Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ മുസ്ലിംങ്ങളുടെ പ്രശ്‌നങ്ങളിൽ ബാഹ്യശക്തികൾ ഇടപെടേണ്ട; അൽ ഖാഇദ തലവന്റെ വാക്കുകൾ രാജ്യത്തെ മുസ്ലിംങ്ങൾ തള്ളിക്കളയും: വിശുദ്ധ യുദ്ധത്തിനൊരുങ്ങണമെന്ന സവാഹിരിയുടെ ആഹ്വാനത്തിന് മറുപടിയുമായി കാന്തപുരം

ഇന്ത്യൻ  മുസ്ലിംങ്ങളുടെ പ്രശ്‌നങ്ങളിൽ ബാഹ്യശക്തികൾ ഇടപെടേണ്ട; അൽ ഖാഇദ തലവന്റെ വാക്കുകൾ രാജ്യത്തെ മുസ്ലിംങ്ങൾ തള്ളിക്കളയും: വിശുദ്ധ യുദ്ധത്തിനൊരുങ്ങണമെന്ന സവാഹിരിയുടെ ആഹ്വാനത്തിന് മറുപടിയുമായി കാന്തപുരം

ലണ്ടൻ: ഭീകരവാദ ശക്തികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്ത:ച്ഛിദ്രമുണ്ടാക്കാൻ ശ്രമിക്കുമ്പോഴും അതിനെതിരെ എന്നും പോരാടിയ ചരിത്രമാണ് കേരളത്തിലെ മുസ്ലിം സമൂഹത്തിന് ഉള്ളത്. തീവ്രവാദശക്തികൾക്ക് വേരുപിടിക്കാൻ അവസരം കിട്ടാത്തതിൽ മത പുരോഹിതന്മാരുടെ ഇടപെടലും വലുതാണ്. ഇപ്പോൾ ഇന്ത്യയ്‌ക്കെതിരെ വിശുദ്ധ യുദ്ധം ചെയ്യാൻ അൽ ഖാഇദ തലവൻ ആഹ്വാനം ചെയ്തപ്പോഴും അതിനെതിരെ ആദ്യം ശബ്ദമുയർത്തിയത് ഇന്ത്യൻ മുസ്ലിംങ്ങൾ തന്നെയാണ് പ്രത്യേകിച്ചും കേരളത്തിൽ നിന്നുള്ള മുസ്ലിം പുരോഹിതർ. ഇതിൽ മുമ്പിൽ നിന്നത് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആയിരുന്നു. തന്റെ നിലപാട് യു.കെയിൽ സന്ദർശനത്തിനെത്തിയപ്പോഴും അദ്ദേഹം ആവർത്തിച്ചു.

ഏതു തരത്തിലുള്ള ഭീകര പ്രവർത്തനത്തെയും ഇന്ത്യ ഒറ്റക്കെട്ടായി എതിർത്തു തോല്പിക്കുമെന്നും ഭാരതത്തിൽ മുസ്‌ലിംകൾക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ ഭരണഘടനക്കുള്ളിൽ നിന്നു കൊണ്ട് പരിഹരിക്കാൻ അവസരമുണ്ടെന്നും അതിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ വേണ്ടെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. വിവിധ പരിപാടികൾക്കായി യു.കെയിലെത്തിയ അദ്ദേഹം ലണ്ടനിൽ പുറപ്പെടുവിച്ച പ്രത്യേ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഇസ്‌ലാം ഒരിക്കലും തീവ്രവാദത്തെയും ഭീകരതയെയും പ്രോത്സാഹിപ്പിക്കില്ല. നൂറ്റാണ്ടുകളായി ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പാരമ്പര്യം ഇതാണ്. ഇന്ത്യയിലെ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെടുന്നുവെന്നും അതിന് രാജ്യത്തോട് യുദ്ധത്തിനൊരുങ്ങണമെന്നുമുള്ള അൽ ഖാഇദ തലവൻ അൽ സവാഹരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏതു പ്രശ്‌നങ്ങളെയും നേരിടാൻ ഇന്ത്യയിൽ നിയമമുണ്ട്. അത് ഭരണഘടനാപരമായിത്തന്നെ എല്ലാ വിഭാഗങ്ങൾക്കും അനുവദിച്ചു കിട്ടിയതാണെന്നും കാന്തപുരം പറഞ്ഞു. മറ്റു പല രാജ്യങ്ങളും നേരിടുന്ന തരത്തിലുള്ള ഭീഷണി നമ്മുടെ രാജ്യത്തില്ലാത്തത് നമ്മുടെ നാടിന്റെ ഐക്യവും ഒരുമയും കൊണ്ടാണ്. ഇത് തകർക്കാനുള്ള ഗൂഢാലോചനയാണ് സവാഹിരിയുടെ പ്രസ്താവനയിലൂടെ പുറത്തു വന്നിരിക്കുന്നത്. ഇസ്‌ലാമിന്റെ സൗഹൃദ പാരമ്പര്യത്തെ അംഗീകരിക്കുന്ന ഒരു മുസ്‌ലിം ഈ പ്രസ്താവനയെ പിന്തുണക്കില്ല. അത്തരത്തിൽ പ്രതീക്ഷിക്കുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ ഖാഇദ തലവന്റെ പേരിൽ പുറത്തു വന്ന പ്രസ്താവനയുടെ പേരിൽ മുസ്‌ലിംകളെ ഒറ്റപ്പെടുത്താനും അക്രമിക്കാനും ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് അനുവദിക്കില്ല. സമൂഹത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന രാജ്യത്തിനകത്തെയും പുറത്തെയും ശക്തികളെപ്പറ്റി ഭരണകൂടങ്ങൾ പ്രത്യേകം ജാഗ്രത കാണിക്കണമെന്നും കാന്തപുരം സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യൻ മുജാഹിദ്ദീനും സിമിയും പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന തരത്തിലുള്ള സൂചനയായിരുന്നു സവാഹിരി പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നു. ചെറിയൊരു വിഭാഗം യുവാക്കളെയെങ്കിലും ഈ വീഡിയോ ആകർഷിച്ചേക്കുമെന്ന ആശങ്കകൾക്കിടെയാണ് സവാഹിരിക്ക് മറുപടിയുമായി രാജ്യത്തെ തന്നെ മുതിർന്ന മുസ്ലിം പണ്ഡിതനായ കാന്തപുരം അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയത്. ഇന്ത്യൻ മുജാഹിദ്ദീൻ, നിരോധിത സംഘടനയായ സിമി, എന്നിവയിൽ നിന്നുമാണ് അൽഖാഈദ ആത്മഹത്യാ സ്‌ക്വാഡിലേക്കുള്ളവരെ തെരഞ്ഞെടുക്കുന്നതായി ഇന്റലിജന്റ്‌സ് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP