Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.എ.എസ് പരീക്ഷ നാളെ; കെഎഎസ് രൂപീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷ എഴുതുന്നത് നാല് ലക്ഷം പേർ

കെ.എ.എസ് പരീക്ഷ നാളെ; കെഎഎസ് രൂപീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷ എഴുതുന്നത് നാല് ലക്ഷം പേർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ.എ.എസ് (കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ്) പരീക്ഷ നാളെ. പിഎസ്‌സി നടത്തുന്ന കെ.എ.എസ്സിന്റെ പ്രാഥമിക പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയും രണ്ട് നേരവും പരീക്ഷ നടക്കും. 4,00,014 പേരാണ് പരീക്ഷ എഴുതുന്നത്. കെഎഎസ് രൂപീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷയാണിത്.

പരീക്ഷ തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപു മുതൽ ഉദ്യോഗാർഥികളെ ഹാളിലേക്കു പ്രവേശിപ്പിക്കും. വൈകിയെത്തുന്നവരെ എഴുതാൻ അനുവദിക്കില്ല. രാവിലത്തെ പരീക്ഷ എഴുതാത്തവരെ തുടർന്നുള്ള പരീക്ഷയിൽ പങ്കെടുപ്പിക്കില്ല. സംസ്ഥാനത്തൊട്ടാകെ 1534 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേന്ദ്രങ്ങൾക്കെല്ലാം പൊലീസ് നിരീക്ഷണമുണ്ട്. പിഎസ്‌സി ജീവനക്കാരനും പരീക്ഷാ കേന്ദ്രത്തിലുണ്ടാവും.

അപേക്ഷയിൽ ആവശ്യപ്പെട്ട ഉദ്യോഗാർഥികൾക്കു തമിഴ്, കന്നട ചോദ്യക്കടലാസുകൾ ലഭിക്കും. പരീക്ഷാ ഹാളിൽ വാച്ച് നിരോധിച്ചതിനാൽ ഉദ്യോഗാർഥികൾ സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെൽ ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതിനു മുൻപു മുതൽ അവസാനിക്കുന്നതു വരെ 7 തവണയാണു ബെല്ലടിക്കുക. വേനൽക്കാലമായതിനാൽ ഹാളിൽ ശുദ്ധജലം ലഭ്യമാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.

മൊബൈൽ ഫോൺ, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. ചെറിയ ക്രമക്കേടു പോലും കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നതിനാൽ ഉദ്യോഗാർഥികൾ ജാഗ്രത പുലർത്തണം. ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസ് സമയം ഉൾപ്പെടെ വിവരങ്ങൾക്കു കൺട്രോൾ റൂമിൽ ബന്ധപ്പെടാം. ഫോൺ: 0471 2463799, 94470 71021.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP