Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്പർ പ്ലേറ്റിൽ കൃത്രിമം കാട്ടിയതിനെതിരെ നടപടിയെടുക്കാതിരിക്കാൻ കൈക്കൂലി വാങ്ങിയത് പുലിവാലായി; കെവിൻ വധക്കേസിൽ മുഖ്യ പ്രതി ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയ എഎസ്‌ഐയുടെ തൊപ്പി തെറിച്ചു ; എഎസ്‌ഐ ടി എം ബിജുവിന് ഇനി കാക്കിയണിയാനാവില്ല; നടപടിയുമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ; ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവർക്കും ശിക്ഷ

നമ്പർ പ്ലേറ്റിൽ കൃത്രിമം കാട്ടിയതിനെതിരെ നടപടിയെടുക്കാതിരിക്കാൻ കൈക്കൂലി വാങ്ങിയത് പുലിവാലായി; കെവിൻ വധക്കേസിൽ മുഖ്യ പ്രതി ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയ എഎസ്‌ഐയുടെ തൊപ്പി തെറിച്ചു ; എഎസ്‌ഐ ടി എം ബിജുവിന് ഇനി കാക്കിയണിയാനാവില്ല; നടപടിയുമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ; ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവർക്കും ശിക്ഷ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിൽ പുത്തൻ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയ എഎസ്‌ഐ ടി.എം ബിജുവിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റേതാണ് നടപടി. കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സാനു ചാക്കോയുടെയും സംഘത്തിന്റെയും പക്കൽനിന്നു പട്രോളിങ് ജീപ്പിലെ എഎസ്‌ഐയായിരുന്ന ബിജു 2,000 രൂപ കൈക്കൂലി വാങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കെവിനെ തട്ടിക്കൊണ്ടു പോകാനുള്ള സഹായത്തിനു വേണ്ടിയല്ല സാനുവും സംഘവും എഎസ്‌ഐയ്ക്കു കൈക്കൂലി നൽകിയതെന്നു പൊലീസ് അന്ന് വ്യക്തമാക്കുകയുണ്ടായി. 

സാനു യാത്ര ചെയ്ത കാറിന്റെ നമ്പർ പ്ലേറ്റ് ചെളി പറ്റിയതുപോലെ മറച്ചിരുന്നു. മാത്രമല്ല സാനുവും കൂടെയുണ്ടായിരുന്ന ഇഷാനും മദ്യപിച്ചിരുന്നു. ഇഷാനായിരുന്നു വണ്ടി ഓടിച്ചിരുന്നത്. മദ്യപിച്ചു വാഹനമോടിച്ചതിനു കേസെടുക്കാതിരിക്കാനും നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച വാഹനം കസ്റ്റഡിയിൽ എടുക്കാതിരിക്കാനുമായിരുന്നു കൈക്കൂലി നൽകിയതെന്നാണ് വിവരം. എന്നാൽ സംശയകരമായ രീതിയിൽ കാറിന്റെ റജിസ്‌ട്രേഷൻ നമ്പർ മറച്ചതിന്റെ കാരണം അന്വേഷിച്ച് എഎസ്‌ഐ ഇവർക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഐജി വിജയ് സാഖറെ അഭിപ്രായപ്പെട്ടിരുന്നു. സാനുവിന്റെ വാഹനം പട്രോളിങ് സംഘം പരിശോധിക്കുന്ന അതേ സമയത്താണ് ഇവരുടെ കൂടെയുള്ള മറ്റൊരു സംഘം തൊട്ടപ്പുറത്തു വീടു തകർത്ത് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോകുന്നത്.

കൈക്കൂലി വാങ്ങിയതിന്റെ പേരിലാണ് ഇപ്പോൾ ബിജുവിനെതിരെ നടപടി. അതേ സമയം കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബിജുവിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നുമുണ്ട്. സംഭവം നടന്ന ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് എഎസ്‌ഐ ബിജുവും സിവിൽ പൊലീസ് ഓഫിസർ അജയകുമാറും സാനുവിന്റെ വാഹനം പരിശോധിച്ചത്.അൽപസമയത്തിനകം തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ചു പരാതി പട്രോളിങ് സംഘത്തിനു ലഭിച്ചു.

തങ്ങൾ നേരത്തേ പരിശോധിച്ച വാഹനത്തിലുള്ളവരാണ് തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നൽകിയതെന്ന് എഎസ്‌ഐ ബിജുവിന് അപ്പോഴാണ് മനസ്സിലായതെന്നും തുടർന്ന് എഎസ്‌ഐ ബിജു തെന്മല സ്റ്റേഷനിൽ ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറിയെന്നും വിജയ് സാഖറെ പറഞ്ഞു. സാനുവിനെയും വീട്ടിലുള്ള പിതാവ് ചാക്കോയെയും ഫോണിൽ വിളിച്ച എഎസ്‌ഐ ബിജു കെവിനെ തിരികെ എത്തിക്കാൻ പറഞ്ഞെന്നും വിജയ് സാഖറെ പറയുന്നു.  കൊല്ലപ്പെട്ട കെവിന്റെ ഭാര്യയുടെ മാതാവിന്റെ അടുത്ത ബന്ധുവാണ് വി എം മുഹമ്മദ് റഫീഖ് ഐപിഎസ് എന്നാണ് വെളിപ്പെടുത്തൽ. സംഭവം നടക്കുമ്പോൾ കോട്ടയം എസ്‌പി ആയിരുന്നു മുഹമ്മദ് റഫീഖ്. ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവറുടെ മൂന്നുവർഷത്തേക്കുള്ള ആനുകൂല്യങ്ങൾ റദ്ദാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP