ജമ്മുവിൽ കുഴിബോംബ് പൊട്ടി വീരമൃത്യു വരിച്ച സൈനികൻ അഭിജിത്തിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ജോലിയും; കുടുംബത്തിന് വീട് വെച്ചു നൽകുമെന്നും മുഖ്യമന്ത്രി പിണറായി
November 14, 2019 | 07:10 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജമ്മു കശ്മീരിൽ കുഴിബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച പുനലൂർ അറയ്ക്കൽ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു.ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അഭിജിത്തിന്റെ സഹോദരിക്ക് സർക്കാർ ജോലിയും കുടുംബത്തിന് വീടും നൽകാനും തീരുമാനിച്ചു.
മന്ത്രിസഭാ യോഗത്തിന്റെ മറ്റു തീരുമാനങ്ങൾ
ചുമട്ടുത്തൊഴിലാളികൾ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമിൽ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്ലോഡ് വർക്കേഴ്സ് ആക്ടിൽ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരടുബിൽ മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സമ്മേളനം അംഗീകരിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ചുമടിന്റെ ഭാരം കുറയ്ക്കാൻ നിയമ ഭേദഗതി കൊണ്ടുവരുന്നത്.
നിയമനങ്ങൾ/മാറ്റങ്ങൾ:
ആനന്ദ് സിങ്ങിനെ ജി.എസ്.ടി കമ്മീഷണറായി നിയമിക്കും. ഇദ്ദേഹം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ചുമതല തുടർന്നും വഹിക്കും.
ജി.എസ്.ടി കമ്മീഷണർ ടിങ്കു ബിസ്വാളിനെ പാർലമെന്ററി അഫയേഴ്സ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
മലബാർ സിമന്റ്സിന്റെ മാനേജിങ് ഡയറക്ടറായി മുഹമ്മദലിയെ (ആനന്ദ് നഗർ, തൃശ്ശിനാപ്പള്ളി) നിയമിക്കാൻ തീരുമാനിച്ചു.
കൊച്ചി മെട്രോയിലെ 12 തസ്തികകൾക്ക് 2019 ഏപ്രിൽ 1 മുതൽ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.
അഗ്നിരക്ഷാ സേവന വകുപ്പിനു കീഴിൽ ഫോർട്ടു കൊച്ചി കേന്ദ്രമായി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് 11 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിനു പുറമെ പരിശീലന കേന്ദ്രത്തിന്റെ മേൽനോട്ടത്തിന് ഓരോ റീജിയണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ തസ്തികകൾ കൂടി സൃഷ്ടിക്കും.
കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) കെ.സി. ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉന്നതാധികാര സമിതി അംഗീകരിച്ച വിവിധ പദ്ധതി നിർദ്ദേശങ്ങൾ ലോക ബാങ്കിന്റെ വികസന നയ വായ്പയിൽ നിന്ന് തുക കണ്ടെത്തി നടപ്പിലാക്കാൻ തീരുമാനിച്ചു.
