Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎൽഎഫ് വെളിച്ചെണ്ണക്കെതിരെ വ്യാജപ്രചാരണം നടത്തിയ ആൾ മാപ്പുപറഞ്ഞു; കമ്പനി കേസ് പിൻവലിച്ചു

കെഎൽഎഫ് വെളിച്ചെണ്ണക്കെതിരെ വ്യാജപ്രചാരണം നടത്തിയ ആൾ മാപ്പുപറഞ്ഞു; കമ്പനി കേസ് പിൻവലിച്ചു

കൊച്ചി: കെഎൽഎഫ് കൊക്കോനാട് വെളിച്ചെണ്ണക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിന് നിയമനടപടികൾ നേരിട്ട ഗൾഫ് മലയാളി നിരുപാധികം മാപ്പുപറഞ്ഞു. ഇതേത്തുടർന്ന് നിയമനടപടികൾ തുടരേണ്ടതില്ലാത്തതിനാൽ തങ്ങൾ കേസ് പിൻവലിക്കുകയാണെന്ന് കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് അറിയിച്ചു.

കെഎൽഎഫ് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്്രേടറ്റ് കണ്ടെത്തിയ എറണാകുളം ജില്ല ആലുവ ഇടയപ്പുറം ചവർക്കാട് പെരുമ്പിള്ളി അൻസാരി സി. എ. ആണ് ഇങ്ങനെ മാപ്പുപറഞ്ഞ് കരാറിലൊപ്പിട്ടത്. ഇക്കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്നും കെഎൽഎഫ് വെളിച്ചെണ്ണയിൽ മായമില്ലെന്നു ബോധ്യപ്പെട്ടെന്നും ഇതു സംബന്ധിച്ച സത്യമറിയാതെ വ്യാജപ്രചാരണം നടത്തിയതിൽ ഖേദിക്കുന്നുവെന്നുമുള്ള പ്രസ്താവന തന്റെ ഫേസ്‌ബുക്കിൽ പേജിൽ ആറു മാസക്കാലം പ്രദർശിപ്പിക്കാമെന്നാണ് കരാർ. ഇതിനു പുറമെ തന്റെ ശബ്ദത്തിൽ റെക്കോഡ് ചെയ്ത സന്ദേശം തന്റെ വാട്സപ്പ് കോൺടാക്റ്റിലുള്ള എല്ലാവർക്കും കെഎൽഎഫ് അധികൃതർക്കും അയക്കാമെന്നു സമ്മതിക്കുകയും അപ്രകാരം ചെയ്യുകയുമുണ്ടായി. കൂടാതെ കെഎൽഎഫ് വെളിച്ചെണ്ണയുടെ രണ്ട് സാമ്പിളുകൾ ഒമാൻ തലസ്ഥാനമായ മസ്‌കറ്റ് മുനിസിപ്പാലിറ്റിയിൽ പരിശോധനയ്ക്കു നൽകി മായം ചേർന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടുവെന്നും ഈ ഓഡിയോ ഫയലിൽ പറയുന്നുണ്ട്.

ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങൾക്ക് കർശനമായ പരിശോധനകൾ നിലവിലുള്ള ഒമാനിൽ നിന്നു വാങ്ങിയ കെഎൽഎഫ് വെളിച്ചെണ്ണയിൽ പാരഫിൻ വാക്സ് കലർന്നിട്ടുണ്ടെന്ന വ്യാജവിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്. ഫാറ്റി ആസിഡുകളുടെ തന്മാത്രകളാണ് വെളിച്ചെണ്ണയുടെ ഉള്ളടക്കം. താപനില 25 ഡിഗ്രി സെൽഷ്യസിൽ നിന്ന് താഴേയ്ക്കു പോകുമ്പോൾ ഈ ഫാറ്റി ആസിഡുകൾ കട്ട പിടിക്കാൻ തുടങ്ങുന്നു. പിന്നീട് ഇവ ചെറിയ ഗോളരൂപങ്ങളായി (ഗ്രാന്യൂൾസ്) താഴേയ്ക്കടിയുന്നു. ഇങ്ങനെ രൂപപ്പെട്ട ഖരവസ്തുവിനെയാണ് പാരഫിൻ വാക്സ് എന്നു വിശേഷിപ്പിച്ച് വ്യാജപ്രചാരണം നടത്തിയതെന്ന് കഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ പോൾ ഫ്രാൻസിസ് പറഞ്ഞു. ശുദ്ധമായ വെളിച്ചെണ്ണ നിർമ്മാതാക്കളെന്നു പേരു കേട്ട കെഎൽഎഫിന്റെ വിൽപ്പനയിൽ ഇക്കാരണത്താൽ ഗണ്യമായ ഇടിവുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി നിയമനടപടികൾ സ്വീകരിച്ചത്.

കേരോൽപ്പന്ന മേഖലയിൽ 75-ലേറെ വർഷത്തെ പാരമ്പര്യമുള്ളവരും അക്കാരണത്താൽത്തന്നെ ഉത്തരവാദിത്തത്തോടെ ബിസിനസ് ചെയ്തു വരുന്നവരുമാണ് തങ്ങളെന്നും പോൾ ഫ്രാൻസിസ് പറഞ്ഞു. സോഷ്യൽ മീഡിയയുടെ പിൻബലത്തിൽ തികച്ചും വാസ്തവ വിരുദ്ധമായ സംഗതികൾ പ്രചരിപ്പിക്കുന്നവർക്ക് ഇതൊരു പാഠമാകണമെന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP