Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെവിൻ വധക്കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും; വിചാരണ പൂർത്തിയാക്കിയത് മൂന്ന് മാസം കൊണ്ട്; വിധി കെവിൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന്റെ 440-ാം ദിവസം; പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

കെവിൻ വധക്കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും; വിചാരണ പൂർത്തിയാക്കിയത് മൂന്ന് മാസം കൊണ്ട്; വിധി കെവിൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന്റെ 440-ാം ദിവസം; പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം:കേരളത്തെ ഞെട്ടിച്ച കെവിൻ വധക്കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ, അച്ഛൻ ചാക്കോ ജോൺ എന്നിവരടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കോട്ടയം സെഷൻസ് കോടതിയിൽ മൂന്നു മാസം കൊണ്ടാണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. കെവിൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന്റെ 440ാം ദിവസമാണു വിധി. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽ പെടുത്തിയാണു വിചാരണ പൂർത്തിയാക്കിയതെന്ന പ്രത്യേകതയും കെവിൻ കേസിനുണ്ട്. കൊല്ലം സ്വദേശിയായ നീനുവിനെ വിവാഹം കഴിച്ചതിന്റെ പക തീർക്കാൻ നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയ കെവിൻ പി.ജോസഫിനെ തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു കേസ്. 2018 മെയ്‌ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കെവിനും നീനുവും ഇഷ്ടത്തിലാണെന്ന് അറിഞ്ഞ് നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ കെവിന്റെ അച്ഛൻ ജോസഫിനെ കാണാനെത്തിയിരുന്നു. ബന്ധത്തിൽ നിന്നു കെവിൻ പിന്മാറണമെന്നും ഇത് നടക്കില്ലെന്നും പറയാനാണ് ജോസഫിന്റെ വർക്ഷോപ്പിൽ ചാക്കോ എത്തിയത്. പിന്നീട് നീനുവിന്റെ അമ്മയുടെ സഹോദരിയും ബന്ധുവും കെവിന്റെ വീട്ടിൽ എത്തി ഇതേ കാര്യം പറഞ്ഞു. എന്നാൽ ഇരുവരും പിന്മാറാൻ തയ്യാറായില്ല.
തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. തുടർന്നു നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ മകളെ കെവിൻ തട്ടിക്കൊണ്ടുപോയതായി കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ അടുത്ത ദിവസം മാന്നാനത്തുള്ള വീട്ടിൽ നിന്നു കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുകയും നാട്ടുകാരും കെവിന്റെ പിതാവ് ജോസഫും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് പരാതി കാര്യമായി എടുത്തില്ല. ഇരുവരേയും തട്ടിക്കൊണ്ട് പോയ സംഘം അനീഷിനെ മാത്രം കോട്ടയത്തിനു പുറത്തുള്ള സ്ഥലത്ത് ഇറക്കി വിട്ടു.

കെവിനെ കാണുന്നില്ല എന്ന് പറഞ്ഞ് നീനു നേരിട്ടെത്തി പൊലീസിൽ പരാതി നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനം സംബന്ധിച്ചു തിരക്കിലാണെന്നും അതിനു ശേഷം അന്വേഷിക്കാമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷം പൊലീസെത്തി നീനുവിനെ മജിസ്‌ട്രേട്ടിനു മുൻപിൽ ഹാജരാക്കിയതിന് ശേഷം വൈകിട്ട് ആറോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. ഗാന്ധിനഗർ എസ്‌ഐ തെന്മലയിലേക്ക് പോയതിന് പിറകെ കെവിനെ തട്ടിക്കൊണ്ടുപോയ കാർ തെന്മലയിൽ കണ്ടെത്തി. പ്രതികളിലൊരാളെ പിടികൂടിയപ്പോൾ തെന്മലയ്ക്കു സമീപം പിറവന്തൂരിൽ കെവിൻ കാറിൽ നിന്നു ചാടിപ്പോയെന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്ന് നടന്ന തിരച്ചിലിലാണ് കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ നിന്നു കണ്ടെത്തുന്നത്. 14 പ്രതികളേയും അറസ്റ്റ് ചെയ്യുകയും വളരെ വേഗം തന്നെ കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിൽ കെവിൻ വധക്കേസ് വിചാരണ തുടങ്ങി. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽ പെടുത്തി വിചാരണ നടത്താനും തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് വളരെ പെട്ടെന്ന് തന്നെ വിധി പ്രഖ്യാപിക്കുന്നത്. കെവിൻ കൊലപാതകത്തെ തുടർന്ന് കനത്ത പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP