Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വകാര്യ ആശുപത്രി ലോബിക്കായി കഴിഞ്ഞ സർക്കാർ അട്ടിമറിച്ച എയിംസ് ഡൽഹിയിൽ ചെന്ന് പിണറായി ചോദിച്ചു വാങ്ങി; കേരളം നിർദ്ദേശിക്കുന്ന സ്ഥലങ്ങൾ പരിശോധിക്കാൻ കേന്ദ്ര സംഘം എത്തും

സ്വകാര്യ ആശുപത്രി ലോബിക്കായി കഴിഞ്ഞ സർക്കാർ അട്ടിമറിച്ച എയിംസ് ഡൽഹിയിൽ ചെന്ന് പിണറായി ചോദിച്ചു വാങ്ങി; കേരളം നിർദ്ദേശിക്കുന്ന സ്ഥലങ്ങൾ പരിശോധിക്കാൻ കേന്ദ്ര സംഘം എത്തും

തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിനെ പ്രമുഖരായ പല മന്ത്രിമാർക്കും ഉന്നത ആശുപത്രികളുമായുള്ള ബന്ധം ഉണ്ടായിരുന്നതു കൊണ്ട് കേരളത്തിന് നഷ്ടമായത് ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ് ) ആയിരുന്നു. കേരളത്തിന് എംയിംസ് നൽകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയെങ്കിലും അതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാതെ മുൻ സർക്കാർ ശരിക്കും ഉഴപ്പി. ഇതിന് പിന്നിൽ പ്രവർത്തിച്ചത് തിരുവനന്തപുരത്തെ പ്രമുഖരായ ആശുപത്രി ലോബി തന്നെയായിരുന്നു. ഇങ്ങനെ കേരളത്തിന് നഷ്ടമാകുമെന്ന് കരുതിയ എയിംസ് കേന്ദ്രസർക്കാറിനോട് ചോദിച്ചുവാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ.

ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പണം വകയിരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പു നൽകി. ഇതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രിയെ കൂട്ടുപിടിച്ച് സംസ്ഥാനത്തെ തന്നെ ഒൻപത് സ്വകാര്യ മെഡിക്കൽ കോളേജുകൾ നടത്തിയ അട്ടിമറിശ്രമങ്ങളെല്ലാം മറികടന്ന് എയിംസ് കേരളത്തിന് ലഭിക്കുമെന്ന് ഉറപ്പായി. കേരളത്തിന്റെ എയിംസ് അട്ടിമറിക്കാൻ ശ്രമംനടക്കുന്നതായി നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ഈ വിഷയത്തിൽ അലംഭാവം പുലർത്തിതിന് ഏറെ പഴി കേൾക്കേണ്ടി വന്നത് മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറായിരുന്നു. ശിവകുമാറിന്റെ താൽപ്പര്യക്കുറവ് വൻകിട ആശുപത്രികളുടെ സമ്മർദ്ദത്തിന്റെ ഫലമാണെന്ന ആരോപണവും ശക്തമായിരുന്നു.

എന്നാൽ, ഡൽഹിയിലെത്തിയ പിണറായി വിജയൻ ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ കാര്യങ്ങൾ എളുപ്പമായി. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാമെന്ന് മുഖ്മന്ത്രി ഉറപ്പു നൽകിയതോടെയാണ് കാര്യങ്ങൾ വേഗത്തിലായത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ എയിംസിനായി കണ്ടെത്തിയ സ്ഥലത്തിന്റെ പരിശോധനയ്ക്കായി കേന്ദ്രസംഘത്തെ ഉടൻ കേരളത്തിലേക്ക് അയക്കാനും കൂടിക്കാഴചയിൽ തീരുമാനമായി. സംഘത്തിന്റെ തീരുമാനമുണ്ടായാലുടൻ സ്ഥലം ഏറ്റെടുത്ത് കൈമാറാമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനൽകി.

നൂലാമാലകളിൽ കുടുങ്ങി കേരളത്തിന് എയിംസ് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനായി കേന്ദ്രമന്ത്രിയുമായി തുടർചർച്ചയക്ക് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ തിങ്കളാഴ്‌ച്ച ഡൽഹിയിലെത്തും. മുഖ്യമന്ത്രി നിർദ്ദേശിച്ചത് അനുസരിച്ചാണ് ആരോഗ്യമന്ത്രി ഡൽഹിയിലെത്തുന്നത്. നേരത്തെ നാലിടത്ത് എയിംസിനായി സ്ഥലംകണ്ടെത്തിയെന്ന് കേന്ദ്രത്തെ അറിയിച്ചശേഷം അനങ്ങാതിരിക്കുകയായിരുന്നു യു.ഡി.എഫ് സർക്കാർ. ഈ അലംഭാവം മുതലെടുത്ത് പുതിയഎയിംസുകളുടെ പട്ടികയിൽനിന്ന് കേരളത്തെ കേന്ദ്രം ഒഴിവാക്കുകയും ചെയ്തു.

തമിഴ്‌നാട്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ആസാം, ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിൽ എയിംസിന് കേന്ദ്രം ഉത്തരവിട്ടിട്ടും സർക്കാർ മിണ്ടാതിരുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന കെ.ഇളങ്കോവനെ ഇടയ്ക്കിടെ ഡൽഹിയിൽ അയയ്ക്കുന്നതിൽ മാത്രമായി യു. ഡി. എഫ് സർക്കാരിന്റെ നടപടികൾ ഒതുങ്ങി. 200 ഏക്കർ ഭൂമി കൈമാറിയാൽ കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് 2014 മാർച്ചിൽ കേന്ദ്രം ഉറപ്പുനൽകിയതാണ്.

തിരുവനന്തപുരം തേവൻകോട്ടെ ആഭ്യന്തരവകുപ്പിന്റെ 200 ഏക്കർ, കോട്ടയത്ത് മെഡിക്കൽ കോളേജും അതിനോടു ചേർന്നുള്ള പ്രദേശവും, എറണാകുളത്ത് കളമശേരിയിൽ എച്ച്.എം ടി കോമ്പൗണ്ടിലെ 200 ഏക്കർ, കോഴിക്കോട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ എസ്റ്റേറ്റ് എന്നിവ എയിംസിനായി കണ്ടെത്തിയെന്ന് 2014 ജൂലായിൽ കേന്ദ്രത്തെ അറിയിച്ചു. ഭൂമിയുടെ സർവേ നമ്പർ, രൂപരേഖ, റവന്യൂരേഖകൾ, റോഡ്-റെയിൽ-വ്യോമ കണക്ടിവിറ്റി അടക്കം കേന്ദ്രം ഉന്നയിച്ച നൂറുചോദ്യങ്ങൾക്ക് ഏറെ വൈകിയാണ് മറുപടി നൽകിയത്. അപ്പോഴേക്കും കേരളത്തിന്റെ എയിംസ് കേന്ദ്രം വെട്ടുകയായിരുന്നു. തിരുവനന്തപുരം ആർ.സി.സിയെ സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിച്ചെങ്കിലും 120 കോടി കേന്ദ്രവിഹിതം കിട്ടിയിട്ടില്ല. ഇത് അനുവദിക്കണമെന്നും തലശേരിയിലെ മലബാർ കാൻസർസെന്ററിന് ആർ.സി.സിയുടെ പദവിനൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP