Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കവളപ്പാറയിൽ ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ നഷ്ടമായപ്പോൾ മലയുടെ എതിർവശത്തെ പാതാർ നഗരത്തിൽ തകർന്നത് വീടുകളും കടകളും ആരാധനാലയങ്ങളും; കേരളം കണ്ട മഹാവിപത്തിൽ നിന്നും ഒരു നാടിനെ കൈപിടിച്ചുയർത്താൻ സർക്കാരിന്റെ സമ്പൂർണ പുനരധിവാസ പദ്ധതി

കവളപ്പാറയിൽ ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ നഷ്ടമായപ്പോൾ മലയുടെ എതിർവശത്തെ പാതാർ നഗരത്തിൽ തകർന്നത് വീടുകളും കടകളും ആരാധനാലയങ്ങളും; കേരളം കണ്ട മഹാവിപത്തിൽ നിന്നും ഒരു നാടിനെ കൈപിടിച്ചുയർത്താൻ സർക്കാരിന്റെ സമ്പൂർണ പുനരധിവാസ പദ്ധതി

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രളയം നാശം വിതച്ച നിലമ്പൂർ കവളപ്പാറയിലും പാതാറിലും സമ്പൂർണ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ. ഇതിനായി പ്രത്യേകം സ്ഥലം കണ്ടെത്തും. ഏതെങ്കിലും ഏജൻസികളെ ഉപയോഗിച്ച് വീട് നിർമ്മിച്ച് നൽകും. പരമ്പരാഗത വീടുകൾക്ക് പകരം പ്രീഫാബ് മോഡലുൾപ്പടെയുള്ളവ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി ഡോ. കെടി ജലീൽ പറഞ്ഞു. ദുരിതബാധിതർക്ക് വേഗത്തിൽ സഹായം ലഭ്യമാക്കും. തുടർപ്രവർത്തനം വിലയിരുത്തുന്നതിന് രണ്ടാഴ്ചയിലൊരിക്കൽ കലക്ടറേറ്റിൽ യോഗം ചേരുമെന്നും ജലിൽ പറഞ്ഞു. അതേ സമയം കനത്ത മഴയെത്തുടർന്ന് ദുരന്തങ്ങളുണ്ടായ മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, സോയിൽ പൈപ്പിങ് തുടങ്ങിയ പ്രതിഭാസങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച ധാരാളം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതിയുള്ളതോ, ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതോ ആയ മേഖലകളെ കുറിച്ച് പഠനം നടത്തി വ്യക്തമായ ശിപാർശ സഹിതം റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജില്ലയിലെ ജിയോളജി, സോയിൽ സർവ്വേ, സോയിൽ കൺസർവേഷൻ, ഭൂജല വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി ടീം രൂപീകരിച്ചു.

കഴിഞ്ഞ എട്ടിന് രാത്രി 7.30ന് കവളപ്പാറയിൽ ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ നഷ്ടമായപ്പോൾ മലയുടെ എതിർവശത്തെ പാതാർ നഗരത്തിലെ വീടുകളും കടകളും ആരാധനാലയങ്ങളും പൂർണമായും തകരുകയായിരുന്നു. മുത്തപ്പന്മലയ്ക്ക് അരികെ ചാമപ്പാറ മലയിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിലാണ് പാതാർ പ്രദേശം നിലംപൊത്തിയത്. ഉരുൾപൊട്ടലിൽ ചാമപ്പാറ മലവഴി വരുന്ന പാതാർ തോടിനരികിലുള്ള പത്തോളം വീടുകൾ ഒലിച്ചുപോയി. പത്തോളം കടകളും മസ്ജിദും ഭാഗികമായി തകർന്നു. വീടുകളിൽനിന്ന് ജനങ്ങളെ നേരത്തെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിയിരുന്നു. പാതാർ ചെറുപാലം ഭാഗികമായി ഒലിച്ചുപോയത് തൊട്ടടുത്ത പ്രദേശമായ എരുമമുണ്ടയിലേക്കുള്ള ഗതാഗതമാർഗം ഇല്ലാതാക്കി. ചെറിയ തോടായിരുന്ന പാതാർ തോട് വനത്തിനുള്ളിലെ വലിയ മരങ്ങളടിഞ്ഞ് പുഴയായി. ചൊളപ്പാറ ഉസ്മാൻ, ഇലവനാംകുഴി ജോർജ്, മാവുങ്ങൽ ഷെരീഫ്, പുത്തൻവീട്ടിൽ ചന്ദ്രിക, വാകയിൽ സുരേഷ്, വാകയിൽ രതീഷ്, കുഴിവേലി പ്രദീപ്, പ്ലാമൂട്ടിൽ സുധാകരൻ എന്നിവരുടെ വീടുകൾ തകർന്നു.

അതേ സമയം കവളപ്പാറയിൽ ഉരുപൊട്ടലുണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുമ്പോഴും പാതറിൽ ഒരു മനുഷ്യർപോലുമില്ലാതെ കിടക്കുകയാണ്. ഇവിടെ താമസിച്ചിരുന്നവരെല്ലാം ബന്ധുവീടുകളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുകയാണ്. നിലവിൽ താമസിച്ചിരുന്ന പാതാറിലെ സ്ഥലങ്ങളിൽ ഇനി ഇനി താമസിക്കരുതെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. അതേ സമയം കാലവർഷത്തെ തുടർന്നു ആരംഭിച്ചിരുന്ന ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 57 ആയി. ക്യാമ്പുകളിൽ താമസിച്ചിരുന്നവർ വീടുകളിലേക്ക് മാറിയതിനെ തുടർന്നു ജില്ലയിൽ പ്രവർത്തിച്ചിരുന്ന 196 ക്യാമ്പുകൾ ഇന്നലെയോടെ അവസാനിപ്പിച്ചു.5360 കുടുംബങ്ങളിലെ 16383 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതിൽ 6904 പേർ പുരുഷന്മാരും 6296 പേർ സ്ത്രീകളും 3183 പേർ കുട്ടികളുമാണ്. നിലമ്പൂർ താലൂക്കിൽ 28 ക്യാമ്പുകളാണ് നിലവിലുള്ളത്. 1976 കുടംബങ്ങളിലെ 7329 പേരാണു ക്യാമ്പിലുള്ളത്. ഇതിൽ 2830 പുരുഷന്മാരും 2945 സ്ത്രീകളുമാണ്. 1554കുട്ടികളുമുണ്ട്.

ഏറനാട് താലൂക്കിൽ 57 ക്യാമ്പുകൾ അവസാനിപ്പിച്ചപ്പോൾ ആറ് ക്യാമ്പുകളാണ് നിലവിലുള്ളത്. അതിൽ 100 കുടംബങ്ങളിലെ 481 പേരാണുള്ളത്. ഇതിൽ 179 പുരുഷന്മാരും 192 സ്ത്രീകളുമാണ്. 110 കുട്ടികളാണുള്ളത്. പൊന്നാനിയിൽ നാല് ക്യാമ്പുകളാണ് നിലവിലുള്ളത്. 78 കുടംബങ്ങളിലെ 248 പേരാണു ക്യാമ്പിൽ കഴിയുന്നത്. ഇതിൽ 88 പേർ പുരുഷന്മാരും 92 പേർ സ്ത്രീകളുമാണ്. 68 കുട്ടികളുമുണ്ട്. കൊണ്ടോട്ടിയിൽ 24 ക്യാമ്പുകൾ അവസാനിപ്പിച്ചപ്പോൾ ഒരു ക്യാമ്പാണ് നിലവിലുള്ളത്. അതിൽ 13 കുടംബങ്ങളിലെ 41 പേരാണുള്ളത്. ഇതിൽ 18പേർ പുരുഷന്മാരും 16 പേർ സ്ത്രീകളുമാണ്. ഏഴ് പേർ കുട്ടികളാണ്. തിരൂരങ്ങാടിയിൽ 18 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. അതിൽ 3193 കുടംബങ്ങളിലെ 8284 പേരാണുള്ളത്. ഇതിൽ 3789 പേർ പുരുഷന്മാരും 3051 പേർ സ്ത്രീകളുമാണ്. 1444 പേർ കുട്ടികളാണ്.
തിരൂരിൽ താലൂക്കിലെ 31 ക്യാമ്പുകളും പെരിന്തൽമണ്ണ താലൂക്കിലെ 26 ക്യാമ്പുകളും പ്രവർത്തനം അവസാനിപ്പിച്ചതോടെ ഈ താലൂക്കുകളിൽ ഇപ്പോൾ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP