Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്ത് തുടങ്ങാൻ പദ്ധതിയുമായി കേരള കിങ്സ്; മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി അന്താരാഷ്ട്ര ടി10 ചാമ്പ്യന്മാരായ കേരള കിങ്സ് ഉടമകൾ; ക്രിക്കറ്റ് കളിക്കാർക്ക് മികച്ച വേതനവും തൊഴിൽ വാഗ്ദാനവുമായി ടി10 എത്താനൊരുങ്ങുന്നു

ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്ത് തുടങ്ങാൻ പദ്ധതിയുമായി കേരള കിങ്സ്; മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി അന്താരാഷ്ട്ര ടി10 ചാമ്പ്യന്മാരായ കേരള കിങ്സ് ഉടമകൾ; ക്രിക്കറ്റ് കളിക്കാർക്ക് മികച്ച വേതനവും തൊഴിൽ വാഗ്ദാനവുമായി ടി10 എത്താനൊരുങ്ങുന്നു

തിരുവനന്തപുരം: ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്ത് ആരംഭിക്കാൻ പദ്ധതിയുമായി യുഎഇയിൽ നിന്നുമുള്ള പ്രമുഖ ഇന്ത്യൻ വ്യവസായികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ടി10 ക്രിക്കറ്റ് ടീമായ കേരള കിങ്സിന്റെ ഉടമകളുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാരംഭ ചർച്ച നയിച്ചത്. ഷാർജയിൽ നടന്ന പ്രഥമ അന്താരാഷ്ട്ര ടി10 ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യന്മാരാണ് കേരള കിങ്സ്.

യുവപ്രതിഭകളെ കണ്ടെത്തുവാൻ സംസ്ഥാനത്ത് ഉടനീളം ടി10 ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചും അവർക്ക് നിർദിഷ്ട യുഎഇ ക്രിക്കറ്റ് അക്കാദമിയിൽ അംഗത്വം നൽകുന്നതിനും ഭാവിയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും പ്രവാസി വ്യവസായി സംഘത്തെ നയിച്ച മുൽക്ക് ഹെൽത്ത്‌കെയർ ചെയർമാനും കേരള കിങ്സിന്റെ സഹ ഉടമയുമായ ഡോ ഷാഫി ഉൽ മുൽക്ക് മുഖ്യമന്ത്രി പിണറായി വിജയനെ വിശദീകരിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഐസക് ജോൺ കേരള കിങ്‌സിന് ലഭിച്ച ചാമ്പ്യൻസ് ട്രോഫിയുടെ മാതൃക മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. യുഎഇയിൽ നിന്നുമുള്ള വ്യവസായികളുടെ കൂടിക്കാഴ്ചക്ക് മുൻകൈയെടുത്തതും അദ്ദേഹമാണ്.

മുഖ്യമന്ത്രി കേരള കിങ്‌സിനെയും ടി10 കമ്മിറ്റിയെയും വിജയത്തിൽ അഭിനന്ദിച്ചു, കൂടാതെ പുതിയ പദ്ധതികൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് അറിയിച്ചു. പ്രവാസി മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലാണ് (ഡബ്ല്യുഎംസി) കേരള കിങ്സ് ഉടമകളുടെ സംരംഭത്തിന് പിന്തുണ നൽകുന്നത്.

ഹൈദരാബാദിൽ നടന്ന മൂന്നാമത് ഇൻഡിവുഡ് ഫിലിം കാർണിവലിൽ വച്ചാണ് ടി10 ക്രിക്കറ്റ് ലീഗ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. പ്രവാസി വ്യവസായിയായ സോഹൻ റോയിയാണ് 10 ബില്യൺ യുഎസ് സംരംഭമായ ഇൻഡിവുഡിന് നേതൃത്വം നൽകുന്നത്. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഓയും കൂടിയാണ് അദ്ദേഹം. ഇന്ത്യൻ സിനിമയെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ഇൻഡിവുഡിന്റെ ലക്ഷ്യം. ഇതോടൊപ്പം 90 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ടി10 മത്സരങ്ങൾ എല്ലാ തീയേറ്ററുകളിലും പ്രദർശിപ്പിക്കുവാനുമുള്ള തയ്യാറെടുപ്പിലാണ്.

യുഎഇ ആസ്ഥാനമായ മുൽക്ക് ഹോൾഡിങ്സ് ചെയർമാനും ഡോ ഷാഫി ഉൽ മുൽക്കിന്റെ സഹോദരനുമായ ഷാജി ഉൽ മുൾക്കാണ് ക്രിക്കറ്റിലെ പുതിയ തരംഗമായ ടി10 ക്രിക്കറ്റിന് രൂപം നൽകിയത്. വളർന്നു വരുന്ന ക്രിക്കറ്റ് പ്രതിഭകൾക്ക് പ്രശസ്തരായ കോച്ചുകളുടെ ശിക്ഷണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുകയാണ് ടി10 കമ്മിറ്റിയുടെ പ്രധാന ലക്ഷ്യമെന്ന് ഡോ മുൽക്ക് അഭിപ്രായപ്പെട്ടു.

കേരളത്തിലെ പ്രതിഭകളായ യുവാക്കൾക്ക് ആത്മവിശ്വാസം പകരുന്നതിനോട് ഒപ്പം മികച്ച ലോകോത്തര ക്രിക്കറ്റ് താരങ്ങളുടെ കൂടെ കളിക്കുമ്പോൾ ലഭിക്കുന്ന അന്താരാഷ്ട്രനിലവാരം എന്നിവയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ക്രമേണ കേരള കിങ്‌സിന്റെയും ടി10 ഫ്രാഞ്ചൈസി ടീമുകളുടെ ഭാഗമാകാനും അവർക്ക് സാധിക്കും അദ്ദേഹം പറഞ്ഞു. ടി10 ക്രിക്കറ്റ് ടൂർണമെന്റുകൾ യുവ പ്രതിഭകൾക്ക് അവരുടെ സംസ്ഥാനത്തെയും രാജ്യത്തെയും രാജ്യാന്തരതലത്തിൽ പ്രതിനിധീകരിക്കാനുള്ള സുവർണാവസരമാണ് ഒരുക്കുന്നത്.

പത്തു ദിവസം നീളുന്ന രണ്ടാമത് ടി10 ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാർക്ക് ആകർഷകമായ വേതനവും ആനുകൂല്യങ്ങളും നൽകുമെന്ന് കേരള കിങ്സ് സഹ ഉടമയായ ഹുസൈൻ ആദം അലി പറഞ്ഞു. രണ്ടു മില്യൺ മുതൽ അഞ്ചു മില്യൺ വരെയാണ് കളിക്കാർക്ക് ലഭിക്കുക. ഇത് അവരുടെ തൊഴിലിൽ സാമ്പത്തിക ഭദ്രത കൈവരിക്കാൻ സഹായിക്കുകയും ചെയ്യും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകളിലേക്ക് യുഎഇയെ യോഗ്യത നേടാൻ പര്യാപതമാക്കാൻ സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആർ) പദ്ധതികളുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് കളിക്കാർക്ക് സ്ഥിരമായ ജോലിയും താമസത്തിനുള്ള അനുമതിയും നൽകാൻ തയ്യാറാണ് അദ്ദേഹം പറഞ്ഞു. ഐറിസ് ഇൻഷുറൻസ് ഡയറക്ടർ അനിൽ നായർ, ആർജിഐ ഗ്രൂപ്പ് ഡയറക്ടർ ജി. പ്രസാദ്, ഡബ്ല്യുഎംസി അഡൈ്വസറി കൗൺസിൽ ചെയർമാൻ ജോണി കുരുവിള എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP