Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള പുനർനിർമ്മാണ വികസന പരിപാടിയുടെ കരട് രേഖ മന്ത്രിസഭ അംഗീകരിച്ചു; പുനർനിർമ്മാണം നടപ്പിലാക്കുക ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികളെയും യോജിപ്പിച്ചു കൊണ്ട്; ഡാം സേഫ്റ്റി അഥോറിറ്റിയെ ശക്തിപ്പെടുത്താനും ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കാനും കരടിൽ നിർദ്ദേശം; ദേവസ്വംബോർഡിന് സൗജന്യമായി പമ്പയിലെ മണൽ നൽകാനും മന്ത്രിസഭാ യോഗ തീരുമാനം

കേരള പുനർനിർമ്മാണ വികസന പരിപാടിയുടെ കരട് രേഖ മന്ത്രിസഭ അംഗീകരിച്ചു; പുനർനിർമ്മാണം നടപ്പിലാക്കുക ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികളെയും യോജിപ്പിച്ചു കൊണ്ട്; ഡാം സേഫ്റ്റി അഥോറിറ്റിയെ ശക്തിപ്പെടുത്താനും ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കാനും കരടിൽ നിർദ്ദേശം; ദേവസ്വംബോർഡിന് സൗജന്യമായി പമ്പയിലെ മണൽ നൽകാനും മന്ത്രിസഭാ യോഗ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള പുനർനിർമ്മാണ വികസന പരിപാടികളുടെ കരടുരേഖയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പ്രളയത്തിൽ തകർന്ന കേരളത്തെ മികച്ച നിലയിൽ പുനർനിർമ്മിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തന പദ്ധതിക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള നിർമ്മാണമാണ് ലക്ഷ്യം. ഇതിനുവേണ്ടി സുതാര്യമായതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പ്രക്രിയയാണ് ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെയും പരിപാടികളെയും യോജിപ്പിച്ചുകൊണ്ടാണ് പുനർനിർമ്മാണം നടപ്പാക്കുക.

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആൾനാശം തീരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കരട് രേഖയിലുണ്ട്. അതോടൊപ്പം സാമ്പത്തിക നഷ്ടം പരമാവധി കുറയ്ക്കും. നിലവിലുള്ള പശ്ചാത്തല സംവിധാനങ്ങൾ ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷി കുറഞ്ഞതാണന്ന് രേഖയിൽ ചൂണ്ടിക്കാട്ടുന്നു. കേരള പുനർനിർമ്മാണത്തിനായി ബൃഹത്തായ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ബഹുമുഖമായ പദ്ധതികൾ നടപ്പാക്കും. ജലവിഭവമാനേജ്‌മെന്റിന്റെ ഭാഗമായി റിവർ ബേസിൻ മാനേജ്‌മെന്റ് അഥോറിറ്റി രൂപീകരിക്കും. ജലസംഭരണികളിലെ വെള്ളത്തിന്റെ നിയന്ത്രണത്തിന് കേന്ദ്രീകൃത കമാന്റ് സെന്റർ സ്ഥാപിക്കും. ഡാം സേഫ്റ്റി അഥോറിറ്റിയെ ശക്തിപ്പെടുത്തും. ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കാനുള്ള നിർദേശവും കരട് രേഖയിലുണ്ട്.

ജലവിതരണം മെച്ചപ്പെടുത്തൽ, ശുചീകരണ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ, ദുരന്തങ്ങളെ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും നിർമ്മിക്കൽ, കൃഷിരീതികൾ മെച്ചപ്പെടുത്തൽ, പാവപ്പെട്ടവരുടെ ജീവനോപാധി മെച്ചപ്പെടുത്തൽ, മത്സ്യമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ എന്നിവയെല്ലാം പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർദേശിച്ചിട്ടുണ്ട്. പുനർനിർമ്മാണത്തിനുള്ള പണം ലഭ്യമാക്കുന്നതിന് വരുമാനം വർധിപ്പിക്കാനുള്ള നിർദേശവും രേഖ മുന്നോട്ടുവെയ്ക്കുന്നു. യുഎൻ ഏജൻസികൾ നൽകിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെന്റ് (പിഡിഎൻഎ) പ്രകാരം 36,706 കോടി രൂപയാണ് പുനർനിർമ്മാണത്തിന് ആവശ്യമായിട്ടുള്ളത്.

ദേവസ്വം ബോർഡിന് പ്രത്യേക പരിഗണന നൽകി സർക്കാർ

പ്രളയത്തിൽ കടുത്ത നാശം സംഭവിച്ചത് പമ്പയിലായിരുന്നു. അതുകൊണ്ട് തന്നെ കേരളം പുനർനിർമ്മാണത്തിൽ പ്രത്യേകം പരിഗണന നൽകാനാണ് തീരുമാനം. പ്രളയ കാലത്ത് കനത്ത നഷ്ടം സംഭവിച്ച ദേവസ്വം ബോർഡിന് പമ്പ-ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണലിൽ നിന്ന് 20,000 ക്യുബിക് മീറ്റർ മണൽ തിരുവിതാംകൂർ ദേവസ്വംബോർഡിന് സൗജന്യമായി നൽകാൻ തീരുമാനിച്ചു. ബോർഡിന്റെ അഭ്യർത്ഥന പ്രകാരമാണിത്.

മറ്റ് സ്വകാര്യ ആവശ്യക്കാർക്ക് കേന്ദ്ര പൊതുമരാമത്ത് നിരക്കിൽ മണൽ വിൽക്കുന്നതിന് വനം വകുപ്പിന് അനുമതി നൽകാൻ തീരുമാനിച്ചു. സംസ്ഥാനത്തെ ദേവസ്വംബോർഡുകളുടെയും ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റികളുടെയും അധീനതയിലുള്ള ഭൂമിയുടെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ തീർക്കുന്നതിന് റിട്ട. ജില്ലാ ജഡ്ജി അംഗമായി കേരളാ ദേവസ്വം ട്രിബ്യൂണൽ രൂപീകരിക്കുന്നതിനുള്ള ബിൽ കൊണ്ടുവരാൻ തീരുമാനിച്ചു. ലൈഫ് മിഷനു കീഴിൽ സർക്കാർ സഹായമില്ലാതെ വ്യക്തികൾ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കാൻ തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP