Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാൽപാടി വാസു വെടിയേറ്റുമരിച്ച സംഭവത്തിൽ താൻ പ്രതിയാണെന്ന് തെളിയിച്ചാൽ പിണറായി പറഞ്ഞ പണി താനെടുക്കാം; നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പുപറയണം; തോക്കും ഉണ്ടയും എടുത്തുനടക്കുന്ന പിണറായി ഒരുവിരൽ ചൂണ്ടുമ്പോൾ നാലുവിരൽ തന്റെ നേരേയാണെന്ന് ഓർക്കണമെന്നും കെ.സുധാകരൻ

നാൽപാടി വാസു വെടിയേറ്റുമരിച്ച സംഭവത്തിൽ താൻ പ്രതിയാണെന്ന് തെളിയിച്ചാൽ പിണറായി പറഞ്ഞ പണി താനെടുക്കാം; നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പുപറയണം; തോക്കും ഉണ്ടയും എടുത്തുനടക്കുന്ന പിണറായി ഒരുവിരൽ ചൂണ്ടുമ്പോൾ നാലുവിരൽ തന്റെ നേരേയാണെന്ന് ഓർക്കണമെന്നും കെ.സുധാകരൻ

രഞ്ജിത് ബാബു

കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ വെട്ടാനുപയോഗിച്ചത് ഇപ്പോൾ കസ്റ്റഡിയിലെടുത്ത വാളല്ലെന്ന് സാക്ഷികളായ നൗഷാദും റിയാസും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ. ഷുഹൈബിനെ നിലത്ത് വീഴ്‌ത്തിയ ശേഷം ഇരുന്ന് വെട്ടി മാംസം ചിതറത്തക്കരീതിയിൽ നീളം കുറഞ്ഞ ആയുധമാണ് പ്രതികൾ ഉപയോഗിച്ചത്. കൊലയാളികളുടെ പണിയായുധം എവിടെയെങ്കിലും ഉപേക്ഷിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നില്ല. കാരണം അത് അവർക്ക് എന്നും ആവശ്യമുള്ള ആയുധങ്ങളാണ്. അന്വേഷണം വഴി തെറ്റിക്കാൻ സിപിഐ.(എം). ശ്രമിക്കുന്നതിന്റെ തെളിവാണ് ഇങ്ങനെ കൊണ്ടിടുന്ന വാളുകളെന്നും സുധാകരൻ പറയുന്നു. കണ്ണൂർ നഗരവീഥിയിൽ തന്നെ സിപിഐ.(എം). രൂപം കൊടുത്ത ആറ് ക്വട്ടേഷൻ സംഘങ്ങളുണ്ട്. നാളെ ഇവർ സമൂഹത്തിനുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പൊതു സമൂഹം ചർച്ച ചെയ്യണമെന്നും സുധാകരൻ പറഞ്ഞു.

വി എസ്. മുഖ്യമന്ത്രിയായ സമയത്ത് സമാധാന യോഗത്തിനെത്തിയ പിണറായിയോട് സതീദേവിയും പി. കരുണാകരനും എ.പി. അബ്ദുള്ളക്കുട്ടിയുമൊക്കെ വസ്തുതകൾ ചൂണ്ടിക്കാട്ടി ചോദിച്ചു. അതിനു മറുപടിയായി എല്ലാം ബംഗാൾ സ്‌റ്റൈലിൽ ആക്കാമെന്നായിരുന്നു പിണറായി പറഞ്ഞത്. ബംഗാളിൽ എതിരാളികളെ തട്ടിക്കൊണ്ടു പോയി ഉപ്പിട്ട് കുഴിച്ചു മൂടുന്ന ഏർപ്പാടിലേക്ക് മാറാമെന്നായിരുന്നു അത്.

മമ്താ ബാനർജി അധികാരത്തിലെത്തിയപ്പോൾ സിപിഐ.(എം). മന്ത്രി സഭയിലെ അംഗമായിരുന്ന ഒരാളുടെ വീടും ഫാം ഹൗസും എല്ലാം കിളച്ചപ്പോൾ കിട്ടിയത് മുന്നൂറിലേറെ അസഥി കൂടങ്ങളാണ്. ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും പിണറായി വിജയനെ കഴിയൂ. 26 കൊല്ലം നിഴൽ പോലെ നടന്ന് സംരക്ഷിച്ച ബോഡീ ഗാർഡിനെ തെറ്റിയപ്പോൾ നിഷ്ഠൂരമായി കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയെന്നു മാത്രമല്ല അയാളുടെ മൃതദേഹത്തോട് പോലും ക്രൂരമായാണ് പെരുമാറിയത്. ദേഹമടക്കുന്നതിന് കുഴി വെട്ടാൻ പിണറായിയിൽ നിന്ന് ആരേയും കിട്ടിയില്ല. ഒടുവിൽ കാടാച്ചിറയിൽ നിന്നും കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ആളെ കൊണ്ടു വന്നത്. സുധാകരൻ പറയുന്നു.

മുഖ്യമന്ത്രി നിയമസഭയിൽ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പുതിയ തലമുറയെ വഴി തെറ്റിക്കാനാണ്. തന്റെ മുഖത്ത് സിപിഐ.(എം). കെട്ടിവെക്കുന്ന ക്രിമിനൽ പട്ടം യോജിക്കുന്നതാണോ എന്ന് നിഷ്പക്ഷമായി മാധ്യമപ്രവർത്തകർ വിലയിരുത്തണം. 1994 ൽ നാല്പാടി വാസു വെടിയേറ്റ് മരിച്ച സംഭവത്തിന്റെ പേരിലാണ് തന്നെ പ്രതിക്കൂട്ടിലാക്കുന്നത്. ആളുകൾ കൂടിക്കൂടി വന്നപ്പോൾ അവരെ ഭയപ്പെടുത്താൻ വേണ്ടി ആളില്ലാ ഭാഗത്തേക്ക് ഗൺമാൻ വെടിവെക്കുകയായിരുന്നു.

മരത്തിന്റെ മറവിൽ നിന്നിരുന്ന വാസുവിന് വെടിയേൽക്കുകയും ചെയ്തു. ഞാൻ സഞ്ചരിച്ച വണ്ടിക്കു നേരെ കല്ലേറുണ്ടായപ്പോഴാണ് വെടിവെക്കേണ്ടി വന്നത്. വെടി വെച്ച ഗൺമാന്റെ ചെകിട്ടത്തടിച്ച് ഞാൻ ചോദിക്കുകയും ചെയ്തു. എന്തിനാണ് വെടിവെച്ചതെന്ന്. ആളുകൾ കൂടിക്കൂടി വന്നതുകൊണ്ട് ഭയപ്പെടുത്താൻ എന്നായിരുന്നു മറുപടി. നാല്പാടി വാസു കേസിൽ എഫ്.ഐ.ആറിൽ എന്റെ പേരുണ്ടായിരുന്നു. ചാർജ് ഷീറ്റിൽ എന്റെ പേര് ഉണ്ടായിരുന്നില്ല,. രാജൻ എന്നയാൾ നൽകിയ ഹരജിയിൽ സുധാകരനെ ഒഴിവാക്കിയത് തെറ്റാണെന്ന് പറഞ്ഞിട്ടാണ് അത്. ഈ അന്യായത്തിൽ പോലും കെ.സുധാകരൻ വെടിവെച്ചു എന്ന് പറയുന്നില്ല. വിചാരണ വേളയിൽ നരോത്ത് സദാനന്ദനെന്ന സാക്ഷിയുടെ മൊഴിയിലും ഞാൻ വെടിവെച്ചു എന്ന് പറഞ്ഞിട്ടില്ല. സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിച്ചാൽ താൻ വിജയൻ പറഞ്ഞ പണിയെടുക്കുമെന്ന് സുധാകരൻ പറഞ്ഞു. മറിച്ച് നിയമസഭയെ തെറ്റിധരിപ്പിച്ചതിന് മാപ്പു പറയാൻ പിണറായി തയ്യാറാവണം. താൻ ഡി.സി.സി. പ്രസിഡണ്ടാവുന്നതിന് മുമ്പ് 32 പേരെ സിപിഐ (എം). കൊന്നിട്ടുണ്ട്. പിച്ചാത്തിയോ ബ്ലേഡുപോലുമോ എടുത്ത് ഞാൻ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ല. എന്നാൽ ആർ,.എസ്. എസ്. സിപിഐ.(എം). സംഘർഷത്തിന് തുടക്കം കുറിച്ച നേതാവാണ് പിണറായി. വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിൽ മൂന്നാം പ്രതി. വാളെടുത്ത് നിർല്ലജ്ജം വെട്ടിയ പ്രതിയാണ് പിണറായി. തോക്കും ഉണ്ടയും എടുത്ത് നടക്കുന്ന മുഖ്യമന്ത്രി ഒരു വിരൽ ചൂണ്ടുമ്പോൾ നാല് വിരൽ തന്റ നേരെയാണ് ചൂണ്ടുന്നതെന്ന് ഓർക്കണം. സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP