Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോബ്‌സണ് കരുണ നൽകിയത് സുപ്രീം കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത്; കരം അടച്ചു ഉടമസ്ഥാവകാശം ഉറപ്പു വരുത്താൻ കോടികൾ മറിഞ്ഞതായി സൂചന; പുറത്തുവരുന്നത് മുതലാളിമാർക്ക് വേണ്ടിയുള്ള അവസാനത്തെ വിടുപണിയുടെ വിവരങ്ങൾ

പോബ്‌സണ് കരുണ നൽകിയത് സുപ്രീം കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത്; കരം അടച്ചു ഉടമസ്ഥാവകാശം ഉറപ്പു വരുത്താൻ കോടികൾ മറിഞ്ഞതായി സൂചന; പുറത്തുവരുന്നത് മുതലാളിമാർക്ക് വേണ്ടിയുള്ള അവസാനത്തെ വിടുപണിയുടെ വിവരങ്ങൾ

തിരുവനന്തപുരം: രേഖകൾ പ്രകാരം നെല്ലിയാമ്പതിയിലെ കരുണാ എസ്റ്റേറ്റിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് എസ്റ്റേറ്റിൽ സർക്കാർ ഭൂമി ഇല്ലെന്ന്. പരിസ്ഥിതി ലോക മേഖലയായ നെല്ലിയാമ്പതിയിലെ 833 ഏക്കർ എസ്‌റ്റേറ്റിൽ റവന്യൂ ഭൂമി ഉണ്ടെന്ന റിപ്പോർട്ടിനെയും തള്ളിയാണ് മുഖ്യമന്ത്രി ഈ നിലപാട് സ്വീകരിച്ചത്. ഇത് കൃത്യമായും പോബ്‌സണ് വേണ്ടിയാണെന്നത് വ്യക്തമാകും. എസ്‌റ്റേറ്റ് മുതലാളിയെ സഹായിക്കാൻ വേണ്ടിതന്നെയാണ് കരം സ്വീകരിക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടത്. കരുണാ എസ്‌റ്റേറ്റ് കൈവശക്കാരിൽനിന്നു കരം സ്വീകരിക്കാനുള്ള ഉത്തരവിറക്കിയതു സുപ്രീം കോടതി വിധി ദുർവ്യാഖ്യാനിച്ചും നിയമവിരുദ്ധമായുമാണെന്നാണ് അറിയുന്നത്. ഇതിന് ഇടനിലനിന്നത് ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.

ഫയൽ രൂപീകരിക്കാൻ നിർദേശിച്ചതും ഉൾപ്പെടുത്തേണ്ട വ്യവസ്ഥകൾ തീരുമാനിച്ചതും ഈ ഐ.എ.എസുകാരനാണ്. ഭൂനികുതി നിയമത്തിനു പകരം പോക്കുവരവ് ചട്ടങ്ങൾ മറയാക്കിയാണ് കരം സ്വീകരിക്കാൻ വളഞ്ഞവഴിക്ക് ഉത്തരവിറക്കിയതും. കൈവശക്കാർക്ക് അനുകൂലമായി ഉത്തരവിറക്കുന്നതിലെ ആപത്ത് റവന്യുവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഫയൽ തയാറാക്കിയേ മതിയാകൂ എന്ന നിലപാടിലായിരുന്നു ഐ.എ.എസ്. ഉന്നതൻ. ഒരു സ്വകാര്യഗ്രൂപ്പ് എട്ടു മാസം മുമ്പ് നൽകിയ അപേക്ഷയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ് സർക്കാർ ഉത്തരവിറക്കിയത്. 2015 ഓഗസ്റ്റിൽ അപേക്ഷ ലഭിച്ചെങ്കിലും ഫയൽ തയാറാക്കിയത് ജനുവരിയിലാണ്.

ഒരാൾ കരം അടച്ചു എന്നതു കൊണ്ടുമാത്രം ഭൂമി അയാളുടേതാകുന്നില്ലെന്നും ആധാരമാണ് പരിശോധിക്കേണ്ടതെന്നുമുള്ള സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്താണ് കൈവശക്കാർക്ക് അനുകൂലമായി ഉത്തരവിറക്കിയത്. ഒരാളുടെ പേരിൽ മറ്റൊരാൾ കരം അടയ്ക്കുകയും പിന്നീട് താൻ കരം അടച്ചു എന്നതിന്റെ ബലത്തിൽ പ്രസ്തുത ഭൂമിക്ക് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വിധി ബാധകമാകുക. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആധാരം പരിശോധിക്കണം. ഇതിനെ ദുർവ്യാഖ്യാനിച്ചാണ് കരുണ എസ്‌റ്റേറ്റിനു കരം അടയ്ക്കാൻ അനുമതി നൽകിയത്.

കരം അടച്ചാലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു കുഴപ്പമില്ലെന്ന തരത്തിലാണ് ഇതിനെ വ്യാ ഖ്യാനിച്ചതും. എന്നാലിവിടെ, സർക്കാർ ഭൂമിയാണെന്ന വസ്തുത സൗകര്യപൂർവം അവഗണിക്കുകയും ചെയ്തു.സ്വകാര്യ ഗ്രൂപ്പ് സർക്കാർ ഭൂമി കൈയേറിയതാണെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ പിന്നീട് ഭൂമി സ്വകാര്യ ഗ്രൂപ്പിനു നൽകാനുള്ള നീക്കമാണു ഫലത്തിൽ നടത്തിയത്. സർക്കാരും സ്വകാര്യ വ്യക്തിയും തമ്മിൽ ഉടമസ്ഥാവകാശ തർക്കമുണ്ടെങ്കിൽ ഭൂനികുതി നിയമം അനുസരിച്ചാണ് കരം സ്വീകരിക്കേണ്ടത്. അതിന് തർക്കഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിക്കുകയാണ് ആദ്യം വേണ്ടത്. സർക്കാരിന്റേതാണോ സ്വകാര്യ വ്യക്തിയുടേതാണോ എന്ന് തിരിച്ചറിയണം. ഇതിനുശേഷമാണ് നികുതി സ്വീകരിക്കേണ്ടത്.

സർക്കാരും സ്വകാര്യ വ്യക്തിയും തമ്മിൽ തർക്കമുള്ള കരുണ എസ്‌റ്റേറ്റിൽ ഈ നിയമം പാലിച്ചാണ് നടപടികളെടുക്കേണ്ടത്. എന്നാൽ ഇതിനു പകരം പോക്കുവരവ് ചട്ടങ്ങളാണ് പരിഗണിച്ചത്. രണ്ടു സ്വകാര്യ വ്യക്തികൾ തമ്മിൽ തർക്കമുള്ള ഭൂമിയിൽ കരം വാങ്ങുന്നതിന് തടസമില്ലെന്ന ചട്ടത്തിലെ വ്യവസ്ഥ ഇതിനു പഴുതാക്കുകയായിരുന്നു. സ്വകാര്യ ഗ്രൂപ്പ് ഭൂമി കൈയേറിയെന്നു ഹർജി നൽകുകയും കേസ് നിലനിൽക്കുമ്പോൾതന്നെ അവരിൽനിന്നു കരം വാങ്ങാൻ അനുമതി നൽകുകയും ചെയ്യുന്നത് കോടതിയലക്ഷ്യമാകുമെന്ന് റവന്യു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം പക്ഷേ, ഐ.എ.എസ്. ഉദ്യോഗസ്ഥൻ തള്ളി. പോരാത്തതിന്, സ്വകാര്യ ഗ്രൂപ്പിന്റെ അപേക്ഷ ലഭിച്ചശേഷം ഭരണരംഗത്തുള്ളവരുമായി ഇടനിലനിന്നതും ഈ ഉദ്യോഗസ്ഥനായിരുന്നു. കരം അടച്ചു കഴിഞ്ഞാൽ കോടതിയിൽ സ്വകാര്യഗ്രൂപ്പിന്റെ അവകാശവാദം കുറച്ചുകൂടി ബലപ്പെടും. റവന്യു രേഖകളിൽ സ്വകാര്യഗ്രൂപ്പിന് തണ്ടപ്പേരുണ്ടെങ്കിലേ കരം അടയ്ക്കാൻ കഴിയൂ. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തണ്ടപ്പേര് നിർണായകവുമാണ്.

സർക്കാർ ഉത്തരവ് പ്രകാരം സ്വകാര്യ ഗ്രൂപ്പിന് റവന്യുരേഖകളിൽ തണ്ടപ്പേര് ലഭിക്കുകയും കരം അടയ്ക്കാൻ കഴിയുകയും ചെയ്താൽ കോടതിയിൽ അവരുടെ വാദത്തിനു കൂടുതൽ ബലം കിട്ടും. ഇതുതന്നെയാണ് വളഞ്ഞവഴിക്ക് കൂട്ടുനിന്നവർ ലക്ഷ്യമിട്ടതും. 833 ഏക്കറിനു കരമടയ്ക്കാൻ പോബ്‌സ് ഗ്രൂപ്പിന് അനുമതി നൽകിക്കൊണ്ട് ഈ മാസം ഒന്നിന് റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തിയതായി മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ഹൈക്കോടതിയുടെ അന്തിമ വിധിക്കുശേഷം മാത്രം കരം സ്വീകരിച്ചാൽ മതിയെന്ന വ്യവസ്ഥയോടെയാണു ഭേദഗതിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമുയരുകയും വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ സർക്കാരിനു കത്ത് നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്നലെ വിഷയം മന്ത്രിസഭായോഗം പരിഗണിച്ചത്. എന്നാൽ, ഉത്തരവ് പിൻവലിക്കേണ്ട കാര്യമില്ലെന്നു മന്ത്രിസഭായോഗം വിലയിരുത്തി. കരുണ എസ്‌റ്റേറ്റിനു കരമടയ്ക്കാനുള്ള അനുമതി നൽകിയത് നാല് ഉപാധികളോടെയാണെന്നു തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.

പോബ്‌സ് എസ്‌േറ്ററ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന അസൽ രേഖകൾ പരിശോധിക്കണം, നിയമാനുസൃതമായ രേഖകളാണോയെന്ന് ഉറപ്പുവരുത്തണം, കരം സ്വീകരിക്കും മുമ്പ് കുടിക്കട സർട്ടിഫിക്കറ്റ് പരിശോധിക്കണം, ഇതെല്ലാം പരിശോധിച്ച ശേഷം നെല്ലിയാമ്പതി വില്ലേജ് ഓഫീസർ കരം സ്വീകരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അത് ഹൈക്കോടതി വിധിക്കു വിധേയമായിരിക്കും തുടങ്ങിയ വ്യവസ്ഥകളാണ് ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നത്. കോടതി ഉത്തരവിനെത്തുടർന്നുള്ള സർവേയിൽ പോബ്‌സ് എസ്‌റ്റേറ്റ് അവകാശപ്പെടുന്ന 833 ഏക്കർ സർക്കാർ ഭൂമി അല്ലെന്ന് കണ്ടെത്തിയിരുന്നു. അവരുടെ കൈവശം 15 ഏക്കർ നിക്ഷിപ്ത വനഭൂമിയുണ്ടെന്നും കണ്ടെത്തി. 833 ഏക്കറിലല്ല ഇത്. സർവേ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരം സ്വീകരിക്കുന്നതിനു തടസമില്ലെന്ന് ലാൻഡ് ബോർഡ് സെക്രട്ടറി റിപ്പോർട്ട് നൽകി. തുടർന്ന് കരം ഒടുക്കുന്നതിനെക്കുറിച്ച് റവന്യു വകുപ്പ് നിയമവകുപ്പിന്റെ ഉപദേശം തേടി. സർക്കാരിന്റേതല്ലെന്നു കണ്ടെത്തിയ ഭൂമിയിൽ കരം സ്വീകരിക്കാൻ നിയമതടസമില്ലെന്നും കരം സ്വീകരിച്ചതുകൊണ്ടു മാത്രം വസ്തുവിൽ ഉടമസ്ഥാവകാശം ലഭിക്കില്ലെന്നുമായിരുന്നു നിയമോപദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനഭൂമി സ്വകാര്യഗ്രൂപ്പിന് പതിച്ചുനൽകാനുള്ള ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടും റവന്യൂവകുപ്പിന്റെ തീരുമാനത്തിൽ മന്ത്രിസഭ ഉറച്ച് നിന്നതിനുപിന്നിൽ പോബ്‌സ് ഗ്രൂപ്പുമായുള്ള ഒത്തുകളിയാണ്. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ റവന്യൂമന്ത്രിക്ക് രണ്ടുതവണ കത്ത് നൽകുകയും കെപിസിസി യോഗത്തിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടും തീരുമാനം മാറ്റാൻ സർക്കാർ തയ്യാറായില്ലെന്നത് സ്വകാര്യഗ്രൂപ്പുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കുമുള്ള ബന്ധം തുറന്നുകാട്ടിയിട്ടുണ്ട്.

കരുണ എസ്റ്റേറ്റ് ഭൂമിയുടെ അവകാശത്തെച്ചൊല്ലി ഹൈക്കോടതിയിൽ കേസ് നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് പോബ്‌സ് ഗ്രൂപ്പിൽനിന്ന് നികുതി പിരിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇത് കോടതിയിൽ പോബ്‌സ് ഗ്രൂപ്പിന് അനുകൂലവിധി കിട്ടാൻ വഴിവയ്ക്കും. നേരത്തെ ഈ ഭൂമി സർക്കാർ ഭൂമിയും വനഭൂമിയുമാണെന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലം. അതിന് തികച്ചും വിരുദ്ധമായാണ് പുതിയ ഉത്തരവ്. ഹൈക്കോടതിയിൽ സർക്കാർ എതിർകക്ഷിയായി കേസ് നിലനിൽക്കെ നികുതി പിരിക്കണമെന്ന് ആവശ്യപ്പെട്ട് പോബ്‌സ് ഗ്രൂപ്പ് നൽകിയ അപേക്ഷയിലാണ് ധൃതിപിടിച്ച് തീരുമാനമെടുത്തത്.

ഹൈക്കോടതി തീരുമാനത്തിന് വിധേയമായേ കരംപിരിക്കൂ എന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അങ്ങനെയെങ്കിൽ ഹൈക്കോടതിവിധി വന്നിട്ട് പോരേ തീരുമാനം എന്ന ചോദ്യത്തിന് ഉത്തരമില്ല. മാത്രമല്ല, നികുതി പിരിക്കാൻ ഉത്തരവിറക്കിയതോടെ ഭൂമി സർക്കാരിന്റേതല്ലെന്ന് സമ്മതിക്കുകയും ചെയ്യുന്നു. സർക്കാർ ഉത്തരവിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇറക്കിയ വാർത്താക്കുറിപ്പും അനുബന്ധ 'റിപ്പോർട്ടുകളും' പോബ്‌സിനെ പ്രത്യക്ഷത്തിൽ സഹായിക്കുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP