Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത് രാജ്യത്തെ മുസ്ലിങ്ങൾക്ക് വേരില്ലാതാക്കാൻ; ജനങ്ങൾ ഭയപ്പെടുന്നുണ്ട്; ഇന്ത്യയെന്ന ആശയത്തെ ശിഥിലമാക്കാൻ അനുവദിക്കില്ലെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

പൗരത്വ ഭേദഗതി ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത് രാജ്യത്തെ മുസ്ലിങ്ങൾക്ക് വേരില്ലാതാക്കാൻ; ജനങ്ങൾ ഭയപ്പെടുന്നുണ്ട്; ഇന്ത്യയെന്ന ആശയത്തെ ശിഥിലമാക്കാൻ അനുവദിക്കില്ലെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

ജംഷാദ് മലപ്പുറം

മലപ്പുറം: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ മുസ്ലിംകൾക്ക് വേരില്ലാതാക്കലാണ് ഉദ്ദേശ്യവും ലക്ഷ്യവുമെന്ന് ജനങ്ങൾ ഭയപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഇന്ത്യയെന്ന മഹത്തായ ആശയത്തെ ശിഥിലമാക്കാൻ ഒരു ഭരണകൂടത്തിനും അവകാശമില്ലല്ലോ?. കാന്തപുരം ചോദിച്ചു. പൗരത്വം ഔദാര്യമല്ല എന്ന തലക്കെട്ടിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നടത്തിയ പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ബില്ലിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തീരുമാനിച്ചുകഴിഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്ന ആശയത്തിന് ഈ ബില്ല് എതിരാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെ ലംഘനമാണിത്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, അതിനാൽ മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ പൗരത്വം നൽകേണ്ടത്. ജനാധിപത്യത്തിൽനിന്ന് സ്വേഛാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാൻ നാം അനുവദിക്കരുത്. പൗരത്വം സംബന്ധിച്ച ഒരു നിയമനിർമ്മാണത്തിന് ആധാരമായി മുസ്ലിം അല്ലാതിരിക്കുക എന്ന് മാദണ്ഡമാക്കുന്നത് ഞെട്ടലുളവാക്കുന്നതാണ്. മുസ്ലിംകളുടെ വേരറുക്കുന്ന ഔദ്യോഗിക രേഖയായി ഈ ബില്ല് മാറുകയാണ്. കേന്ദ്ര സർക്കാർ പുനരാലോചന നടത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

ഒരു നയം രൂപീകരിക്കുമ്പോൾ ഈ രാജ്യത്തെ ഏറ്റവും പാവപ്പെട്ട മനുഷ്യന്റെ മുഖമായിരിക്കണം നിങ്ങളുടെ മുന്നിലുണ്ടാവേണ്ടതെന്ന രാഷ്ട്രപിതാവിന്റെ വാക്കുകൾ എല്ലാവരെയും ഓർമിപ്പിക്കുകയാണ്. പൗരത്വ പട്ടികയുടെ പേരിൽ ഒരുവിഭാഗത്തെ മാറ്റിനിർത്താനുള്ള ശ്രമങ്ങളെ അംഗീകരിക്കാൻ കഴിയില്ല. മതപരമായ ഈ വിഭജനം ഇന്ത്യയുടെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അതിനെ നിഷേധിക്കലാണ്. രാജ്യത്തിന്റെ വേരും പ്രമാണവുമായ ഭരണഘടനയെ അപ്രസക്തമാക്കാൻ ആരും ശ്രമിക്കരുത്. ഇന്ത്യയെ ഇന്ത്യയാക്കിയ ഏതെല്ലാം മൂല്യങ്ങളുണ്ടോ അതിനെ മുഴുവനും തകർക്കുന്ന ബില്ലാണിത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നിച്ചുനിന്നുള്ള ബഹുസ്വര പ്രക്ഷോഭ മുന്നേറ്റമാണ് നമുക്ക് വേണ്ടത്- കാന്തപുരം പറഞ്ഞു.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ. സബാസ്റ്റ്യൻ പോൾ, മാളിയേക്കൽ സുലൈമാൻ സഖാഫി, ഇ.എൻ മോഹൻദാസ്, റഹ്മത്തുള്ള സഖാഫി എളമരം, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, സി.കെ റാഷിദ് ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അബ്ദുസ്സലാം മുസ്ലിയാർ ദേവർഷോല, മുഹമ്മദ് പറവൂർ, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, അബൂബക്കർ മാസ്റ്റർ പടിക്കൽ, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം.എം ഇബ്‌റാഹീം, ആർ.പി ഹുസൈൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. മജീദ് കക്കാട് സ്വാഗതവും എസ്. ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP