Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖം മൂടി ധരിച്ചെത്തിയ ഏഴംഗ സംഘം മോഹനനെ നിഷ്ടകരുണം പലകുറി വെട്ടി; മരണം ഉറച്ചിട്ടും നിർത്താതെ വെട്ടി പക തീർത്തു; കൊല്ലപ്പെട്ട ബ്രാഞ്ച് സെക്രട്ടറി നാട്ടുകാരുടെ പ്രിയ സഖാവ്; ഈ അമ്മയുടേയും പെങ്ങമാരുടേയും കണ്ണീര് തുടയ്ക്കാൻ ആർക്ക് കഴിയും?

മുഖം മൂടി ധരിച്ചെത്തിയ ഏഴംഗ സംഘം മോഹനനെ നിഷ്ടകരുണം പലകുറി വെട്ടി; മരണം ഉറച്ചിട്ടും നിർത്താതെ വെട്ടി പക തീർത്തു; കൊല്ലപ്പെട്ട ബ്രാഞ്ച് സെക്രട്ടറി നാട്ടുകാരുടെ പ്രിയ സഖാവ്; ഈ അമ്മയുടേയും പെങ്ങമാരുടേയും കണ്ണീര് തുടയ്ക്കാൻ ആർക്ക് കഴിയും?

കൂത്തുപറമ്പ്: സിപിഐ(എം). വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാലിൽ മോഹനൻ (52) വെട്ടേറ്റുമരിച്ച സംഭവത്തിൽ ഏഴു ആർഎസ്എസ്സുകാർക്കെതിരെ കേസ്. പ്രതികൾ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും സൂചന ലഭിച്ചു. മോഹനനെ വെട്ടിക്കൊലപ്പെടുത്തിയതിനെത്തുടർന്ന് ചൊവ്വാഴ്ച ജില്ലയിൽ പരക്കെ അക്രമം. കൂത്തുപറമ്പ് മേഖലയിലെ ആർഎസ്എസ്. പ്രവർത്തകരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെയാണ് കൂടുതലും ആക്രമണമുണ്ടായത്. വ്യത്യസ്ത സംഭവങ്ങളിലായി നാലുപേർക്ക് പരിക്കേറ്റു. ശങ്കരനെല്ലൂർ, ഓടക്കടവ്, പാതിരിയാട്, പടുവിലായി, ചമ്പാട് പ്രദേശങ്ങളിലാണ് വ്യാപകമായി അക്രമമുണ്ടായത്. ഇതോടെ വീണ്ടും കണ്ണൂർ രാഷ്ട്രീയ സംഘർഷത്തിന്റെ പിടിയിലായി. സിപിഐ(എം) നേതാക്കളും ആക്രമിക്കപ്പെട്ടു. സംഭവത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ 14 വരെ എസ്‌പി. നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പടുവിലായി ലോക്കൽകമ്മിറ്റി അംഗവും വാളാങ്കിച്ചാലിലെ കള്ളുഷാപ്പ് ജീവനക്കാരനുമായ മോഹനനെ അക്രമികൾ ഷാപ്പിൽക്കയറി വെട്ടിയത്. ദേഹമാസകലം വെട്ടേറ്റ മോഹനനെ ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തടയാനെത്തിയ ഷാപ്പിലെ പാചകത്തൊഴിലാളി കുന്നിരിക്കയിലെ അശോകനും വെട്ടേറ്റിട്ടുണ്ട്. അശോകൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്?പത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം മാഹിപാലത്തിനുസമീപം മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എംപി., സിപിഐ(എം). ജില്ലാ സെക്രട്ടറി പി. ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തലശ്ശേരി, പിണറായി, മമ്പറം എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവച്ചു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി വാളാങ്കിച്ചാൽ ടൗണിലെത്തിച്ചു. പാർട്ടിപ്രവർത്തകരുടെയും നാട്ടുകാരുടെയും അന്തിമോപചാരത്തിനുശേഷം വൈകിട്ട് മൂന്നരയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. . പരേതരായ മന്നന്റെയും കൗസുവിന്റെയും മകനാണ്. ഭാര്യ. ഒ.ടി. സുചിത്ര. മക്കൾ: മിഥുൻ, സ്‌നേഹ (ഇരുവരും വിദ്യാർത്ഥികൾ). പാനൂർ സിഐ ഷാജിക്കാണ് കേസന്വേഷണത്തിന്റെ ചുമതല.

അമ്പത്തിരണ്ടുകാരനായ മോഹനനെ അദ്ദേഹം ജോലിചെയ്തിരുന്ന കള്ളുഷാപ്പിൽ കയറിയാണ് സായുധരായ അക്രമിസംഘം വെട്ടിനുറുക്കിയത്. ആഴത്തിലുള്ള 30-40 മുറിവ് മോഹനന്റെ ശരീരത്തിലേൽപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തുകൊല്ലപ്പെടുന്ന രണ്ടാമത്തെ സിപിഐ എം പ്രവർത്തകനാണ് മോഹനൻ. വോട്ടെണ്ണൽ ദിവസം വിജയാഹ്‌ളാദപ്രകടത്തിനുനേരെ ബോംബെറിഞ്ഞ് സിപിഐ എം പ്രവർത്തകൻ രവീന്ദ്രനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയിരുന്നു. ആർഎസ്എസ് തന്നെയാണ് ഇതിന് പിന്നിലെന്ന് സിപിഎമ്മും ആരോപിക്കുന്നു.

കണ്ണൂരിൽ ആർഎസ്എസ്-സിപിഐ(എം) സംഘർഷം വ്യാപകം

മോഹനനെ വെട്ടിക്കൊലപ്പെടുത്തിയതിനെത്തുടർന്ന് ജില്ലയിൽ പരക്കെ അക്രമം. കൂത്തുപറമ്പ് മേഖലയിലെ ആർഎസ്എസ്. പ്രവർത്തകരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെയാണ് കൂടുതലും ആക്രമണമുണ്ടായത്. വ്യത്യസ്ത സംഭവങ്ങളിലായി നാലുപേർക്ക് പരിക്കേറ്റു. ശങ്കരനെല്ലൂർ, ഓടക്കടവ്, പാതിരിയാട്, പടുവിലായി, ചമ്പാട് പ്രദേശങ്ങളിലാണ് വ്യാപകമായി അക്രമമുണ്ടായത്.
ആർഎസ്എസ്. പ്രവർത്തകരായ ശങ്കരനെല്ലൂരിലെ നിഖിലിന്റെയും പാതിരിയാട് എം.ഒ.പി. റോഡിലെ നവജിത്ത്, മിനീഷ്, പൊയനാട്ടെ പ്രേമൻ, പടുവിലായി കനാൽക്കരയിലെ പുളുക്കി ഷാജി, കുരിയോട്ടെ രാഹുൽ, കരിമ്പിന്റ വളപ്പിൽ സുമേഷ്, സജേഷ് എന്നിവരുടെയും വീടുകൾ ഏതാണ്ട് പൂർണമായും തകർന്നു.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് അക്രമങ്ങളെല്ലാം ഉണ്ടായത്. മാരകായുധങ്ങളുമായെത്തിയ സംഘം വീടുകൾക്കു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വാതിലുകൾ തകർത്ത് അകത്തുകയറിയ സംഘം ടി.വി., ഫ്രിഡ്ജ്, മിക്‌സി തുടങ്ങിയ ഗൃഹോപകരണങ്ങളെല്ലാം തല്ലിത്തകർത്തു. കട്ടിലും മറ്റ് ഫർണിച്ചറും നശിപ്പിച്ചു. ചില സാധനങ്ങൾ കിണറ്റിൽ കൊണ്ടിട്ടു. സ്വിച്ച് ബോർഡ് കമ്പിപ്പാര വച്ച് ഇളക്കിമാറ്റി. വീട്ടുചുമരുകളും മറ്റും കുത്തിയിളക്കിയ അവസ്ഥയിലാണ്. സുമേഷിന്റെ വീട്ടുപണിക്ക് മുറ്റത്തിറക്കിവച്ച 50,000 രൂപ വിലവരുന്ന മാർബിളും 10 ചാക്ക് സിമന്റും നശിപ്പിച്ചവയിൽ ഉൾപ്പെടും. ബൈക്ക് വീട്ടുകിണറ്റിൽ കൊണ്ടിട്ടു.

സുമേഷിന്റെ അച്ചൻ സുരേന്ദ്രന്റെ വാളാങ്കിച്ചാലിലുള്ള കെ.വി എസ്. ഹോട്ടൽ തീയിട്ടുനശിപ്പിച്ചു. നിഖിലിന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ട സ്‌കൂട്ടർ സമീപത്തെ ആണിച്ചാലിൽ കൊണ്ടിട്ടു.അക്രമത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അക്രമത്തിൽ നവജിത്തിന്റെ മാതാവ് ലളിത, മിനീഷിന്റെ മാതാവ് കനക, പൊയനാട്ടെ പ്രേമൻ, കുഴിയിൽ പീടികയിലെ പ്രേമൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാസ്?പത്രിയിൽ പ്രവേശിപ്പിച്ചു. ചാമ്പാട്, ഓടക്കടവ് എന്നിവിടങ്ങളിലെ ആർഎസ്എസ്. സ്ഥാപനങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് ദ്രുതകർമസേനയുൾപ്പെടെ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. അക്രമങ്ങൾ നടക്കുന്ന സമയം പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നതായി ആർഎസ്എസ്. പ്രവർത്തകർ ആരോപിച്ചു. അഞ്ചരക്കണ്ടി ചമ്പാട്ട് ബിജെപി. ഓഫീസ് പ്രവർത്തിക്കുന്ന കല്ലിക്കുന്ന് റോഡിലെ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം ഒരു സംഘം അടിച്ചുതകർത്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

ന്യൂമാഹി പെരുമുണ്ടേരിയിൽ രണ്ട് സിപിഐ(എം) പ്രവർത്തകരുടെ വീടുകൾ ഒരുസംഘം ആക്രമിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സിപിഐ(എം). പെരുമുണ്ടേരി ബ്രാഞ്ച് സെക്രട്ടറി കയനാടത്ത് പത്മനാഭൻ, സഹോദരൻ ശ്രീറാംകൃപ യിൽ കയനാടത്ത് പുരുഷോത്തമൻ എന്നിവരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുരുഷോത്തമന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും തകർത്തു.

കൊല്ലപ്പെട്ടത് ജനകീയനായ നേതാവ്

'വെള്ളിയാഴ്ച ഷാപ്പ് അവധിയായതിനാൽ നടപ്പാലത്തിന്റെ കോൺക്രീറ്റ് പൂർത്തിയാക്കണം.' മോഹനൻ മുമ്പേ എല്ലാവർക്കും വാക്കു കൊടുത്തതാണ്. പ്രദേശത്തെ നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്നതാണ് കനാൽ പരിസരത്തെ നടപ്പാലം. വൈകിയാൽ നാട്ടുകാർ പ്രയാസപ്പെടും. രാവിലെമുതൽ വലുപ്പച്ചെറുപ്പമില്ലാതെ നാട് ഒന്നിച്ചു. മോഹനന്റെ നേതൃത്വത്തിൽ നടപ്പാലമായി. കുഴിച്ചാലിൽ മോഹനൻ അങ്ങനെയാണ്. സേവനപ്രവർത്തനങ്ങൾക്ക് അവധി കൊടുക്കാൻ അദ്ദേഹത്തിനിതുവരെ കഴിഞ്ഞിട്ടില്ല. നാടിന്റെ മോഹനേട്ടനായതും അതുകൊണ്ടുതന്നെ.

ഞായറാഴ്ച മോഹനൻ വീട്ടിലെത്തുമ്പോൾ ഏറെ വൈകിയിരുന്നു. കുറച്ചു ദിവസങ്ങളായുള്ള തിരക്കാണ്്. ഗ്രാമസഭയുടെയും മറ്റുമായി ഏറെ കാര്യങ്ങളുണ്ട്. അടുത്ത ഞായറാഴ്ച ഗ്രാമസഭ നിശ്ചയിച്ചിട്ടുണ്ട്. മുഴുവൻ വീടുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കണം. ശ്രദ്ധക്കുറവുകൊണ്ട് ആർക്കും ഒരു ആനുകൂല്യവും നഷ്ടപ്പെടരുതെന്ന് വാർഡ് വികസനസമിതി കൺവീനർകൂടിയായ മോഹനന് നിർബന്ധമുണ്ട്. വികസനപ്രവർത്തനങ്ങളും മുടങ്ങരുത്. അത് പ്രവർത്തകരെ നിരന്തരം ഓർമിപ്പിക്കും. 20 വർഷത്തിലേറെയായി ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിക്കുന്ന മോഹനന് പ്രദേശത്തെ കൊച്ചുകുട്ടികൾപോലും സുപരിചിതർ.

ഭരണപരമായ പദവികൾ വഹിക്കുന്നില്ലെങ്കിലും വാളാങ്കിച്ചാലിൽ അത്തരം കാര്യങ്ങളിലെല്ലാം മോഹനന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടാകും. പഞ്ചായത്തുമായോ പാർട്ടിയുമായോ ബന്ധപ്പെട്ട പരിപാടികൾ ഒരു വീടും ഒഴിയാതെ അറിയിക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ട്. വികസനപ്രവർത്തനങ്ങളിൽ മാത്രമല്ല, പ്രദേശത്തെ വീട്ടുകാർക്ക് ഒരു ചടങ്ങിനും ഒഴിവാക്കാനാവാത്ത പേരായി മോഹനൻ മാറിയതിന്റെ കാരണവും മറ്റൊന്നല്ല. ലാളിത്യത്തോടെയുള്ള ജീവിതം. രാഷ്ട്രീയ എതിരാളികളുടെ വീട്ടിൽപോലും കുടുംബാംഗത്തിന്റെ സ്വാതന്ത്യ്‌രം. സാന്ത്വനപരിചരണ രംഗത്ത് സദാ വ്യാപൃതനാവുന്ന അദ്ദേഹം വായനശാലാ പ്രവർത്തനങ്ങളിലും സജീവം. വാളാങ്കിച്ചാൽ എ കെ ജി വായനശാലയുടെ പ്രസിഡന്റാണ്. പ്രതിഷേധപ്രകടനങ്ങളിൽപോലും ആരെയും മുറിവേൽപ്പിക്കുന്ന മുദ്രാവാക്യം അരുതെന്ന് പറയുന്ന മോഹനനെയാണ് നവരാത്രി ദിനത്തിൽ ആർഎസ്എസുകാർ അരുംകൊല ചെയ്തത്.

കെഎസ്‌കെടിയു പടുവിലായി വില്ലേജ് സെക്രട്ടറി, പിണറായി ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുകയായിരുന്നു മോഹനൻ. വാളാങ്കിച്ചാൽ എ കെ ജി വായനശാല പ്രസിഡന്റാണ്. 

ബിജെപിതന്ത്രം തിരിച്ചറിയുക: സിപിഐ എം

കണ്ണൂരിൽ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം കെ മോഹനനെ ആർഎസ്എസ് ഗുണ്ടകൾ ക്രൂരമായി കൊലപ്പെടുത്തിയതിനെ പാർട്ടി പൊളിറ്റ് ബ്യൂറോ അപലപിച്ചു. കേരളത്തിൽ ആർഎസ്എസ് പ്രവർത്തകർക്കുനേരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിക്കാനെന്ന പേരിൽ ഡൽഹിയിൽ സിപിഎ എം ആസ്ഥാനത്തേക്ക് ബിജെപി സംഘം പരിഹാസ്യമായ മാർച്ച് നടത്തിയ സമയത്താണ് ഹീനമായ കൊലപാതകം നടന്നത്. ബിജെപിയുടെ നരാധമരാഷ്ട്രീയത്തെ ജനങ്ങൾ ചെറുത്തുതോൽപ്പിക്കും- പിബി പ്രസ്താവനയിൽ പറഞ്ഞു. ഒരു നുണ നൂറു തവണ ആവർത്തിച്ച് അത് സത്യമാണെന്ന് വരുത്തുകയെന്ന തന്ത്രമാണ് ആർഎസ്എസും ബിജെപിയും പയറ്റുന്നത്. കേരളത്തിലെമ്പാടും സിപിഐ എമ്മിനുനേരെ ആർഎസ്എസ് വൻതോതിൽ ആക്രമണങ്ങൾ നടത്തവെതന്നെ അവർ ഇരകളായി നടിക്കുകയും ചെയ്യുന്നു. ഈ കാപട്യം എല്ലാവരും തിരിച്ചറിയണം.

സിപിഐ എമ്മിനും എൽഡിഎഫിലെ ഇതര ഘടകകക്ഷികൾക്കും നേരെ ആർഎസ്എസും അനുബന്ധ സംഘടനകളും നിരന്തരം മാരക ആക്രമണങ്ങൾ തുടരുകയാണ്. കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോഴെല്ലാം ആക്രമണം വർധിപ്പിക്കും. ഇത്തവണ എൽഡിഎഫ് അധികാരത്തിൽ വന്നശേഷം ആർഎസ്എസ് ആക്രമണത്തിൽ ആറ് സിപിഐ എം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നിഷ്ഠുരമായ ആക്രമണങ്ങളിൽ 300ൽപ്പരം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. 35ൽപ്പരം പാർട്ടി ഓഫീസുകൾക്കുനേരെ ആക്രമണം ഉണ്ടായി. പാർട്ടി പ്രവർത്തകരുടെ 80 വീട് ആക്രമിച്ച് നശിപ്പിച്ചു. ആസൂത്രിതമായി നടക്കുന്ന ഇത്തരം ആക്രമണങ്ങളുടെ വ്യാപ്തി ആർഎസ്എസിന്റെ കുടിലത വ്യക്തമാക്കുന്നു.

ആർഎസ്എസിന്റെയും ബിജെപിയുടെയും വർഗീയരാഷ്ട്രീയവും അവരുടെ ഭീകരതന്ത്രങ്ങളും കേരളജനത നിരാകരിച്ചുവെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. ബിജെപിയുടെ പ്രതീക്ഷകൾ ഫലിച്ചില്ല. കൂടാതെ, സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമത്തെ സിപിഐ എമ്മും എൽഡിഎഫും ശക്തിയായി ചെറുക്കുകയാണ്. അതുകൊണ്ടാണ് ആർഎസ്എസും ബിജെപിയും ഇത്തരം ആക്രമണമാർഗങ്ങൾ സ്വീകരിക്കുന്നത്. ഇപ്പോഴത്തെ ഹീനമായ കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം- പി ബി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP