Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയ സമയത്ത് മുതുക് ചവിട്ടുപടിയാക്കി നൽകിയ മത്സ്യത്തൊഴിലാളി ജൈസലിന് ഇരുനില വീട് പണിതു നൽകി കാന്തപുരം എ.പി വിഭാഗം; താമസിക്കാനിടമില്ലാതിരുന്ന ജൈസലിന് 'ദാറുൽ ഖൈർ' എന്ന പേരിട്ട വീട് നാളെ കൈമാറും; പാർട്ടി മാറാൻ തയ്യാറായിരുന്നെങ്കിൽ താനിപ്പോൾ കോടീശ്വരനാകുമായിരുന്നെന്നും സിപിഎം ഛോട്ടാ നേതാക്കൾ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിനാലാണ് വിട്ടുനിൽക്കുന്നതെന്നും ജൈസലിന്റെ വിശദീകരണം

പ്രളയ സമയത്ത് മുതുക് ചവിട്ടുപടിയാക്കി നൽകിയ മത്സ്യത്തൊഴിലാളി ജൈസലിന് ഇരുനില വീട് പണിതു നൽകി കാന്തപുരം എ.പി വിഭാഗം; താമസിക്കാനിടമില്ലാതിരുന്ന ജൈസലിന് 'ദാറുൽ ഖൈർ' എന്ന പേരിട്ട വീട് നാളെ കൈമാറും; പാർട്ടി മാറാൻ തയ്യാറായിരുന്നെങ്കിൽ താനിപ്പോൾ കോടീശ്വരനാകുമായിരുന്നെന്നും സിപിഎം ഛോട്ടാ നേതാക്കൾ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിനാലാണ് വിട്ടുനിൽക്കുന്നതെന്നും ജൈസലിന്റെ വിശദീകരണം

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രളയക്കെടുതിയിൽ സ്വന്തംമുതുക് ചവിട്ടുപടിയാക്കി നൽകിയ താനൂരിലെ മത്സ്യത്തൊഴിലാളി ജൈസലിന് ഇരുനില വീട് പണിതു നൽകി കാന്തപുരം എ.പി വിഭാഗം സുന്നികൾ. പ്രവാസി ഘടകമായ ഐ സി എഫ് സഹകരണത്തോടെ 1100 സ്‌ക്വയർ ഫീറ്റ് ഉള്ള ഇരുനില വീടാണ് നിർമ്മിച്ചത്. 16 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. നാളെ വൈകുന്നേരം ഏഴു മണിക്ക് പരപ്പനങ്ങാടി ആവിൽ ബീച്ചിൽ നടക്കുന്ന ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ താക്കോൽ കൈമാറും.

സ്വന്തമായി താമസിക്കാനിടമില്ലാത്ത ജൈസലിന് വീട് നിർമ്മിച്ച് നൽകാനാണ് കാന്തപുരം എ.പി വിഭാഗത്തിന്റെ യുവജന സംഘടനയായ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. വീടിന്റെ കുറ്റിയടിക്കൽ കർമ്മം കഴിഞ്ഞ സെപ്റ്റംബർ പതിമൂന്നിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ തന്നെയാണ് നിർവഹിച്ചത്. നിർമ്മാണം പൂർണമായി പൂർത്തിയാക്കിയ ശേഷമാണ് 'ദാറുൽ ഖൈർ' എന്ന പേരിട്ട വീട് ജയ്‌സലിന്റെ കുടുംബത്തിന് നാളെ കൈമാറുന്നത്.

സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബൂഹനീഫൽ ഫൈസി തെന്നല, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, സയ്യിദ് ശറഫുദ്ധീൻ ജമലുലൈലി, മുസ്തഫ മാസ്റ്റർ കോഡൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് പറവൂർ, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, വി പി എം ബശീർ പറവന്നൂർ, മുഹമ്മദ് ശരീഫ് നിസാമി, എം ജുബൈർ എന്നിവർ സംബന്ധിക്കും.

പ്രളയ കേരളത്തെ മുതുകിലേറ്റിയ മത്സ്യത്തൊഴിലാളിയായ ജൈസൽ താനൂരിനെ മറന്നു കാണില്ല. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽ രക്ഷക വേഷമണിഞ്ഞ് നൂറുകണക്കിന് ആളുകളുടെ ജീവൻ സംരക്ഷിച്ച ജൈസൽ താനൂർ അദ്ദേഹത്തിന്റെ ഒറ്റ പ്രവർത്തി കൊണ്ട് ലോകമാകെ ശ്രദ്ധ നേടിയ വ്യക്തിയാണ്. എസ് വൈ എസ് സാന്ത്വനം വളണ്ടിയറായ അദ്ദേഹം വേങ്ങര മുതലമാട് നിന്ന് ആളുകളെ ബോട്ടിൽ കയറ്റുന്നതിനായ് കുനിഞ്ഞ് മുതുക് ചവിട്ടുപടിയാക്കി നൽകുകയായിരുന്നു. ഈ ദൃശ്യം ലോകമെങ്ങും പ്രചരിക്കുകയും ഈ 32 കാരന്റെ നന്മയെ ലോകമെങ്ങുമുള്ള മനുഷ്യർ നേരിൽ കാണുകയും ചെയ്തു. ഇതോടെ വ്യത്യസ്തമായ സഹായങ്ങൾ ജെയ്‌സലിനെ തേടിയെത്തുകയും ചെയ്തു. സ്വന്തമായി താമസിക്കാനിടമില്ലാത്ത അദ്ദേഹത്തിന് വീട് നിർമ്മിച്ച് നൽകാനാണ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

പാർട്ടിമാറിയാൽ എനിക്ക് ലക്ഷങ്ങൾ ലഭിക്കുമായിരുന്നു, പണത്തിനുപുറമെ കൊച്ചിയിൽ വീടോ, ഫ്‌ളാറ്റോ നൽകാമെന്ന വാഗ്ദാനവും ലഭിച്ചു, എന്നാൽ തന്റെ ആദർശം പണയംവെച്ചുള്ള ഒരു സഹായവും സ്വീകരിക്കേണ്ട എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും, കറകളഞ്ഞൊരു പാർട്ടിക്കാരനാണെന്ന വിശ്വാസം എനിക്കുണ്ട്, ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടകാര്യമില്ല,

എന്നാൽ തനിക്ക് നേരത്തെ പല രീതിയിലുള്ള സഹായങ്ങൾ ലഭിച്ചിരുന്നുവെന്നുവെന്നും ജൈസൽ പറയുന്നു. ഇന്ന് പണമെല്ലാം കഴിഞ്ഞു ഇനി വീണ്ടും പഴയ ജോലിക്കുപോകണം, മൂന്നു ലക്ഷം രൂപയാണ് തന്റെ അക്കൗണ്ടിൽ സഹായ ധനമായി വന്നത്. സംവിധായകൻ വിനയൻ ഒരു ലക്ഷം രൂപ നൽകി. ഒരു കാറും സമ്മാനമായി ലഭിച്ചു. ഒരുപ്രവാസി ഒരു ലക്ഷം രൂപ തന്നു. കാന്തപുരം എ.പി വിഭാഗം തനിക്ക് പുതിയ വീടുണ്ടാക്കി തന്നു. ഇതാണ് തനിക്ക് ലഭിച്ച സഹായങ്ങൾ.

വീട്ടിലേക്കു വണ്ടിവരില്ല, റോഡിനുള്ള സ്ഥലം നൽകാമെന്ന് അയൽവാസികൾ പറഞ്ഞെങ്കിലും ഇതിന് ഇനി എട്ടു ലക്ഷം രൂപയെങ്കിലും വേണം, അതിനുള്ള പണം ഇനി കയ്യിലില്ല, തനിക്ക് ലഭിച്ച സഹായ ധനങ്ങളിൽ വലിയൊരു തുക പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ കൈമാറി. ഒരുപെൺകുട്ടിയുടെ കല്യാണത്തിനായി 50000, മറ്റൊരാൾക്ക് 20000, മറ്റൊരാൾക്ക് 10000 രൂപ എന്നിങ്ങനെ കൈമാറി. നാട്ടിലെ നിർധന കുടുംബത്തിൽപ്പെട്ടവരായിരുന്നു ഇവർ. രാഷ്ട്രീയം മറന്നാൽ പല സഹായങ്ങൾ വാഗ്ദാനം ചെയ്തപ്പോഴും അത് സ്വീകരിക്കാതെ എ.പി വിഭാഗക്കാർ വീടു വെച്ചു നൽകാമെന്ന് പറഞ്ഞപ്പോൾ ഇത് സ്വീകരിച്ചത് താനൊരു എ.പി വിഭാഗക്കാരൻ ആയതുകൊണ്ടാണ്, ഞാൻ ഒരിക്കലും പണം മോഹിച്ചിട്ടില്ല, അങ്ങിനെ ആയിരുന്നെങ്കിൽ ഇപ്പോൾ എനിക്ക് ഒരു കോടീശ്വരൻ തന്നെ ആകാമായിരുന്നു എന്നും ജൈസൽ ചൂണ്ടിക്കാട്ടുന്നു.

നാട്ടിലെ സിപിഎം ഛോട്ടാനേതാക്കൾ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ ഇപ്പോൾ പാർട്ടിയിൽനിന്നും മാറിനിൽക്കുകയാണ്, പ്രദേശത്ത് പ്രാദേശികമായ പാർട്ടി കൂടുതൽ നല്ല പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്, മറ്റു രാഷ്ട്രീയ പാർട്ടിക്കാർ വേണ്ട പരിഗണ നൽകാതിരിക്കുമ്പോൾ അവരുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിയേണ്ടതുണ്ട്, മുസ്ലിംലീഗ് നേതാവായ അബ്ദുസമദ് സമദാനി അടക്കമുള്ളവർ തന്റെ വീട് സന്ദർശിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തെങ്കിലും തന്റെ പാർട്ടിക്കാർ ആരുംതന്നെ എത്താതിരുന്നത് മാനസികമായ ഏറെ വിഷമമുണ്ടാക്കി, കെ.എം.സി.സി, പി.ഡി.പി അടക്കമുള്ളവരെല്ലാം തന്നെ അഭിനന്ദിക്കുകയും വീട്ടിൽ വരികയും ചെയ്തവരാണ്,

കേരളം വിറങ്ങലിച്ചു നിന്ന പ്രളയ സമയത്താണ് ജൈസലിന്റെ രക്ഷാപ്രവർത്തനം ഉണ്ടായത്, വേങ്ങരയിൽ പ്രളയജലത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനെത്തിയ ബോട്ടിലേക്ക് കയറണമെങ്കിൽ ആ സ്ത്രീകൾക്ക് കഴിയുമായിരുന്നില്ല. ബോട്ടിലേക്ക് ചവിട്ടി കയറാൻ പാകത്തിൽ വച്ചുകൊടുക്കാൻ ഒന്നുംതന്നെ ആ പ്രളയജലത്തിൽ കണ്ടെത്താനും കഴിയില്ല. ഉടൻ രക്ഷാപ്രവർത്തകനായ ജൈസൽ വെള്ളത്തിൽ മുട്ടുകുത്തിക്കിടന്ന് ജീവനുള്ളൊരു ചവിട്ടുപടിയായി. വൃദ്ധയടക്കമുള്ള സ്ത്രീകൾ ആ യുവാവിന്റെ മുതുകിൽ ചവിട്ടി ബോട്ടിലേക്ക് കയറി. ഇതിന്റെ വീഡിയോ സുഹൃത്ത് എടുത്ത് സോഷ്യൽ മീഡിയയൽ ഇട്ടതോടെയാണ് ഇത് വൈറലായത്.


ലക്ഷക്കണക്കിനു പേരെ ദുരിതാശ്വാസക്യാംപുകളിലാക്കിയ വെള്ളപ്പൊക്കത്തിൽ പകരം വയ്ക്കാനില്ലാത്ത പോരാട്ടവീര്യം കാഴ്ചവച്ച് രക്ഷാപ്രവർത്തനം നടത്തിയ നൂറുകണക്കിന് മൽസ്യത്തൊഴിലാളികളുടെ കൂട്ടത്തിലെ ഒരാളാണ് ജൈസൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP