Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെമി ഹൈസ്പീഡ് പാതയുടെ ഭാഗമായി ഫീഡർ സ്റ്റേഷനുകളും കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷന്റെ പരിഗണനയിൽ; ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് പ്രധാന സ്റ്റേഷനുകൾ ഇല്ലാത്ത ചെറു പട്ടണങ്ങളിലെ ആളുകൾക്ക് കൂടി വേഗ ട്രെയിനിൽ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി

സെമി ഹൈസ്പീഡ് പാതയുടെ ഭാഗമായി ഫീഡർ സ്റ്റേഷനുകളും കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷന്റെ പരിഗണനയിൽ; ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് പ്രധാന സ്റ്റേഷനുകൾ ഇല്ലാത്ത ചെറു പട്ടണങ്ങളിലെ ആളുകൾക്ക് കൂടി വേഗ ട്രെയിനിൽ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വേഗ റെയിൽ പാതയുടെ ഭാഗമായി ഫീഡർ സ്റ്റേഷനുകൾ തുറക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ. തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റയിൽപാതയിൽ ഫീഡർ സ്റ്റേഷനുകളുടെ സാധ്യതയാണ് കെആർഡിസിഎൽ പരിശോധിക്കുന്നത്. ഫീഡർ സ്റ്റേഷനുകളിൽ നിന്നു തൊട്ടടുത്തുള്ള 2 പ്രധാന വേഗ റെയിൽ സ്റ്റേഷനുകളിലേക്കു യാത്ര ചെയ്യാം. അവിടെ നിന്നു ദീർഘദൂര യാത്ര തുടരാം. പ്രധാന സ്റ്റേഷനുകൾ ഇല്ലാത്ത ചെറുപട്ടണങ്ങളിൽ നിന്നുള്ളവർക്കുകൂടി വേഗട്രെയിനിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കാനാണ് അത്തരം പട്ടണങ്ങളിൽ ചെറിയ ഫീഡർ സ്റ്റേഷനുകൾ തുറക്കുക.

തിരുവനന്തപുരം കാസർകോട് യാത്രാസമയം നിലവിലെ 12 മണിക്കൂറിൽനിന്ന് 4 മണിക്കൂറായി കുറയ്ക്കുന്ന പദ്ധതി 2024ൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനു സമർപ്പിച്ചിരിക്കുകയാണ്. നിർദ്ദിഷ്ട വേഗ റയിൽപാതയിൽ 10 സ്റ്റേഷനുകളാണുള്ളത്.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവയാണ് വേഗ റെയിൽപാത പദ്ധതിയിലുള്ളത്. ഓരോ രണ്ടു സ്റ്റേഷനുകൾക്കുമിടയിലായി പരമാവധി 3 ഫീഡർ സ്റ്റേഷനുകളാണ് ഉണ്ടാകുക. ഉദാഹരണത്തിന്, തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണു വേഗ റെയിൽപാത തുടങ്ങുന്നത്. കൊച്ചുവേളിക്കും കൊല്ലത്തിനുമിടയിൽ ആറ്റിങ്ങൽ, കല്ലമ്പലം, ചാത്തന്നൂർ എന്നിവിടങ്ങളിലാണു ഫീഡർ സ്റ്റേഷനുകൾക്കു സാധ്യത. ഈ സ്റ്റേഷനുകളിൽ നിന്നുള്ളർക്കു ഫീഡർ സർവീസുകളിൽ കൊല്ലത്തേക്കും കൊച്ചുവേളിയിലേക്കും എത്തി അവിടെ നിന്നു വേഗട്രെയിനിൽ യാത്ര ചെയ്യാനാകും.

ഫീഡർ സർവീസുകളിൽ കെഎസ്ആർടിസി എസി ബസുകളുടെ നിരക്കായിരിക്കും ഈടാക്കുക. 3 കോച്ചുള്ള ചെറിയ ട്രെയിനുകളാകും ഓടിക്കുക. ഫീഡർ സ്റ്റേഷനുകൾക്കായുള്ള ട്രാഫിക് പഠനം വൈകാതെ കെആർഡിസിഎൽ ആരംഭിക്കും. 27 ഫീഡർ സ്റ്റേഷനുകൾ വരുന്നതോടെ അടുത്തടുത്ത 2 പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) കൂടി ഉൾപ്പെടുന്ന രീതിയിലാകും വേഗ റെയിൽ പദ്ധതി നടപ്പാക്കുക. പ്രത്യേക ഇരട്ടപ്പാതയില്ലാത്തതിനാൽ തിരുവനന്തപുരം ചെങ്ങന്നൂർ ആർആർടിഎസ് പദ്ധതിക്കു നേരത്തേ റെയിൽവേ ബോർഡ് അനുമതി നിഷേധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP