Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈബർ ഇടത്തിൽ എന്തുമാകാമെന്ന് കരുതുന്നവരുടെ ഉറക്കം കെടുത്താൻ തച്ചങ്കരി വരുന്നു; സൈബർ ഗുണ്ടായിസത്തെ നേരിടാൻ പ്രത്യേക സെൽ രൂപീകരിച്ച് ഡിജിപിയുടെ ഉത്തരവ്; സൈബർ സെല്ലുകളെ ഏകോപിപ്പിച്ച് നിയമലംഘനം തടയാൻ പ്രത്യേക സംവിധാനം; ഹനാനെതിരെയുള്ള അക്രമണത്തിൽ നിന്നും സർക്കാർ പാഠം പഠിച്ചത് ഇങ്ങനെ

സൈബർ ഇടത്തിൽ എന്തുമാകാമെന്ന് കരുതുന്നവരുടെ ഉറക്കം കെടുത്താൻ തച്ചങ്കരി വരുന്നു; സൈബർ ഗുണ്ടായിസത്തെ നേരിടാൻ പ്രത്യേക സെൽ രൂപീകരിച്ച് ഡിജിപിയുടെ ഉത്തരവ്; സൈബർ സെല്ലുകളെ ഏകോപിപ്പിച്ച് നിയമലംഘനം തടയാൻ പ്രത്യേക സംവിധാനം; ഹനാനെതിരെയുള്ള അക്രമണത്തിൽ നിന്നും സർക്കാർ പാഠം പഠിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കംപ്യൂട്ടറുമായി ഇരിക്കുന്ന സ്ഥലത്തിരുന്ന് സമൂഹമാധ്യമത്തിലൂടെയും മറ്റ് ഓൺലൈൻ സംവിധാനത്തിലൂടെയും എന്തുമാകാമെന്ന് കരുതുന്നവരെ പൂട്ടാൻ തയാറായി ഡിജിപി ടോമിൻ തച്ചങ്കരി. സംസ്ഥാനത്തെ സൈബർ ഗുണ്ടായിസത്തിനെതിരെ പ്രത്യേക സെൽ രൂപീകരിക്കാനാണ് തച്ചങ്കരിയുടെ ഉത്തരവ്. ജീവിക്കാനായി മത്സ്യം വിറ്റ ഹനാൻ എന്ന പെൺകുട്ടിയെയുൾപ്പടെ സമൂഹ മാധ്യമത്തിലൂടെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് സൈബർ ആക്രമണം തടയാൻ പ്രത്യേക സെൽ രൂപീകരിക്കാൻ തീരുമാനമായത്. സെൽ വരുന്നതോടു കൂടി സ്ത്രീകൾക്കും കുട്ടികൾക്കും സമുഹ മാധ്യമത്തിലൂടെ ഉൾപ്പടെയുള്ള സൈബർ ആക്രമണങ്ങളിൽ നിന്നും സുരക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ പ്രത്യേക സൈബർ നോഡൽ സെല്ലാണ് രൂപീകരിക്കുവാൻ പോകുന്നത്. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിൻ തച്ചങ്കരിക്കാണ് നോഡൽ സെല്ലിന്റെയും ചുമതല. തിരുവനന്തപുരത്തെ സൈബർ പൊലീസ് സ്റ്റേഷനാണ് നോഡൽ സൈബർ സെല്ലായി മാറുന്നതെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലും നോഡൽ സൈബർ സെല്ലുകൾ രൂപീകരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഹനാൻ സംഭവത്തെ തുടർന്നാണ് സംസ്ഥാനത്ത് ഉടൻ നോഡൽ സെൽ രൂപീകരിക്കണമെന്ന് തീരുമാനിച്ചതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓൺലൈൻ പോർട്ടൽ രൂപീകരിച്ചിരുന്നു.
ഇതിനോട് ബന്ധപ്പെട്ട് തന്നെയാകും നോഡൽ സൈബർ സെൽ പ്രവർത്തിക്കുകയെന്നാണ് വിവരം.


നോഡൽ സെൽ സഹായം ലഭിക്കുന്നതിങ്ങനെ

പ്രത്യേക ഉദ്യോഗസ്ഥർക്ക് മാത്രമേ നോഡൽ സെല്ലിൽ ലഭിക്കുന്ന പരാതികൾ കാണാനും കൈകാര്യം ചെയ്യാനും അനുവാദമുണ്ടാകൂ. 155260 എന്ന ഹെൽപ്പ് ലൈൻ നമ്പരിലൂടെ നോഡൽ സൈബർ സെല്ലിന് പരാതികൾ നൽകാം. ഫോണിൽ വിളിക്കുന്നവർക്ക് ഉദ്യോഗസ്ഥർ പരാതി രജിസ്റ്റർ ചെയ്യുന്നതുൾപ്പടെയുള്ള സാങ്കേതിക സഹായം നൽകും. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പരിശീലനവും ഉദ്യോഗസ്ഥർക്ക് നൽകും.

തിരുവനന്തപുരത്തിന് പുറമേ എറണാകുളം , കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ സൈബർ സ്റ്റേഷനുകളും തുടർന്ന് നോഡൽ സെല്ലിന്റെ പ്രവർത്തനവും ഉടൻ തുടങ്ങും. സെല്ലിന്റെ പ്രവർത്തനത്തിനായി സൈബർ ഡോമിന്റെ സേവനങ്ങളും തേടും. ഇതിനായി സൈബർ ഡോം മേധാവി ഐജി മനോജ് ഏബ്രഹാമിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിർദ്ദേശം നൽകിയിട്ടുണ്ട്. നോഡൽ സൈബർ സെല്ലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ വിദഗ്ധൻ അരുൺ ജി ഭവാനിയുടെ സേവനവുമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP