Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണ നിർവഹണത്തിൽ കേരളം വീണ്ടും മാതൃക; രാജ്യത്ത് ഒന്നാമതെന്ന് പഠനം, രണ്ടാംസ്ഥാനത്ത് തമിഴ്‌നാട്; പബ്ലിക് അഫയേഴ്സ് ഇൻഡെക്സിൽ മിക്ക മേഖലകളിലും സംസ്ഥാനം ഒന്നാം സ്ഥാനത്ത്

ഭരണ നിർവഹണത്തിൽ കേരളം വീണ്ടും മാതൃക; രാജ്യത്ത് ഒന്നാമതെന്ന് പഠനം, രണ്ടാംസ്ഥാനത്ത് തമിഴ്‌നാട്; പബ്ലിക് അഫയേഴ്സ് ഇൻഡെക്സിൽ മിക്ക മേഖലകളിലും സംസ്ഥാനം ഒന്നാം സ്ഥാനത്ത്

തിരുവനന്തപുരം: ഭരണ നിർവഹണത്തിന്റെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളം തന്നെയാണ് മുന്നിൽ. വർഷങ്ങളായി ഇതു തന്നെയാണ് അവസ്ഥ. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുമ്പോഴും വികസന കാര്യത്തിൽ കേരളം മുന്നേറ്റം തുടരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സാമൂഹ്യ വികസനത്തിലും വിദ്യാഭ്യാസമുന്നേറ്റത്തിലും ആരോഗ്യവികസനത്തിലുമെല്ലാം കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഇക്കാര്യം വ്യക്തമക്കുന്നതാണ് പബ്ലിക് അഫയേഴ്സ് ഇൻഡക്സ് പട്ടികയിലും കേരളം രാജ്യത്ത് ഒന്നാമതെത്തിയത്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഗുജറാത്ത് മൂന്നാമതാണ്.

പട്ടികയിൽ കഴിഞ്ഞവർഷം മൂന്നാമതായിരുന്ന കർണാടക ഇക്കുറി, നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. കർണാടക കോൺഗ്രസും മഹാരാഷ്ട്ര ബിജെപിയുമാണ് ഭരിക്കുന്നത്. അവസാന നാല് സംസ്ഥാനങ്ങൾ കഴിഞ്ഞ വർഷത്തെത് തന്നെയാണ് ഇക്കുറിയും. അസം, ഒഡീഷ, ജാർഖണ്ഡ്, ബീഹാർ എന്നിവയാണ് അത്. ജെഡിയു നേതാവ് നിഥീഷ് കുമാർ ഭരിക്കുന്ന ബീഹാറാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. അസമും ജാർഖണ്ഡും ബിജെപിയും, ഒഡീഷ ബിജെഡിയുമാണ് നിലവിൽ ഭരിക്കുന്നത്. പട്ടികയിൽ പശ്ചിമ ബംഗാൾ പതിനേഴാം സ്ഥാനത്തും ഉത്തർപ്രദേശ് ഇരുപത്തിമൂന്നാം സ്ഥാനത്തുമാണ്.

ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രദേശാണ് ഒന്നാംസ്ഥാനത്ത്. ഗോവയും മിസോറാമുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഡൽഹി ഒൻപതാംസ്ഥാനത്തേക്ക് ഇടിഞ്ഞു. മേഘാലയയാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. മേഘാലയ, അരുണാചൽ പ്രദേശ്, ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിൽ.

അടിസ്ഥാനസൗകര്യവികസനത്തിൽ പഞ്ചാബാണ് രാജ്യത്ത് മുന്നിൽ. തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത് എന്നിവരാണ് അതിന് പിന്നിൽ. മാനവശേഷി വികസനത്തിൽ കേരളമാണ് മുന്നിൽ. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളാണ് മാനവശേഷി വികസനത്തിൽ ഏറ്റവും പിന്നിലും. സാമൂഹ്യസുരക്ഷാ പദ്ധതിയിലും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിലും കേരളമാണ് രാജ്യത്ത് ഒന്നാമത്. ക്രമസമാധാന നിർഹണം, നീതിനിർവഹണം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിൽ തമിഴ്‌നാടാണ് രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനം.

ഇന്ത്യൻ സംസ്ഥാനങ്ങളെ ഭരണമികവിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത തീമുകളനുസരിച്ച് തരംതിരിക്കുകയാണ് പട്ടികയിൽ. 1994 മുതൽ ഇത്തരത്തിലുള്ള പട്ടിക തയ്യാറാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യവിഭവ വികതസനത്തിനുള്ള സഹായം, സാമൂഹ്യസുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, കുറ്റകൃത്യങ്ങൾ, ക്രമസംവിധാനം, നീതി നിർവഹണം, പരിസ്ഥിതി, സുതാര്യത, സാമ്പത്തിക സുരക്ഷ, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 10 തീമുകളിലായി 26 വിഷയങ്ങളിലെ 82 ഓളം വിഭാഗങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്തിലും ഏതിലും കേരളം മുന്നിലാണെന്ന വാർത്തകളാണ് രാജ്യത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിൽ ഒടുവിലത്തേതാണ് പബ്ലിക് അഫയേഴ്സ് ഇൻഡക്സ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP