കരമന കൂട്ടത്തിൽ ജയമാധവൻ നായരുടെ ദുരൂഹ മരണം: പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും; കേസ് ചുരുളഴിക്കാൻ ആവാതെ പൊലീസ്
November 16, 2019 | 10:49 PM IST | Permalink

പി നാഗരാജ്
തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിൽ 2017 ഏപ്രിൽ 2 ന് ജയമാധവൻ നായർ ദുരൂഹമായി മരിച്ച കേസിൽ തുമ്പുണ്ടാക്കാനാവാതെ പൊലീസ്. ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള മുൻകൂർ ജാമ്യഹർജികൾ പരിഗണിക്കുന്നത് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റിവച്ചു. കേസ് ഡയറി ഫയൽ പൊലീസ് ഹൈക്കോടതിയിൽ ഹാജരാക്കിയതിനാലാണ് ജില്ലാ ജഡ്ജി കെ.ബാബു ഹർജികൾ മാറ്റിവച്ചത്.
കേസിൽ ഒന്നാം പ്രതിയായ കാര്യസ്ഥൻ രവീന്ദ്രൻ നായർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ കേസ് ഡയറി ഹൈക്കോടതി വിളിച്ചു വരുത്തിയതിനാലാണ് പൊലീസിന് കേസ് ഡയറി ജില്ലാ കോടതിയിൽ ഹാജരാക്കാനാവാത്തത്. ഹൈക്കോടതി രവീന്ദ്രൻ നായരുടെ ജാമ്യ ഹർജിയിൽ തീർപ്പുകൽപ്പിച്ച ശേഷമേ പൊലീസിന് കേസ് ഡയറി മടക്കി വാങ്ങി ജില്ലാ കോടതിയിൽ ഹാജരാക്കാൻ സാധിക്കുകയുള്ളു.
ജയ മാധവൻ നായരുടെ ദുരൂഹ മരണത്തിന് ശേഷം 33 സെന്റ് വസ്തു കാര്യസ്ഥൻ മറ്റു 11 പ്രതികളുമായി ഗൂഢാലോചന നടത്തി ജയ മാധവൻ നായരുടെ പേരിൽ വ്യാജ വിൽപ്പത്രം തയ്യാറാക്കി ലീല എന്ന ജോലിക്കാരിയെയും അനിൽ കുമാർ എന്ന സഹായിയെയും സാക്ഷികളാക്കി 33 സെന്റ് വസ്തു കാര്യസ്ഥനും മറ്റു വസ്തുക്കൾ 11 പ്രതികൾ വിറ്റ് പണം തട്ടിയെടുത്തെന്നുമാണ് കേസ്.
അതേസമയം കൊലക്കുറ്റം എഫ് ഐആറിൽ പൊലീസ് ചുമത്തിയിട്ടില്ല. ആരോപിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 12 0 - ബി (കുറ്റകരമായ ഗൂഢാലോചന ), 406 ( ട്രസ്റ്റ് ലംഘനം) , 420 ( ചതി ) , 506 ( പരാതിക്കാരിയെ ഭീഷണിപ്പെടുത്തൽ) എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് എഫ് ഐ ആർ. ജയമാധവൻ നായരുടെ സഹോദരനായ ഉണ്ണികൃഷ്ണൻ നായരുടെ വിധവയായ കരകുളം ഏണിക്കര ജയദേവം വീട്ടിൽ താമസം പ്രസന്നകുമാരി അമ്മ (79) അമ്മയുടെ പരാതിയിലാണ് കരമന പൊലീസ് കേസെടുത്തത്. 2019 ഒക്ടോബർ 17നാണ് പരാതിയുമായി ഇവർ രംഗത്തെത്തിയത്.