Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുമ്പൊരു അഴിമതിക്കേസിൽ ഞാൻ ഉപദ്രവിച്ചു എന്ന തോന്നലാണ് എനിക്കെതിരെ തിരിയാൻ കാരണം; ഒരാളുടെ ബന്ധുവായ ജേക്കബ് തോമസ് എന്നെ മനഃപൂർവം വേട്ടയാടുന്നു; വിജിലൻസ് ഡയറക്ടർക്കെതിരെ ആഞ്ഞടിച്ചു കെ എം മാണി രംഗത്ത്

മുമ്പൊരു അഴിമതിക്കേസിൽ ഞാൻ ഉപദ്രവിച്ചു എന്ന തോന്നലാണ് എനിക്കെതിരെ തിരിയാൻ കാരണം; ഒരാളുടെ ബന്ധുവായ ജേക്കബ് തോമസ് എന്നെ മനഃപൂർവം വേട്ടയാടുന്നു; വിജിലൻസ് ഡയറക്ടർക്കെതിരെ ആഞ്ഞടിച്ചു കെ എം മാണി രംഗത്ത്

കോട്ടയം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ആഞ്ഞടിച്ചു മുൻ ധനമന്ത്രി കെ എം മാണി രംഗത്ത്. മുമ്പൊരു അഴിമതിക്കേസിൽ ഉപദ്രവിച്ചു എന്ന തോന്നലാണ് തനിക്കെതിരെ തിരിയാൻ കാരണമെന്നും മാണി പറഞ്ഞു. ഒരാളുടെ ബന്ധുവായ ജേക്കബ് തോമസ് എന്നെ മനഃപൂർവം വേട്ടയാടുകയാണെന്നും പാലായിൽ മാണി പറഞ്ഞു.

വ്യക്തിഹത്യ നടത്താനുള്ള ശ്രമം എന്തു വിലകൊടുത്തും ചെറുക്കും. സത്യത്തിനു വേണ്ടി നിലകൊണ്ട തന്നെ കേസിൽ കുടുക്കുന്നതിനു പിന്നിൽ ദുരൂഹതയും ദുരുദ്ദേശവുമുണ്ടെന്നും മാണി പറഞ്ഞു. ജേക്കബ് തോമസിനു തന്നോടു വിരോധമുണ്ടെന്നു കരുതി എന്തു തോന്ന്യാസവും ആകാമെന്ന നിലപാട് ശരിയല്ല. അദ്ദേഹം അഴിമതി നടത്തിയെന്ന് റിപ്പോർട്ട് വന്നപ്പോൾ വിജിലൻസിനു കൈമാറിയിരുന്നു. ഫിനാൻസ് ഇൻസ്‌പെക്ഷൻ വിങ് കേസ് അന്വേഷിച്ച് റിപ്പോർട്ട് നൽകുക മാത്രമാണു ചെയ്തത്. ഞാൻ കൂട്ടിലടക്കപ്പെട്ട തത്തയല്ല. കാണിച്ചു തരാം എന്നല്ലേ വിജിലൻസ് ഡയറക്ടർ പറയുന്നത്. ഒരു ഉദ്യോഗസ്ഥനെ പേടിച്ചു ജീവിക്കാൻ കഴിയില്ല. ഇനിയും പരീക്ഷണങ്ങൾ വരും.

വിജിലൻസ് 30ന് വൈകിട്ട് തന്നെ ചോദ്യം ചെയ്തിരുന്നു. 24 മണിക്കൂറിനകം തനിക്കെതിരെ വിജിലൻസ് എഫ്െഎആർ എടുത്തിരിക്കുന്നുവെന്നു മാദ്ധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. വാദിയെ പ്രതിയാക്കുന്ന നടപടിയാണിത്. തോംസൺ ഗ്രൂപ്പിന്റെ നികുതി വെട്ടിപ്പു നടന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. യുഡിഎഫ് സർക്കാർ ഇതു കണ്ടുപിടിച്ചു. 32 കോടി രൂപയുടെ വെട്ടിപ്പാണു നടന്നത്. പിഴ ഉൾപ്പെടെ 64 കോടി അടയ്ക്കാൻ യുഡിഎഫ് സർക്കാർ ഉത്തരവിടുകയാണു ചെയ്തത്. അവരെ സഹായിക്കുന്ന നടപടിയൊന്നും ധനമന്ത്രിയായിരുന്നപ്പോൾ സ്വീകരിച്ചിട്ടില്ല. തോംസൺ ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ അപ്പലെറ്റ് കമ്മറ്റിക്കു പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു. മറ്റു വിധികൾക്കു കാത്തു നിൽക്കാതെ നടപടി സ്വീകരിക്കുകയും റവന്യൂ റിക്കവറിക്ക് റവന്യൂ മന്ത്രിക്കു വിഷയം കൈമാറുകയും ചെയ്തു. തുടർന്ന് 30 ശതമാനം തുക കെട്ടിവയ്ക്കാൻ ഉത്തരവായി.

ഇതിനിടെ ഒരു കോടി രൂപ കെട്ടിവച്ച ശേഷം തോംസൺ ഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ ഫൈനൽ അപ്പലെറ്റ് അഥോറിറ്റി പുനഃപരിശോധന നടത്താൻ നിർദ്ദേശിച്ചെങ്കിലും 64 കോടി രൂപയും അടയ്ക്കാനാണു താൻ നടപടി സ്വീകരിച്ചത്. സർക്കാർ താൽപര്യം സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കാൻ വിജിലൻസ് ശ്രമിക്കുന്നതെന്നും കെ.എം. മാണി പറഞ്ഞു.

ഉദ്യോഗസ്ഥരെ കയറൂരി വിടുന്നത് ശരിയാണോയെന്ന് എൽഡിഎഫ് ആലോചിക്കണം. ഇങ്ങനെ ഒരു ഉദ്യോഗസ്ഥനെ എന്തും ചെയ്യാനായി അഴിച്ചു വിടുന്നതിനെക്കുറിച്ചു സർക്കാരും രാഷ്ട്രീയകക്ഷികളും മുന്നണികളുമെല്ലാം ചിന്തിക്കണം. തീക്കോയിക്കാരനായ ഉദ്യോഗസ്ഥന്റെ വേട്ടയാടലുകൾ വരും ദിവസങ്ങളിലുമുണ്ടാകും. ചിലരുടെ ബന്ധുവായ ഇദ്ദേഹത്തിനു എത്ര വിചാരിച്ചാലും തന്നെ കള്ളക്കേസിൽ കുടുക്കാൻ കഴിയില്ല. 50 വർഷത്തെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുള്ള തന്നെ പാലായിലെ ജനങ്ങൾക്ക് അറിയാം. ഇത്തരം പേടിപ്പിക്കലുകളിലൊന്നും കുലുങ്ങുന്നവനല്ല ഞാൻ. നിയമം നിയമത്തിന്റെ വഴിക്കു പോകും. ഞാനും ഒരു വക്കീലാണ്. മുൻപ് ഒരു അഴിമതിക്കേസിൽ ജേക്കബ് തോമസിനെ താൻ ഉപദ്രവിച്ചുവെന്ന തോന്നലാണു തനിക്കെതിരെ തിരിയാൻ കാരണമെന്നും കെ.എം. മാണി പറഞ്ഞു.

സ്വകാര്യ കോഴി ഫാം കമ്പനിയുടെ നികുതി കുടിശിക എഴുതി തള്ളിയതും ആയുർവേദ മരുന്നുകൾക്കു നികുതി ഇളവും നൽകിയതും വഴി സർക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ മാണിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഇതിനോടു പ്രതികരിക്കവെയാണു ജേക്കബ് തോമസിനെതിരെ മാണി ആഞ്ഞടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP