Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ശ്രീധരൻപിള്ളയുടെ ആഹ്വാനം ? കലാപ ആഹ്വാനത്തിന് ശ്രമിക്കുന്നതിലും നല്ലതല്ലേ മോദിജിയോട് സംസാരിച്ച് ഒറ്റവരി ഓർഡിനൻസ് ഇറക്കുന്നത് ; സംസ്ഥാന സർക്കാരിന് അതിനാകില്ലെന്ന് പിള്ളയ്ക്ക് അറിയാവുന്നതല്ലേ' ? നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ആഹ്വാനം ചെയ്ത ശ്രീധരൻപിള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് കടകംപള്ളി

'കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ശ്രീധരൻപിള്ളയുടെ ആഹ്വാനം ? കലാപ ആഹ്വാനത്തിന് ശ്രമിക്കുന്നതിലും നല്ലതല്ലേ മോദിജിയോട് സംസാരിച്ച് ഒറ്റവരി ഓർഡിനൻസ് ഇറക്കുന്നത് ; സംസ്ഥാന സർക്കാരിന് അതിനാകില്ലെന്ന് പിള്ളയ്ക്ക് അറിയാവുന്നതല്ലേ' ? നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ആഹ്വാനം ചെയ്ത ശ്രീധരൻപിള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് കടകംപള്ളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഇന്നലെ ശബരിമലയിൽ സ്ത്രീകൾ കയറാൻ ശ്രമിച്ച സംഭവം ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് നിലയ്ക്കലിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. പിന്നാലെ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ പാർട്ടി പ്രവർത്തകരോട് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ആഹ്വാനം ചെയ്തിരുന്നു. ഈ അവസരത്തിലാണ് ശ്രീധരൻ പിള്ളയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. ശ്രീധരൻപിള്ള നടത്തിയ ആഹ്വാനം കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നാണ് കടകംപള്ളി ആഞ്ഞടിച്ചത്. ഇദ്ദേഹം വ്യാജപ്രചരണം നടത്തുകയാണെന്നും കടകംപള്ളി പറഞ്ഞു.

അല്ലയോ ശ്രീധരൻപിള്ളേ, എന്താണ് നിങ്ങളുടെ പരിപാടി എന്ന് ചോദിച്ചുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രൻ പിഎസ്ശ്രീധരൻ പിള്ളയെ വിമർശിക്കാൻ ആരംഭിച്ചത്. ഭക്തരെന്ന വ്യാജേന ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി മാലയുമിട്ട് രണ്ട് പേർ വീതമായി വേണം നിലയ്ക്കലിലേക്ക് പോകാനെന്ന് പാർട്ടി പ്രവർത്തകർക്കു നല്കിയിരിക്കുന്ന ശബ്ദസന്ദേശം പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രി മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിച്ചത്.

'സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതാണോ സംസ്ഥാന സർക്കാർ ചെയ്ത തെറ്റ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആർഎസ്എസ് ആണെന്ന് ബിജെപി മറച്ചുവയ്ക്കുകയാണ്. നിലയ്ക്കലിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടാക്കിയതും മാധ്യമപ്രവർത്തകരെ ആക്രമിച്ചതും ബിജെപി ആർഎസ്എസ് പ്രവർത്തകർ അല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അത്തരം അക്രമകാരികളെ ഉദ്ദേശിച്ചാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അത് ഭക്തരെ ഉദ്ദേശിച്ചല്ല' മന്ത്രി പറഞ്ഞു.

ആചാരത്തെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് സംസ്ഥാന സർക്കാരിന് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. ബിജെപി തന്നെ കാര്യങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയാൽ മതി. കേന്ദ്ര സർക്കാരും പാർലമെന്റും ബിജെപിയുടെ കയ്യിലാണല്ലോ. എന്തുകൊണ്ടാണ് കേന്ദ്ര സർക്കാരിന് ഒരു ഓർഡിനൻസ് പുറപ്പെടുവിക്കാൻ കഴിയാത്തത്.

കലാപ ആഹ്വാനത്തിന് ശ്രമിക്കുന്നതിലും നല്ലതല്ലേ മോദിജിയോട് സംസാരിച്ച് ഒറ്റവരി ഓർഡിനൻസ് ഇറക്കുന്നത്. സംസ്ഥാനസർക്കാർ ശ്രമിച്ചാൽ ഓർഡിനൻസ് ഇറക്കാനാകില്ലെന്ന് ശ്രീധരൻ പിള്ളയ്ക്ക് അറിയാവുന്നതല്ലേ എന്നും മന്ത്രി ചോദിച്ചു. പി.എസ് ശ്രീധരൻ പിള്ള മാധ്യമങ്ങളെ തെരഞ്ഞുപിടിച്ച് കടന്നാക്രമിക്കുകയായിരുന്നെന്നും കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP