Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തുവയസുകാരനെ 17 തവണ കുത്തി ക്രൂരമായി കൊലപ്പെടുത്തിയത് പിതാവിനോടുള്ള അടങ്ങാത്ത പക കാരണമോ? മയക്കുമരുന്നിന് അടിമയായ പ്രതിക്ക് മനോരോഗിയെന്ന് ആനുകൂല്യം നൽകരുതെന്ന് നാട്ടുകാർ; റിസ്റ്റിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

പത്തുവയസുകാരനെ 17 തവണ കുത്തി ക്രൂരമായി കൊലപ്പെടുത്തിയത് പിതാവിനോടുള്ള അടങ്ങാത്ത പക കാരണമോ? മയക്കുമരുന്നിന് അടിമയായ പ്രതിക്ക് മനോരോഗിയെന്ന് ആനുകൂല്യം നൽകരുതെന്ന് നാട്ടുകാർ; റിസ്റ്റിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയെ നടുക്കിയ പത്തുവയസ്സുകാരനെ 17 തവണ കുത്തിക്കൊലപ്പെടുത്തിയ ലഹരിക്ക് അടിമയായ അജിയോട് യാതൊരു ദാക്ഷിണ്യവും അരുതെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ നാട്ടുകാരും ബന്ധുക്കളും. അജിക്ക് മാനസിക രോഗം അല്ലെന്നും ലഹരിക്ക് അടിമയായി ചെയ്തതാണെന്നുമാണ് നാട്ടുകാർ പറയുന്നത്. അതിനിടെ റിസ്റ്റിയുടെ പിതാവിനോടുണ്ടായ മുൻവൈരാഗ്യമാണ് അജിയെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന വാദവും ഉയരുന്നുണ്ട്. കുട്ടിയുടെ പിതാവു ജോണിനോടു പ്രതി അജി ദേവസ്യക്കു തോന്നിയ വൈരാഗ്യമെന്ന് അനുമാനനും പൊലീസ് തള്ളിക്കഞ്ഞിട്ടില്ല. പൊലീസിന്റെ ചോദ്യം ചെയ്യലിൽ അജി തന്നെയാണു ഇതു സംബന്ധിച്ച സൂചന നൽകിയത്. എന്നാൽ, അജിയുടെ മൊഴി എത്രകണ്ട് വിശ്വസിക്കാൻ സാധിക്കുമെന്ന ചോദ്യമാണ് പൊലീസിനെ അലട്ടുന്നത്.

അജി മാനസിക വിഭ്രാന്തി കാരണമാണു കൊല നടത്തിയതെന്ന വാദം മുഖവിലക്കെടുക്കരുതെന്നാണ് പുല്ലേപ്പടി റസിഡന്റ്‌സ് അസോസിയേഷൻ വ്യക്തമാക്കിയത്. കൊലപാതകത്തിനു ലഹരിയുടെ ഉപയോഗം കാരണമായേക്കാമെങ്കിലും പ്രതിയെ മനോവൈകല്യമുള്ളയാളായി ചിത്രീകരിച്ചു നിയമത്തിന്റെ ആനുകൂല്യം നൽകുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നാണു അസോസിയേഷന്റെ നിലപാട്. ലഹരിക്ക് അജി എപ്പോവനും റിസ്റ്റിയുടെ പിതാവ് ജോണിനോട് പണം ചോദിച്ചിരുന്നു. ഓട്ടോറിക്ഷ തൊഴിലാളിയായ ജോണിന് അജി ആവശ്യപ്പെടുന്ന പണം നൽകാൻ കഴിയാറില്ല. അതുകൊണ്ട് പലതവണ ജോണുമായി അജി വഴക്കിട്ടിരുന്നു. ഇത് വൈരാഗ്യമായി വളരുകയായിരുന്നു എന്നതാണ് പൊലീസ് നിഗമനം.

ജോണിനെ ആക്രമിക്കാനുള്ള ആരോഗ്യമില്ലാത്ത അജി, പകതീർക്കാൻ മകൻ റിസ്റ്റിയെ ഇരയാക്കുകയായിരുന്നെന്നു സമീപവാസികൾ പൊലീസിനു മൊഴി നൽകി. കുട്ടിയുടെ പിതാവു ജോണിനോടുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പ്രതിയും അന്വേഷണ സംഘത്തോടു പറഞ്ഞു. തന്നെ ഉപദ്രവിക്കാൻ ജോൺ പലരേയും പറഞ്ഞു വിട്ടതാണു വൈരാഗ്യത്തിനു കാരണമെന്നും അജി പൊലീസിനോടു പറഞ്ഞിട്ടുണ്ട്. എന്നാൽ, അങ്ങനെ സംഭവമുണ്ടായിട്ടില്ലെന്നാണഅ നാട്ടുകാരും പറയുന്നത്.

അജി പ്രതി ഇപ്പോൾ റിമാൻഡിലാണ്. കൊലപാതകത്തിന് ഒന്നിലധികം ദൃക്‌സാക്ഷികളുണ്ട്. കൊലയാളി ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തിൽ കൂടുതൽ തെളിവെടുപ്പിന്റെ ആവശ്യമില്ലെന്നാണു പൊലീസിന്റെ നിലപാട്. എറണാകുളം സെൻട്രൽ സിഐ വിജയകുമാറിനാണ് അന്വേഷണ ചുമതല.

അതിനിടെ കൊല്ലപ്പെട്ട റിസ്റ്റിക്ക് ഇന്നലെ നാട് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നാടിന്റെ നാനാതുറയിൽ നിന്നുള്ളവരുണ്ടായിരുന്നു. രാവിലെ ഒൻപത് മുതൽ പള്ളിയുടെ പരിസരത്ത് ആളുകൾ നിറഞ്ഞിരുന്നു. റിസ്റ്റിയുടെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് എത്തിയപ്പോൾ വലിയ തിരക്ക് അനുഭവപ്പെട്ടു. ശനിയാഴ്ച ഇതേ ദേവാലയത്തിൽ ആദ്യ കുർബാന സ്വീകരിക്കേണ്ടിയിരുന്നു റിസ്റ്റി.

ആദ്യകുർബാനയുടെ ഒരുക്കക്ലാസിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ ഓരോരുത്തരായി വന്നു പനിനീർപൂക്കൾ അർപ്പിച്ചു. കഴിഞ്ഞ ദിവസം വരെ തങ്ങൾക്കൊപ്പം ചിരിക്കുകയും കളിക്കുകയും ചെയ്ത കൂട്ടുകാരന്റെ ജീവനറ്റ മുഖം കണ്ടു പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളുമുൾപ്പെടെ നൂറു കണക്കിനാളുകൾ റിസ്റ്റിയെ അവസാനമായി ഒരു നോക്കു കാണാനെത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നടൻ മമ്മൂട്ടി, തിരക്കഥാകൃത്ത് ജോൺപോൾ, ഹൈബി ഈഡൻ എംഎൽഎ, നിർമ്മാതാവ് ആന്റോ ജോസഫ്, എൽഡിഎഫ് സ്ഥാനാർത്ഥി എം.അനിൽകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.കെ.മോഹൻദാസ് തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.

പൊതുദർശനത്തിനു ശേഷം മൃതദേഹം പതിനൊന്നു മണിയോടെ സെമിത്തേരിമുക്ക് സെമിത്തേരിയിൽ സംസ്‌കരിച്ചു. എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് സംസ്‌കാര ശുശ്രൂഷയ്ക്കു നേതൃത്വം നൽകി. പുല്ലേപ്പടി സി.പി.ഉമ്മർ റോഡ് ചെറുകരയത്ത് ലെയ്‌നിൽ ചൊവ്വാഴ്ച രാവിലെ ഏഴോടെയാണു റിസ്റ്റി ആക്രമിക്കപ്പെട്ടത്. കടയിൽ പോയി മടങ്ങുകയായിരുന്ന കുട്ടിയെ ലഹരിക്കടിമയായ പൊന്നാശേരി അജി ദേവസ്യ (40) വട്ടം പിടിച്ചു കഴുത്തിൽ മൂർച്ചയുള്ള കത്തി കൊണ്ടു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP