്ക് ആറു കോടിയുടെ സ്വീറ്റ് ഫണ്ട്.
    ഉപരിപഠനത്തിനും ഗവേഷണത്തിനും സഹായമായി പ്രതിവർഷം 30,0000 വരെ മൂന്ന്! വർഷത്തേക്ക് വായ്‌പ്പ അനുവദിക്കും. തുടർപഠനം ചെയ്യാൻ കഴിയാത്തവർക്കായുള്ള പ്രത്യേക പാക്കേജ്.
    ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവടിങ്ങളിൽ നാലു പുതിയ പോളിടെക്‌നിക്കുകൾ
    മുതർന്ന പത്രപ്രവർത്തകർക്കു ക്ഷേമ പെൻഷൻ അനുവദിക്കും.
    പാലക്കാട് മെഗാ ഫൂഡ് പാർക്ക്, തൊടുപുഴയിൽ , സ്‌പൈസസ് പാർക്ക്, കളമശേരി ഹൈടെക് പാർക്ക്, കഴക്കൂട്ടം ഫിലിം ആൻഡ് വീഡിയോ പാർക്ക്,എന്നിവ സ്ഥാപിക്കും
  • കെ എം മാണിയുടെ ബജറ്റിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP