Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരൂഹ സാഹചര്യത്തിൽ മരിച്ച ബാങ്ക് ജീവനക്കാരൻ സിപിഎമ്മിന്റെ ഏര്യാ കമ്മറ്റി മെമ്പർ; മന്ത്രി കടംകംപള്ളിയുമായി അടുത്ത സൗഹൃദം; അന്വേഷിച്ചേ മതിയാകൂവെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി; ഹൃദയാഘാതം മൂലമെന്ന് പറഞ്ഞ് പൊലീസ്; കള്ളപ്പണത്തിന്റെ പേരിൽ വിവാദത്തിലായ ബാങ്ക് ജീവനക്കാരന്റെ മരണം വിവാദമായി തുടരുന്നു

ദുരൂഹ സാഹചര്യത്തിൽ മരിച്ച ബാങ്ക് ജീവനക്കാരൻ സിപിഎമ്മിന്റെ ഏര്യാ കമ്മറ്റി മെമ്പർ; മന്ത്രി കടംകംപള്ളിയുമായി അടുത്ത സൗഹൃദം; അന്വേഷിച്ചേ മതിയാകൂവെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി; ഹൃദയാഘാതം മൂലമെന്ന് പറഞ്ഞ് പൊലീസ്; കള്ളപ്പണത്തിന്റെ പേരിൽ വിവാദത്തിലായ ബാങ്ക് ജീവനക്കാരന്റെ മരണം വിവാദമായി തുടരുന്നു

തിരുവനന്തപുരം: കടകംപള്ളി സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ചും ബാങ്കിലെ ഉദ്യോഗസ്ഥൻ എൽ.വി.ജയശങ്കർ മരിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഡിജിപിക്കു പരാതി നൽകി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടു വരെ ബാങ്ക് പ്രസിഡന്റ് എസ്‌പി. ദീപക് ഈ ഉദ്യോഗസ്ഥനോടു ഫോണിൽ സംസാരിച്ച കാര്യങ്ങളും അന്വേഷണവിധേയമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ(എം) വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം കൂടിയായ ജയശങ്കറുടെ മരണത്തെക്കുറിച്ചു ബിജെപി നേതാവ് കെ. സുരേന്ദ്രൻ ഉന്നയിച്ച ആരോപണത്തിനു പിന്നാലെയാണു ജ്യോതികുമാർ ഡിജിപിക്കു പരാതി നൽകിയത്.

കടകംപള്ളി സർവീസ് സഹകരണബാങ്കിലെ ശാഖാ മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരൻ മരിച്ച സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. സഹകരണബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്താനിരിക്കവേയാണ് ഈ ദുരൂഹമരണം. വകുപ്പു മന്ത്രി കൂടിയായ കടകംപള്ളിക്കും ഇതിൽ പങ്കുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സഹകരണ മന്ത്രിയുടെ അടുത്ത അനുയായിയായിരുന്നു ഇദ്ദേഹം. സിപിഐ(എം) നേതാക്കളുടെ കോടികളുടെ ഇടപാടുകൾ ഇദ്ദേഹത്തിന് അറിയാം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. സുരേന്ദ്രൻ പറഞ്ഞിരുന്നു. ഈ വിഷയമാണ് കോൺഗ്രസും ഏറ്റെടുക്കുന്നത്.

അതേസമയം, ജയശങ്കറിന്റെ മരണം ഹൃദയാഘാതം മൂലമെന്നു പൊലീസ് അറിയിച്ചു. മരണത്തിൽ ഭാര്യയോ മറ്റു ബന്ധുക്കളോ പരാതി നൽകിയിട്ടില്ല. ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. ഹൃദയാഘാതമാണെന്നാണു റിപ്പോർട്ട്. മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയതായും പൊലീസ് അറിയിച്ചു. അതിനിടെ ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പ്രതികരണം മനുഷ്യത്വരഹിതവും പൈശാചികവുമാണെന്നു സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ജയശങ്കറുടെ മരണവും നിക്ഷേപവും തമ്മിൽ എന്താണു ബന്ധമെന്നു സുരേന്ദ്രൻ വ്യക്തമാക്കുന്നില്ല. ധൈര്യമുണ്ടെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ടു സുരേന്ദ്രൻ അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കു രണ്ടര വരെ ബാങ്കിലെ ജോലികളിൽ വ്യാപൃതനായിരുന്ന ജയശങ്കർ സാധനങ്ങളും മറ്റും വാങ്ങിയാണു വീട്ടിലേക്കു പോയതെന്നു ബാങ്ക് പ്രസിഡന്റ് എസ്‌പി.ദീപക് അറിയിച്ചു. ചാരുകസേരയിൽ കിടക്കുകയായിരുന്ന അദ്ദേഹത്തെ ജോലി കഴിഞ്ഞു മടങ്ങിയെത്തിയ ഭാര്യ ചായ കുടിക്കാനായി വിളിച്ചിട്ടും എഴുന്നേൽക്കാതിരുന്നതോടെ അയൽക്കാരുടെ സഹായത്തോടെ വീടിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ പരിശോധിച്ച ഡോക്ടറാണു മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോർട്ടം നടത്തിയാണു ബന്ധുക്കൾ ഏറ്റുവാങ്ങിയത്. ഹൃദയസ്തംഭനമാണെന്ന പ്രാഥമിക നിഗമനം ഇതിനകം പുറത്തുവന്നു. ആകസ്മിക മരണത്തെ അപകീർത്തിപ്പെടുത്തി രാഷ്ട്രീയലക്ഷ്യം നേടാനാണു കെ. സുരേന്ദ്രൻ ശ്രമിച്ചതെന്നും ദീപക് പറഞ്ഞു.

സിപിഐ(എം). വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗം കൂടിയായ ചാക്ക പുള്ളി ലെയ്ൻ പ്രശാന്തിയിൽ വി.എൽ. ജയശങ്കർ ആണു മരിച്ചത്. ഹൃദയാഘാതം മൂലമാണു മരണമെന്ന് ബന്ധുക്കൾ അറിയിച്ചെങ്കിലും ദുരൂഹത ആരോപിച്ചു ബിജെപി. രംഗെത്തത്തിയതോടെ വിവാദത്തിനു തുടക്കമായി. കടകംപള്ളി സർവീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തിരുവനന്തപുരത്തെ ഒരു സർവീസ് സഹകരണ ബാങ്കിൽ ഒരു മന്ത്രിക്കും ഭാര്യക്കും കോടികളുടെ അനധികൃത നിക്ഷേപമുണ്ടെന്ന വാർത്തയുമുണ്ടായി. അതിനു പിന്നാലെയാണു ബാങ്ക് മാനേജരുടെ മരണം. ജയശങ്കറിനു ബാങ്കിലെ എല്ലാ ഇടപാടുകളെക്കുറിച്ചു കൃത്യമായി അറിയാമായിരുന്നു. ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ജയശങ്കറിനെ ശനിയാഴ്ചയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സഹകരണ വകുപ്പിൽ അസിസ്റ്റന്റായ ഭാര്യ കെ. സുധാകുമാരി ജോലി കഴിഞ്ഞ് അഞ്ചരയോടെ എത്തിയപ്പോഴാണ് കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ബന്ധുവായ ഫോട്ടോഗ്രാഫർ കുടുംബഫോട്ടോ നൽകാനായി 4.45ന് വീട്ടിലെത്തിയിരുന്നു. അഞ്ചിനു ജയശങ്കർ ഗേറ്റിനു സമീപം നിൽക്കുന്നതു കണ്ടതായി സമീപത്ത് ട്യൂഷൻ പഠിക്കാനെത്തിയ കുട്ടികൾ പറയുന്നു. കടകംപള്ളി സുരേന്ദ്രന്റെ വലംകൈയായാണ് ജയശങ്കർ അറിയപ്പെടുന്നതെന്നു ബിജെപി. ആരോപിച്ചു.

കടകംപള്ളി ബാങ്കിൽ ഒരു മന്ത്രിയുടെ സ്വകാര്യ നിക്ഷേപമുണ്ടെന്ന് മറുനാടൻ വാർത്ത പുറത്തുവിട്ടിരുന്നു. ഇതേ തുടർന്നാണ് വിവാദം ആളിപടർന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP