Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഇത്രയ്ക്ക് അധമന്മാരാണോ കത്തോലിക്കാ പുരോഹിതർ'; നീളൻ കുപ്പായവുമായി സ്ഥലക്കച്ചവടത്തിനിറങ്ങിയ അത്യുന്നതൻ ആ മകളുടെ കണ്ണീർ കാണാതെ പോയില്ലേ? ഇരയാക്കപ്പെട്ടവളെ വിലക്കെടുക്കാൻ എർത്തയിലച്ചൻ ഭീഷണിയുമായി വന്നപ്പോൾ എന്തുകൊണ്ട് നിങ്ങൾ പ്രസ്താവന ഇറക്കിയില്ല; കന്യാസ്ത്രീകൾക്കെതിരെ പ്രസ്താവന ഇറക്കിയ കെസിബിസിയുടെ കത്ത് വായിച്ച ഞാൻ ചൂളിപ്പോയി: ഫാ. വർഗീസ് വള്ളിക്കാടിന് മറുപടിയുമായി മറ്റൊരു വൈദികൻ

'ഇത്രയ്ക്ക് അധമന്മാരാണോ കത്തോലിക്കാ പുരോഹിതർ'; നീളൻ കുപ്പായവുമായി സ്ഥലക്കച്ചവടത്തിനിറങ്ങിയ അത്യുന്നതൻ ആ മകളുടെ കണ്ണീർ കാണാതെ പോയില്ലേ? ഇരയാക്കപ്പെട്ടവളെ വിലക്കെടുക്കാൻ എർത്തയിലച്ചൻ ഭീഷണിയുമായി വന്നപ്പോൾ എന്തുകൊണ്ട് നിങ്ങൾ പ്രസ്താവന ഇറക്കിയില്ല; കന്യാസ്ത്രീകൾക്കെതിരെ പ്രസ്താവന ഇറക്കിയ കെസിബിസിയുടെ കത്ത് വായിച്ച ഞാൻ ചൂളിപ്പോയി: ഫാ. വർഗീസ് വള്ളിക്കാടിന് മറുപടിയുമായി മറ്റൊരു വൈദികൻ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സമരം നടത്തിയ കന്യാസ്ത്രീകളെ അധിക്ഷേപിച്ചും ബിഷപ്പിന്റെ അറസ്റ്റിൽ വേദനിച്ചും ദുഃഖം രേഖപ്പെടുത്തിയും കെസിബിസി സർക്കുലർ ഇറക്കിയിരുന്നു. സഭയുടെ ഔദ്യോഗിക വക്താവ് ഫാ.വർഗീസ് വള്ളിക്കാട്ടാണ് അതിനിന്ദ്യമായ ഭാഷയിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ട് സർക്കുലർ ഇറക്കിയത്. ഫാ.വർഗീസ് വള്ളിക്കാട്ടിന് തുറന്ന കത്തിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു കത്തോലിക്കാ പുരോഹിതൻ.

'ഇത്രയ്ക്ക് അധമന്മാരാണോ കത്തോലിക്കാ പുരോഹിതർ' എന്നാണ് സാധാരണ വിശ്വാസികൾ തന്നോട് ചോദിച്ചത്. അവരുടെ മുന്നിൽ താൻ ചൂളിപ്പോയതുകൊണ്ടാണ് ഈ മറുപടിയെന്ന് കത്തിന്റെ തുടക്കത്തിൽ തന്നെ വൈദീകൻ പറയുന്നു. അതേസമയം തന്റെ പേര് വ്യക്തമാക്കിയാൽ സഭാതലങ്ങളിൽ നിന്ന് വരാനിടയുള്ള വിമർശനങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിൽ ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് പേര് പുറത്ത് വിട്ടിട്ടില്ല.

കത്തോലിക്കാ സഭയെ നാണംകെടുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന വള്ളിക്കാട്ടിനെപോലെയുള്ളവരോട് എനിക്ക് പുച്ഛം തോന്നുന്നു. ഫ്രാങ്കോ ബിഷപ്പിന് തെറ്റുപറ്റി. വേണ്ട സമയത്ത് തിരുത്താനോ രമ്യതപ്പെടാനോ ശ്രമിക്കാത്തതിനാൽ, ഇരയോട് കരുണയില്ലാതെ പെരുമാറിയപ്പോൾ, കേരള സമൂഹം മുറിവേറ്റ ആ മകളെ ഏറ്റെടുത്തു. ആ മകൾക്കുവേണ്ടി തെരുവിലിറങ്ങാനും ഉണ്ണാവ്രതം നടത്താനും നീതിബോധമുള്ള കേരളത്തിലെ ജനങ്ങൾ തയ്യാറായി. ആ മകളുടെ കണ്ണുനീർ 'അത്യുന്നതൻ' കണ്ടില്ലെന്ന് മാത്രമല്ല, അവളെ അവഹേളിക്കാൻ 'എന്നോട് ആ സ്ത്രീ ഒന്നും പറഞ്ഞിട്ടില്ലെന്ന' നുണയും തട്ടിവിടുകയും ചെയ്തു. ഇത്രയും വലിയ നുണ അത്യുന്നതൻ തട്ടിവിട്ടപ്പോൾ എവിടെയായിരുന്നു വള്ളിക്കാട്ട്? അന്ന് ഒരു പ്രസ്താവന ഇറക്കാൻ മേലായിരുന്നോ?

ഇരയാക്കപ്പെട്ടവളെ വിലയ്ക്കെടുക്കാൻ ഭീഷണിയും ഒപ്പം വലിയ സമ്മാനങ്ങളുമായി എർത്തയിൽ എന്ന സി.എം.ഐ വൈദികൻ ഇറങ്ങിയപ്പോൾ, അയാൾ നിയമവിരുദ്ധമായാണ് ചെയ്യുന്നതെന്ന് കണ്ടപ്പോൾ, അയാൾതന്നെ അത് ഏറ്റുപറഞ്ഞപ്പോൾ, നീ എന്തുകെണ്ട് പ്രസ്താവനയുമായി വന്നില്ല? അയാൾ ചെയ്തത് കത്തോലിക്കാ പുരോഹിതന് ചേർന്നതല്ല എന്ന് പ്രസ്താവിക്കാൻ എന്തുകൊണ്ട് സാധിച്ചില്ല?

കെട്ടിച്ചമച്ച തെളിവുകളുമായി പൊലീസിനുമുന്നിൽ ഹാജരായി മെത്രാൻ പദവിയെ ഫ്രാങ്കോ നാണംകെടുത്തിയപ്പോൾ, മെത്രാന്റെ വേഷവിതാനങ്ങളോടെ സപ്തനക്ഷത്ര ഹോട്ടലിൽ നിന്ന പൊലീസിനു മുന്നിലേക്ക് ഫ്രാങ്കോ വരുകയും പോകുകയും ചെയ്തപ്പോൾ നീ എവിടെയായിരുന്നു. ഒന്ന് പറഞ്ഞുകൂടായിരുന്നോ സഭയെ നാണംകെടുത്തരുതെന്ന്? മെത്രാൻസ്ഥാനത്തുനിന്ന് മാറിനിന്നുകൊണ്ട് വിചാരണ നേരിടാൻ പറയാമായിരുന്നില്ലേ? അദ്ദേഹം കാണിക്കുന്നത് തെറ്റാണെന്ന് പ്രസ്താവിച്ചുകൂടായിരുന്നോ? ഫ്രാങ്കോയേക്കാൾ വലുതാണ് കത്തോലിക്കാ സഭയെന്ന് ഒന്ന് ഓർമ്മിപ്പിച്ചുകൂടായിരുന്നോ?

അഗസ്റ്റിൻ വട്ടോളിയച്ചനും മറ്റു വൈദികരും സന്യസ്തരും അൽമായരും നാനാജാതി മതസ്ഥരായ ജനങ്ങളും ചെയ്ത സമരം സഭയ്ക്കെതിരെയായിരുന്നുവെന്ന് നിന്നോടാരാണ് പറഞ്ഞത്.? കേരളത്തിലെ ഒരാളും നിന്റെ നുണ വിശ്വസിക്കില്ല. നിന്നെപോലുള്ള മെത്രാൻ സ്ഥാനമോഹികൾ സഭയുടെ ഇത്തരം സ്ഥാനങ്ങളിൽ കയറിയിരിക്കുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള പ്രസ്താവനകൾ വെളിച്ചം കാണൂ. വിശ്വാസവും വിവരവും വിവേകവും 'കാലത്തിന്റെ മാറ്റവും ഗ്രഹിക്കാൻ കഴിവുമുള്ള' നല്ല വൈദികരെയാണ് സെക്രട്ടറിമാരാക്കേണ്ടത് എന്ന് നല്ല മെത്രാന്മാരെങ്കിലും കെ.സി.ബി.സിയിൽ ഉണ്ടെങ്കിൽ അവരോട് അഭ്യർത്ഥിക്കുകയാണ്. സ്ഥലക്കച്ചവടവും സാമ്പത്തിക തട്ടിപ്പും പീഡനവുമൊക്കെയായി നടക്കുന്ന അത്യുന്നതന്മാരേയും ഇത്തരം വിലകുറഞ്ഞ പ്രസ്താവന നടത്തുന്നവരെയും എനിക്ക് ചുമക്കാൻ വയ്യ. ക്ഷമിക്കുക- അദ്ദേഹം പറയുന്നു.

കത്തിന്റെ പൂർണ്ണരൂപം :

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP