Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ഇല്ലാതിരുന്ന മുഖ്യമന്ത്രി മൊബൈൽ വാങ്ങിയപ്പോൾ വിളിച്ചു തീർത്തത് പത്ത് ലക്ഷത്തിന്റെ കോളുകൾ; യാത്രാ ധൂർത്തിൽ ഒന്നാമതെത്തിയ മുനീർ ഫോൺ വിളിയിൽ രണ്ടാമൻ

മൊബൈൽ ഇല്ലാതിരുന്ന മുഖ്യമന്ത്രി മൊബൈൽ വാങ്ങിയപ്പോൾ വിളിച്ചു തീർത്തത് പത്ത് ലക്ഷത്തിന്റെ കോളുകൾ; യാത്രാ ധൂർത്തിൽ ഒന്നാമതെത്തിയ മുനീർ ഫോൺ വിളിയിൽ രണ്ടാമൻ

തിരുവനന്തപുരം: സോളാർ വിവാദത്തിന്റെ വേളയിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി മൊബൈൽ ഫോണില്ലെന്ന വിവരം ലോകം മുഴുവനും അറിഞ്ഞത്. മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന ഫോൺ അദ്ദേഹത്തിന്റെ സ്റ്റാഫുകളുടേത് ആയിരുന്നു. സലിംരാജിന്റെയും ജിക്കുമോന്റെയും ടെന്നി ജോപ്പന്റെയും ഫോണുകൾ ഉപയോഗിച്ചിരുന്ന മുഖ്യമന്ത്രി ഒടുവിൽ വിവാദം ഉയർന്നപ്പോഴാണ് സ്വന്തമായി മൊബൈൽ വാങ്ങിയത്. ജനസമ്പർക്ക പരിപാടികളും മറ്റുമായി കേരളം മുഴുവൻ കറങ്ങിയടിക്കുന്ന ഉമ്മൻ ചാണ്ടി ഫോൺ വാങ്ങിയതോടെ ബില്ലിലും വർധനവുണ്ടായി. പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫോൺവിളിക്കായി സർക്കാർ ഖജനാവിൽ നിന്നും ചെലവിട്ടത്. മന്ത്രിമാരുടെ മൊത്തം ഫോൺവിളികൾക്കായി നാല് വർഷത്തിനുള്ളിൽ 1.18 കോടി രൂപയും ചെലവായി.

മന്ത്രിമാരുടെ ഓഫീസിലെയും വസതിയിലെയും മണ്ഡലത്തിലെയും ഫോണുകളിൽ നിന്നും മൊബൈൽഫോണുകളിൽ നിന്നു വിളിച്ച തുകയാണിത്. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് ഫോൺ വിളിയിൽ മുന്നിൽ മുഖ്യമന്ത്രിയാണ്. 9.98ലക്ഷം രൂപയുടെ വിളിയാണ് അദ്ദേഹം നടത്തിയത്. ഓഫീസിൽ നിന്നു 629372 രൂപയ്ക്കും വസതിയിൽനിന്നു 303570 രൂപയ്ക്കും മണ്ഡലത്തിലെ ഫോണിൽ നിന്നു 54101 രൂപയ്ക്കും മൊബൈൽ ഫോണിൽ നിന്നു 11,864 രൂപയ്ക്കും വിളിച്ചു.

ഫോൺ വിളിയുടെ കാര്യത്തിൽ രണ്ടാമൻ സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ മുനീറാണ്. 9.66 ലക്ഷമാണു മന്ത്രി കൈപ്പറ്റിയത്. ഓഫീസിൽനിന്നു 4.60 ലക്ഷത്തിനും വസതിയിലെ ഫോണിൽനിന്നു 3.95ലക്ഷത്തിനും മണ്ഡലത്തിൽ അനുവദിച്ച ഫോണിൽനിന്നു 75,422 രൂപയ്ക്കും മൊബൈൽഫോണിൽനിന്നു 35,529 രൂപയ്ക്കുമാണു മുനീർ വിളിച്ചിരിക്കുന്നത്.

2.04 ലക്ഷത്തിനു മാത്രം വിളിച്ച് പട്ടികവർഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത്. മണ്ഡലത്തിൽ അനുവദിച്ച ഫോൺ വാങ്ങിക്കാതെ ഓഫീസിൽനിന്നു 1.24 ലക്ഷത്തിനും വസതിയിൽ 40,4844 രൂപയ്ക്കും മൊബൈൽഫോണിൽ നിന്നും38,944 രൂപയ്ക്കുമുള്ള വിളികളാണ് ജയലക്ഷ്മി നടത്തിയിരിക്കുന്നത്. ഫോൺ വിളിയിൽ മൂന്നാമൻ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് 7.76 ലക്ഷം രൂപ.ഇതിൽ 3.44 ലക്ഷം രൂപയും മൊബൈൽ ഫോൺ ചാർജ് ചെയ്യാനാണ് ഉപയോഗിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് 6.05 ലക്ഷത്തിന്റെയും റവന്യൂമന്ത്രി അടൂർ പ്രകാശ് 5.10 ലക്ഷത്തിന്റെയും വിനോദസഞ്ചാര മന്ത്രി എ.പി അനിൽ കുമാർ 6.24 ലക്ഷത്തിന്റെയും ഫോൺ വിളി നടത്തി. മറ്റുമന്ത്രിമാരുടെ ചെലവിങ്ങനെ: ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് 5.96 ലക്ഷം, വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് 4.81ലക്ഷം, എക്‌സൈസ് മന്ത്രി കെ. ബാബു 2.42 ലക്ഷം, സഹകരണമന്ത്രി സി.എൻ. ബാലകൃഷ്ണൻ 3.83 ലക്ഷം, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് 6.45 ലക്ഷം, സാംസ്‌കാരികമന്ത്രി കെ.സി ജോസഫ് 4.45 ലക്ഷം, ജലവിഭവ മന്ത്രി പി.ജെ. ജോസഫ് 2.21 ലക്ഷം ധന മന്ത്രി കെ.എം. മാണി 6.10ലക്ഷ, ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാം കുഴി അലി 2.74 ലക്ഷം, കൃഷി മന്ത്രി കെ.പി. മോഹനൻ 5.80ലക്ഷം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 2.32 ലക്ഷം, തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ 5.20 ലക്ഷം, ആരോഗ്യ മന്ത്രി വി എസ്. ശിവകുമാർ 5.44 ലക്ഷം, ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ4.61 ലക്ഷം.

മുൻ ചീഫ് വിപ്പ് പി.സി ജോർജ് 2.40 ലക്ഷം രൂപയുടെയും പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ 5.52 ലക്ഷം രൂപയുടെയും ഫോൺ വിളിയും ഇക്കാലയളവിൽ നടത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP