Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് ആലപ്പുഴ ബീച്ചിൽ ചുംബന സമരം; തല്ലിയോടിക്കുമെന്ന് പറഞ്ഞ് ശിവസേന; മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ്

ഇന്ന് ആലപ്പുഴ ബീച്ചിൽ ചുംബന സമരം; തല്ലിയോടിക്കുമെന്ന് പറഞ്ഞ് ശിവസേന; മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ്

ആലപ്പുഴ: ഫാസിസത്തിനെതിരെ ചുംബന'മെന്ന പേരിൽ ആലപ്പുഴ ബീച്ചിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷേധ കൂട്ടായ്മ നടക്കും. ആലപ്പുഴയിലെ ചുംബന സമരത്തിന് പൊലീസിന്റെ അനുമതിയുണ്ട്. എന്നാൽ സമരത്തിന് വരുന്നവരെ അടിച്ചോടിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാർ സംഘടനകളും എതിർപ്പുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ ചുംബന സമരവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

സമര സല്ലാപം, സമരസംഗീതം, സമരപാചകം, സമരവര, സമരനൃത്തം, സമരശിൽപം, സമരാലിംഗനം, സമരചുംബനം തുടങ്ങി കൂടുതൽ ജനകീയ സമരരീതിയായിരിക്കും ആലപ്പുഴയിൽ ചുംബന സമരക്കാർ നടത്തുക. ഫെയ്‌സ് ബുക്ക് കേന്ദ്രീകരിച്ചു സംഘടിച്ച ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പാണ് ചുംബന സമരത്തിന് ആഹ്വാനം ചെയ്തത്. അതിനിടെ ആലപ്പുഴയിൽ ഇന്നു നടക്കുന്ന ചുംബന സമരത്തിനെതിരേ പ്രതിഷേധം ശക്തമാക്കാൻ ശിവസേനയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സമരത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന നിലപാടിലാണു ശിവസേന. സംസ്ഥാനത്തു വ്യാപകമാകുന്ന ചുംബന സമരത്തെ നേരിടാൻ എറണാകുളം കേന്ദ്രമാക്കി പ്രത്യേക വിഭാഗത്തെ ശിവസേന രൂപീകരിച്ചിരുന്നു. ആലപ്പുഴയിലെ സമരസ്ഥലത്ത് സംഘത്തിലെ 500 പേരെ എത്തിക്കാനാണു നീക്കം.

ഇതുകൊണ്ടാണ് പൊലീസ് മുൻകരുതൽ ശക്തമാക്കുന്നത്. കിസ് ഒഫ് ലവ് എന്ന പേരിൽ സംസ്ഥാനത്ത് മറ്റ് ഭാഗങ്ങളിൽ ചുംബന സമരങ്ങൾ നടത്തിയപ്പോൾ സമരാനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ ബീച്ചിൽ നടക്കുന്ന ചുംബനസമരത്തിനെതിരെ പ്രതിഷേധ മാർച്ചുകൾ നടത്തുമെന്ന് വിവിധസംഘടനകൾ അറിയിച്ചിട്ടുണ്ട്. പ്രതീകാത്മക സമരവും കൂട്ടായ്മയും ഇന്നുച്ചയ്ക്ക് രണ്ട് മുതൽ ആറുവരെ നടത്തുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. സംഘർഷ സാധ്യതയുള്ളതിനാൽ ഇന്നു രാവിലെ മുതൽ ബീച്ചിലേക്ക് വരുന്ന വാഹനങ്ങൾ കർശനമായി പരിശോധിച്ചശേഷമെ കടത്തിവിടുകയുള്ളൂയെന്ന് ജില്ലാ പൊലീസ് മേധാവി കെ.കെ ബാലചന്ദ്രൻ പത്രക്കുറിപ്പിൽ അറിയിച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത് സമരം ഒഴിവാക്കാനാണമെന്ന നിർദ്ദേശവും പൊലീസ് മുന്നോട്ട് വയ്ക്കും. അതിനിടെ മാവോയിസ്റ്റുകൾ ഉൾപ്പെടെ നിരോധിത സംഘടനയുടെ പ്രവർത്തകർ ചുംബന സമരത്തിൽ പങ്കെടുക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. അതുകൊണ്ട് കൂടിയാണ് നിരീക്ഷണം ശക്തമാക്കുന്നത്. അതേസമയം ആലപ്പുഴ കടപ്പുറത്ത് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ ആറുവരെ പ്രതീകാത്മക സമരവും സ്ത്രീപുരുഷ കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് സംഘാടകർ ആവർത്തിച്ചു വ്യക്തമാക്കി.

കൊച്ചിയിൽ നടന്ന സമരത്തിലെ മാവോയിസ്റ്റ് സാന്നിധ്യം പൊലീസിനെ വലച്ചിരുന്നു. സംസ്ഥാനത്ത് നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ തുടക്കവും കൊച്ചിയിലെ ചുംബന സമരമാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ആലപ്പുഴയിൽ മാവോയിസ്റ്റുകളെത്തിയാൽ പിടികൂടാൻ പൊലീസും കരുതലോടെ ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP