Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാടു വെടക്കാക്കാൻ വിടല്ലേ മക്കളേ! നമ്പ്രാടത്ത് ജാനകിയുടെ ചൊൽവിളി കേട്ടുണർന്ന കീഴാറ്റൂരിനെ ആവേശത്തിലാഴ്‌ത്തി വയൽക്കിളികളുടെ മാർച്ച്; സിപിഎം കത്തിച്ച സമരപ്പന്തൽ പുനഃസ്ഥാപിച്ച് സമരം മൂന്നാം ഘട്ടത്തിലേക്ക്; വയലുകളും തണ്ണീർത്തടങ്ങളും നികത്താൻ സർക്കാരിന് അവകാശമില്ലെന്ന് പ്രഖ്യാപനം; പാർട്ടി ഗ്രാമത്തിലെ മാർച്ചിന് കിട്ടിയ ജനപിന്തുണ കാണാൻ പോലും പോകാതെ സിപിഎം പ്രവർത്തകർ; സമരം ചെയ്യുന്നത് കോൺഗ്രസുകാരെന്നും പിന്തുണയുമായി എത്തിയവർ ജോലിയില്ലാത്തവരെന്നും ജി.സുധാകരൻ

നാടു വെടക്കാക്കാൻ വിടല്ലേ മക്കളേ! നമ്പ്രാടത്ത് ജാനകിയുടെ ചൊൽവിളി കേട്ടുണർന്ന കീഴാറ്റൂരിനെ ആവേശത്തിലാഴ്‌ത്തി വയൽക്കിളികളുടെ മാർച്ച്; സിപിഎം കത്തിച്ച സമരപ്പന്തൽ പുനഃസ്ഥാപിച്ച് സമരം മൂന്നാം ഘട്ടത്തിലേക്ക്; വയലുകളും തണ്ണീർത്തടങ്ങളും നികത്താൻ സർക്കാരിന് അവകാശമില്ലെന്ന് പ്രഖ്യാപനം; പാർട്ടി ഗ്രാമത്തിലെ മാർച്ചിന് കിട്ടിയ ജനപിന്തുണ കാണാൻ പോലും പോകാതെ സിപിഎം പ്രവർത്തകർ; സമരം ചെയ്യുന്നത് കോൺഗ്രസുകാരെന്നും പിന്തുണയുമായി എത്തിയവർ ജോലിയില്ലാത്തവരെന്നും ജി.സുധാകരൻ

രഞ്ജിത് ബാബു

കണ്ണൂർ: കേരളത്തിന്റെ ജലസ്രോതസ്സായ പശ്ചിമഘട്ടവും തണ്ണീർ തടങ്ങളും വയലുകളും നികത്തരുതെന്ന് പ്രഖ്യാപിച്ചുകൊണ്ട് മൂന്ന് മണിക്കൂറിലേറെ കീഴാറ്റൂർ വയലിൽ പരിസ്ഥിതി വാദികളും സാമൂഹ്യപ്രവർത്തകരും വയൽക്കിളികളും രാഷ്ട്രീയ നേതാക്കളുമടങ്ങിയ ജനാവലി പ്രകൃതി സ്നേഹത്തിന്റെ ഉത്ബോധനം നടത്തി. വയൽക്കിളികൾ എന്ന പേരിൽ വയൽ നഷ്ടപ്പെടുത്തി ദേശീയ പാത കൊണ്ടുപോകുന്നതിനെതിരെയുള്ള സമരം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചത് പതിന്മടങ്ങ് ആവേശത്തിലായിരുന്നു.

ഉച്ചതിരിഞ്ഞ് 2.30 ഓടെ കേരളം കീഴാറ്റൂരിലേക്ക് എന്ന ബാനർ ഏന്തി തളിപ്പറമ്പിൽ നിന്ന് ആരംഭിച്ച മാർച്ച് വഴി നീളെ മുദ്രാവാക്യങ്ങളും സമരഗാനങ്ങളും കൊണ്ട് മുഖരിതമായി. വയൽക്കിളികൾ തനിച്ചല്ലെന്നും കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക- പരിസ്ഥിതി -സംഘടനകൾ തങ്ങൾക്ക് തുണയുണ്ടെന്ന തിരിച്ചറിവിലൂടെ സമരവുമായി മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം സിപിഐ.(എം). പ്രവർത്തകർ വയലിലെ സമരപന്തൽ കത്തിച്ചതിനു സമീപം പുതിയ പന്തൽ കെട്ടി അതിൽ തന്നെ സമരവേദിയാക്കി ചടങ്ങ് സംഘടിപ്പിച്ചാണ് വയൽക്കിളികൾ പകരം വീട്ടിയത്.

കീഴാറ്റൂർ വയലിലേക്ക് എന്ന ബഹുജന മാർച്ചിൽ തളിപ്പറമ്പിൽ നിന്നും കോൺഗ്രസ്സ് നേതാവ് വി എം. സുധീരൻ മുൻ നിരയിൽ നടന്ന് മാർച്ച് നയിച്ചു. മാർച്ച് വയലിലെത്തിയ ശേഷം കീഴാറ്റൂർ സമരനായിക നമ്പ്രാടത്ത് ജാനകിയാണ് മൂന്നാം ഘട്ട സമരം ഉത്ഘാടനം ചെയ്തത്. ദേശീയ പാത കീഴാറ്റൂർ വയലിലൂടെ വരുന്നുവെന്ന വിവരം ലഭിച്ചപ്പോൾ അന്ന് ജാനകി പ്രതികരിച്ചത് ഇങ്ങിനെ. ' നാടു വെടക്കാക്കാൻ വിടല്ലേ മക്കളേ' എന്നായിരുന്നു ജാനകിയുടെ ഈ വാക്കാണ് ഒന്നര വർഷം മുമ്പ് കീഴാറ്റൂർ നിവാസികൾക്ക് സമരത്തിനിറങ്ങാൻ പ്രചോദനമായത്. കീഴാറ്റൂർ വയലിലൂടെയുള്ള തീരുമാനം മാറ്റുന്നതു വരെ സമരം തുടരുമെന്ന് വിതുമ്പി പറഞ്ഞു കൊണ്ടാണ് ജാനകി ഉത്ഘാടനം നിർവ്വഹിച്ചത്.

കോൺഗ്രസ്സ് നേതാവ് വി എം. സുധീരനാണ് പിന്നീട് പ്രസംഗിച്ചത്. പ്ലാച്ചിമട കൊക്കക്കോള കമ്പനി അനുവദിച്ചവർക്കു തന്നെ അത് പൂട്ടേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് എന്നറിയണം. കമ്യൂണിസ്റ്റുകാർക്കെതിരെ പഴയ ജന്മി മാടമ്പിമാർ ഉപയോഗിച്ച തന്ത്രമാണ് ഇപ്പോൾ സിപിഐ.(എം). സ്വീകരിക്കുന്നത്. തുറന്ന മനസ്സോടെ കാര്യങ്ങൾ കാണുന്നതിന് പകരം സമരക്കാരെ ആക്ഷേപിക്കുന്ന സമീപനമാണ് സിപിഐ.(എം). ന്റേത്.

കീഴാറ്റൂർ പ്രശ്നം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെച്ച് ആരും രക്ഷപ്പെടാൻ നോക്കേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യം ബിജെപി. പ്രസിഡണ്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടാകാനുള്ള നടപടിയും എടുക്കും. അദ്ദേഹം തുടർന്ന് പറഞ്ഞു. പി.സി. ജോർജ്ജ് എംഎൽഎ, സി.ആർ നീലകണ്ഠൻ, ഗ്രോ വാസു, തുടങ്ങയവരും സംസാരിച്ചു.

പ്രകൃതിയെ മറന്നുകൊണ്ടുള്ള ഒരു വികസനവും വേണ്ടെന്നും പശ്ചിമഘട്ടവും ഇടനാടൻ കുന്നുകളും വയലുകളും തണ്ണീർതടങ്ങളും നിലനിർത്തണമെന്നും പരിസ്ഥിതി പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് വേദിയിൽ പ്രഖ്യാപിച്ചപ്പോൾ വയൽ സമരത്തിനെത്തിയവർ അതേറ്റു പറഞ്ഞു. വരുന്ന തലമുറക്ക് അതിജീവനത്തിനു വേണ്ടി ഇവയെല്ലാം സംരക്ഷിക്കണം. തണ്ണീർതടവും നെൽവയലുകളും നശിപ്പിക്കാൻ സർക്കാറിന് അവകാശമില്ലെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു. വയൽക്കിളികൾക്ക് അഭിവാദ്യമർപ്പിക്കാനും വഴി നീളെ ഐക്യദാർഢ്യ അനുകൂലികൾ മുദ്രാവാക്യം വിളിച്ചെത്തിയിരുന്നു. ഇതോടെ മൂന്നാംഘട്ട സമരത്തിന്റെ തുടക്കവുമായി.

അതേസമയം, കീഴാറ്റൂരിൽ ദേശീയപാത ബൈപ്പാസിനായി വയൽനികത്തുന്നതിനെതിരേ സമരം ചെയ്യുന്നവർ കോൺഗ്രസുകാരെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നതെന്നും സുധാകരൻ പറഞ്ഞു.സെക്രട്ടറിയേറ്റിനു മുന്നിലടക്കം നിരവധി ഇടങ്ങളിൽ സമരം നടക്കുന്നുണ്ട്. ഇതിനോടു താൻ പ്രതികരിക്കേണ്ട ആവശ്യമില്ല. വയൽക്കിളികൾ കോൺഗ്രസുകാരാണ്. ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. കീഴാറ്റൂരിൽ പ്രശ്നങ്ങളില്ല. സർക്കാരിനെതിരായ സമരത്തിൽ ബിജപിക്കാരുമുണ്ട്.

കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെയാണോ ബിജെപി സമരത്തിനെത്തിയതെന്ന് വ്യക്തമാക്കണം. വയൽക്കിളികളെ പിന്തുണച്ചെത്തിയ സുധീരൻ സമയം കളയരുതെന്നും മന്ത്രി പറഞ്ഞു.വയൽക്കിളികളുമായി സർക്കാർ ചർച്ചയ്ക്കില്ലെന്നും സമരം നടത്തുന്നവർക്ക് ബദൽ മാർഗനിർദ്ദേശം മുന്നോട്ടുവയ്ക്കാൻ ഇല്ലെന്നും സുധാകരൻ പറഞ്ഞു.ദേശീയപാത വേണമെന്നാണു സർക്കാർ നയമെന്നും വേണമെങ്കിൽ മാധ്യമങ്ങൾ റഫറണ്ടം നടത്തിനോക്കിക്കോളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP